ലോകശാസ്‌ത്രജ്‌ഞ പട്ടികയിൽ വീണ്ടും ഡോ. ശ്രീരാജ് ഗോപി

തൃശൂർ
ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി അഞ്ചാംതവണയും ഇടംനേടി മലയാളി ശാസ്‌ത്രജ്‌ഞൻ. അമേരിക്കയിലെ സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയാണ് ആഗോളത്തലത്തിൽ വ്യത്യസ്ത ശാസ്ത്രമേഖലയിലെ ഏറ്റവും മികച്ച ശാസ്‌ത്രജ്‌ഞരെ ഉൾക്കൊള്ളിച്ച് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. മെഡിക്കൽ ആൻഡ് ബയോ മോളികുലാർ കെമിസ്ട്രിയിലാണ് ഡോ. ശ്രീരാജിന് സ്ഥാനം. നാനോ ടെക്‌നോളജിയിലെ ലിപ്പോ സോം സാങ്കേതികവിദ്യയിൽ ശ്രീരാജിന്റെ ഗവേഷണം ലോകപ്രശസ്‌തമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിപോസോമൽ ഗവേഷണ കേന്ദ്രം ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കിൻഫ്ര കൊരട്ടി ഇൻഡസ്ട്രിയൽ പാർക്കിലെ മോളിക്യൂൾസ് ബയോ ലാബ്‌സാണ്. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, യൂറോപ്യൻ, ഗൾഫ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഡോ. ശ്രീരാജിന് ഓർഗാനിക് കെമിസ്‌ട്രിയിൽ പിഎച്ച്‌ഡിയുണ്ട്. പോളണ്ടിൽ ഗ്‌ഡാൻസ്‌ക് യൂണിവേഴ്‌സിറ്റിയിൽനിന്ന് നാനോ ട്രെക്‌നോളജിയിലും ഓസ്‌ട്രേലിയയിൽനിന്നും ഡീകെൻ യൂണിവേഴ്സിറ്റി നാനോ ഡ്രഗ് ഡെലിവറിയിലും പിഎച്ച്‌ഡി നേടി. ഈ യുവ പ്രതിഭയ്‌ക്ക് ചൈനയിലെ ഷാങ്കായ് യൂണിവേഴ്സിറ്റിയിൽനിന്ന് ഒരു കോടിയുടെ ഫെലോഷിപ് ലഭിച്ചിരുന്നു. ആറോളം വിദേശ സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറുമാണ്. ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നനാട് കണക്കാപ്പറമ്പിൽ കെ എൻ ഗോവിന്ദൻകുട്ടിയാണ് അച്ചൻ. അമ്മ. പത്മജ. ഭാര്യ അഖില ആയുർവേദ ഡോക്ടറും എഴുത്തുകാരിയുമാണ്. ശ്രീപത്മ, ശ്രീഹരി എന്നിവർ മക്കളാണ്.









0 comments