ആമ്പല്ലൂർ കടക്കാൻ മണിക്കൂറുകൾ

ചൊവ്വാഴ്ച ആമ്പല്ലൂർ ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക്
ആമ്പല്ലൂർ
അടിപ്പാത നിർമാണം നടക്കുന്ന ആമ്പല്ലൂർ ദേശീയപാത ജങ്‌ഷൻ മറികടക്കാൻ വാഹനങ്ങൾ കാത്തുകിടക്കുന്നത് മണിക്കൂറുകൾ. കഴിഞ്ഞവർഷം സെപ്‌തംബർ 24ന് അടിപ്പാത നിർമാണം തുടങ്ങിയത് മുതൽ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. അടിപ്പാതയുടെ ഇരുവശത്തുമായി സർവീസ് റോഡിനോട് ചേർന്ന് പ്രധാനപാതയുടെ നിർമാണത്തിന് അസ്തിവാരം കോരിയതുമുതൽ തുടങ്ങിയതാണ് ഗതാഗതക്കുരുക്ക്. മൂന്നുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ സർവീസ് റോഡിലെ ഒറ്റവരിപ്പാതയിലേക്ക് പ്രവേശിക്കുന്നിടത്ത് ഗതാഗതക്കുരുക്ക് ആരംഭിക്കും. തൃശൂർ ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും കുരുക്കിന് ഏറ്റക്കുറച്ചിലില്ല. സർവീസ് റോഡിന്റെ ഓരം കുത്തിപ്പൊളിച്ച് ഡ്രമ്മുകൾ നിരത്തിയതോടെ ഒറ്റവരിയായി മാത്രമാണ് വാഹനങ്ങൾക്ക് സഞ്ചരിക്കാനാവുന്നത്. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളുടെ നിര പലപ്പോഴും പുതുക്കാട് വരെയും ചാലക്കുടി ഭാഗത്തേക്കുള്ള വാഹനങ്ങളുടെ നിര മണലി പാലം കടന്നും നീളാറുണ്ട്. വാഹനങ്ങൾ ആമ്പല്ലൂർ കടക്കാൻ അരമണിക്കൂറിലേറെയാണ് സമയമെടുക്കുന്നത്. ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകളും ഗതാഗതക്കുരുക്കിൽപ്പെടുന്നു. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും പലപ്പോഴും വഴിമാറി സർവീസ് നടത്തുകയാണ്.









0 comments