ad
Deshabhimani

കോർപറേഷൻ സ്‌റ്റേഡിയത്തിൽ കാൽപ്പന്താരവം

തൃശൂർ മാജിക് എഫ്‌സി– മലപ്പുറം മത്സരം 12ന്‌

നവീകരണ പ്രവർത്തനം പുരോഗമിക്കുന്ന  കോർപറേഷൻ സ്റ്റേഡിയം
വെബ് ഡെസ്ക്

Published on Nov 06, 2025, 12:34 AM | 2 min read

തൃശൂർ

തൃശൂരിന്റെ കാൽപ്പന്ത്‌ പെരുമയ്‌ക്ക്‌ ക‍‍ൂടുതൽ കരുത്ത്‌ പകർന്ന്‌ തൃശൂർ മാജിക്‌ എഫ്‌സിയുടെ ആദ്യ ഹോം മാച്ച്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ 12ന്‌ നടക്കും. രാത്രി 7.30ന്‌ മലപ്പുറം എഫ്‌സിയുമായാണ്‌ പേരാട്ടം. നിരവധി ഫുട്ബോൾ താരങ്ങളെ നാടിന്‌ സംഭാവന ചെയ്ത കോർപറേഷൻ സ്‌റ്റേഡിയം ഇതോടെ നീണ്ട ഇടവേളയ്ക്ക്‌ ശേഷം വീണ്ടും അന്തർദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾക്ക്‌ വേദിയാകുകയാണ്‌. ഐഎസ്‌എൽ കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയുള്ള സൂപ്പർ ലീഗ് കേരളയിലെ ടീമായ മാജിക്‌ എഫ്‌സിയുടെ ഹോം ഗ്ര‍ൗണ്ടായി കോർപറേഷൻ സ്‌റ്റേഡിയത്തെ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ കോർപറേഷനും സൂപ്പർ ലീഗ്‌ കേരളയുടെ നടത്തിപ്പുകാരായ യുണൈറ്റഡ്‌ ഫുട്‌ബോൾ സ്‌പോർട്‌സ്‌ ഡെവലപ്‌മെന്റുമായി ധാരണയായി. ശോചനീയവസ്ഥയിലായിരുന്ന കോർപറേഷൻ സ്‌റ്റേഡിയം അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ സൂപ്പർ ലീഗ്‌ കേരള സ‍ൗജന്യമായാണ്‌ നിർവഹിച്ചത്‌. നിലവിലെ ടർഫ്‌ മാറ്റി പൂർണമായും പുനർനിർമിച്ചു. ഗോൾ പോസ്റ്റുകൾ അന്താരാഷ്‌ട്ര മത്സരങ്ങൾക്ക്‌ ഉപയോഗിക്കുന്നവയാക്കുകയും ഉയർന്ന ശേഷിയുള്ള എൽഇഡി ഫ്ലഡ്‌ലിറ്റ്‌ സ്ഥാപിക്കുകയും ചെയ്‌തു. ഡ്രസിങ്‌ റൂം, റഫറി ക്യാബിനുകൾ തുടങ്ങിയ അടിസ്ഥാന സ‍ൗകര്യങ്ങളും കാണികളുടെ സുരക്ഷ ഉറപ്പാക്കി മികച്ച ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്‌. പവലിയനിലെ മുറികൾ, ബാത്ത്‌ റൂം തുടങ്ങിയവയും നവീകരിച്ചു. സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ അഞ്ച്‌ വർഷത്തേക്ക്‌ സൂപ്പർ ലീഗ്‌ കേരള നിർവഹിക്കും. മാജിക്ക്‌ എഫ്‌സിയുടെ ഹോം മത്സരങ്ങൾ, പരിശീലനം, ജില്ലാ ഫുട്‌ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട പ്രധാനമത്സരങ്ങൾ എന്നിവയ്‌ക്ക്‌ സ്‌റ്റേഡിയം സ‍ൗജന്യമായി നൽകും. സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം കോർപറേഷനാണ്‌. അത്‌ലറ്റിക്‌സ്‌ ട്രാക്ക്‌ അതുപോലെ നിലനിർത്തിയാണ്‌ നിർമാണം നടത്തിയത്‌. കേന്ദ്ര സർക്കാരിന്റെ ഖേലോ ഇന്ത്യയിൽ ഉൾപ്പെടുത്തി ട്രാക്ക്‌ നിർമാണത്തിന്‌ കോർപറേഷൻ പദ്ധതി സമർപിച്ചിട്ടുണ്ട്‌. ഇതിന്‌ അംഗീകാരമാകുമ്പോൾ ആവശ്യമെങ്കിൽ ടർഫിന്റെ പ്രവർത്തനം നിർത്തിവയ്ക്കും. പശ്ചാത്തല സൗകര്യമില്ലാത്തതിനാൽ ദേശീയ ടൂർണമെന്റുകൾ നടത്താൻ കഴിയാതെയിരുന്ന സാഹചര്യത്തിന്‌ നവീകരണത്തോടെ അവസാനമാകും. സന്തോഷ്‌ ട്രോഫിയടക്കമുള്ള മത്സരങ്ങൾ തൃശൂരിലേക്ക്‌ എത്തിക്കാനുള്ള ശ്രമങ്ങൾക്കും മുടങ്ങിയ ചാക്കോളാസ്‌ ട്രോഫിയടക്കമുള്ള മത്സരങ്ങൾ പുനരാരംഭിക്കാനുള്ള പദ്ധതികൾക്കും സ്‌റ്റേഡിയം നവീകരണം ഗുണം ചെയ്യും. ഹോം ജഴ്സി 
ലോഞ്ച്‌ 9ന്‌ തൃശൂർ തൃശൂർ മാജിക്ക്‌ എഫ്‌സിയുടെ ഹോം ജഴ്‌സിയുടെ ലോഞ്ച്‌ ഞായറാഴ്‌ച ലാലൂർ ഐ എം വിജയൻ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന്‌ മാജിക്ക്‌ എഫ്‌സി സ്‌പോർട്ടിങ്‌ ഡയറക്ടർ സുശാന്ത്‌ മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം മാജിക് എഫ്സിക്ക് തൃശൂരിൽ ഗ്രൗണ്ട് ഇല്ലാതെയിരുന്നതിനാൽ മലപ്പുറം പയ്യനാട്‌ സ്‌റ്റേഡിയമാണ്‌ ഉപയോഗിച്ചത്‌. തൃശൂരിൽ ദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾ നടത്താൻ സൗകര്യമുള്ള ഗ്രൗണ്ട് ഇല്ലാത്തതിനാലാണ് ഇത്തരം സാഹചര്യമുണ്ടായത്‌. എന്നാൽ കോർപറേഷൻ സ്‌റ്റേഡിയം നവീകരിച്ചതോടെ ആ സാഹചര്യം മാറി. കോർപറേഷൻ സ്റ്റേഡിയം ഹോം ഗ്ര‍ൗണ്ടാക്കാൻ ആവശ്യമായ സജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ‍ൗ വർഷവും ഗ്ര‍ൗണ്ട്‌ ലഭിച്ചില്ലെങ്കിൽ തൃശൂരിന്‌ ടീം തന്നെ നഷ്ടമാകുമെന്ന സാഹചര്യത്തിലാണ്‌ ഇടപെടൽ നടത്തിയതെന്ന്‌ ജില്ലാ സ്‌പോർട്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ സി സുമേഷ്‌ പറഞ്ഞു. എട്ട്‌ ട്രാക്കുകളോട്‌ കൂടിയ‍, ത്രോ, ജന്പ്‌ ഇനങ്ങൾക്കെല്ലാം ഇടമുള്ള അന്താരാഷ്ട്ര നിലവാരത്തിലുളള അത്‌ലെറ്റിക്‌സ്‌ സ്‌റ്റേഡിയം തൃശൂരിൽ ഒരുക്കുമെന്നും സുമേഷ്‌ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തൃശൂർ മാജിക്‌ എഫ്‌സി മുഖ്യപരിശീലകൻ ആൻഡ്രി ചെർണിഷോവ്, സഹപരിശീലകൻ ജോപോൾ അഞ്ചേരി, ക്യാപ്‌റ്റൻ മെയില്‍സണ്‍ ആല്‍വസ്‌, ഹെഡ്‌ ഓഫ്‌ ഓപ്പറേഷൻസ്‌ ആന്റണി, ഉടമ ജസ്റ്റിൻ സ്റ്റീഫൻ, ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി കുരിയൻ മാത്യു എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home