സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൗരസമൂഹത്തിന്: മന്ത്രി ആര്‍ ബിന്ദു

തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരേഡ് മന്ത്രി ആർ ബിന്ദു പരിശോധിക്കുന്നു
തൃശൂര്‍
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സ്വാതന്ത്ര്യ ദിനം ജില്ലാതല ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിലെ ഒറ്റപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും കൊണ്ടുവരാന്‍ വിട്ടു വീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. അടിച്ചമര്‍ത്തലും പീഡനങ്ങളും അനുഭവിക്കുന്നവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യം ഗാന്ധിയും നെഹ്റുവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഏറ്റെടുത്തതാണ്. രാജ്യത്തെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പിന്തള്ളി രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ള ഭാവി തലമുറയിലേക്ക് സ്വതന്ത്ര ഭാരതത്തിന്റെ പതാക ഏല്‍പ്പിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കമീഷണർ ആര്‍ ഇളങ്കോ, റൂറല്‍ എസ്‌പി ബി കൃഷ്ണകുമാര്‍, സബ് കലക്ടര്‍ അഖില്‍ വി മേനോന്‍, ഡിഎഫ്ഒ അഭയ് യാദവ്, അസി. കലക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് എന്നിവര്‍ പങ്കെടുത്തു. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എസ്‌പിസി, എന്‍സിസി ഉള്‍പ്പെടെ 26 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി അജയകുമാര്‍ പരേഡ് നയിച്ചു. ഡിഎച്ച്ക്യു ക്യാമ്പിലെ എസ്‌ഐ എം പി വിനയചന്ദ്രനായിരുന്നു സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്. മികച്ച പ്രകടനം കാഴ്ചവച്ച പ്ലറ്റൂണുകള്‍ക്ക് മന്ത്രി പുരസ്കാരം സമ്മാനിച്ചു. സായുധസേനാ പതാക നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുള്ള റോളിങ് ട്രോഫി പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിനും തൃശൂര്‍ സെവന്‍ത് കേരള ബറ്റാലിയന്‍ എന്‍സിസി ഗേള്‍സ് യൂണിറ്റിനും മന്ത്രി സമ്മാനിച്ചു. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരുന്നു സ്വാതന്ത്ര്യദിനാഘോഷം.









0 comments