ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കുന്നു
മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ

പിടിച്ചെടുത്ത കിളിമീൻ കുഞ്ഞുങ്ങൾ (ഫയൽ ചിത്രം)
പി വി ബിമൽകുമാർ
Published on Oct 08, 2025, 12:30 AM | 1 min read
കൊടുങ്ങല്ലൂർ
കടലിൽനിന്ന് ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. നല്ലൊരു വിഭാഗം മത്സ്യത്തൊഴിലാളികളും കുഞ്ഞുമീനുകളെ പിടിക്കുന്നതിനെതിരാണ്. എന്നിട്ടും വിപണിയിൽ ചെറുമത്സ്യങ്ങൾ എത്തുന്നതിൽ കുറവില്ല. ഇപ്പോൾ മത്തിക്കുഞ്ഞുങ്ങളാണ് കൂടുതലായി എത്തുന്നത്. കഴിഞ്ഞദിവസം അഴീക്കോട് ഫിഷ് ലാൻഡിങ് സെന്ററിൽനിന്ന് 10 സെന്റീമീറ്ററിന് താഴെവലിപ്പമുള്ള 2000 കിലോ കുഞ്ഞൻ മത്തിയുമായി എത്തിയ വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയിരുന്നു. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലുപ്പത്തിന് താഴെ പിടിക്കുന്നത് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമായിട്ടും യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുഞ്ഞൻ മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്നത്. അയലക്കുഞ്ഞുങ്ങളുമായി എത്തിയ വള്ളം രണ്ടാഴ്‌ച മുന്പ് ഫിഷറീസ് മറെറൻ എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയിരുന്നു. 14 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 500 കിലോ അയലക്കുഞ്ഞുങ്ങളായിരുന്നു ഇൗ വള്ളത്തിൽ ഉണ്ടായിരുന്നത്. ഇതുകൂടാതെ നിരോധിത വല ഉപയോഗിച്ച് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ട്രോളർ ബോട്ട് രണ്ടുമാസം മുന്പ് ഫിഷറീസ് -മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും കോസ്റ്റൽ പൊലീസും ചേർന്ന് പിടികൂടി പിഴ ചുമത്തി. 4000 കിലോ കിളിമീനും ഉലുവാച്ചി മത്സ്യവുമാണ് പിടിച്ചത്. കർണാകടയിലെ സൗന്ദര്യവർധകവസ്തുക്കൾ നിർമിക്കുന്ന കമ്പനികളിലേക്കും ടൂത്ത് പേസ്റ്റ് നിർമാണ ശാലകളിലേക്കും മുനന്പം ഹാർബറിൽ നിന്നും കുഞ്ഞൻ മത്സ്യങ്ങളെ വ്യാപകമായ തോതിൽ കയറ്റി പോകുന്നുണ്ട്. ഇതിനായി മുനമ്പം ഹാർബറിൽ നിരവധി കമീഷൻ എജന്റുമാരാണ് പ്രവർത്തിക്കുന്നത്. കാലാസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിൽ കാണാതായ മത്തി വീണ്ടും കണ്ടുവരുന്നതിനിടയിലാണ് മത്തിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടുന്നത്. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിലാണ്. ചെറുമത്സ്യങ്ങളെ പിടികൂടി തങ്ങളുടെ ജീവിതം തകർക്കുന്നവർക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.









0 comments