വർഗബഹുജനസംഘടനകൾ പോഷക സംഘടനകളല്ല
അറിയാതെ എഴുതല്ലേ മാതൃഭൂമി

തൃശൂർ
സിപിഐ എമ്മിനെതിരെ വീണ്ടും പൊയ്‌വെടി പൊട്ടിച്ച് മാതൃഭൂമി. വർഗബഹുജന സംഘടനകളെ സിപിഐ എമ്മിന് നിയന്ത്രിക്കാനാവുന്നില്ല എന്നാണ് മാതൃഭൂമിയുടെ കണ്ടെത്തൽ. വർഗബഹുജന സംഘടനകൾ പോഷകസംഘടനകളല്ല, സ്വതന്ത്ര വ്യക്തിത്വമുള്ള പ്രസ്ഥാനങ്ങളാണ് എന്ന വസ്‌തുത മറച്ചുവച്ചാണ് കഥാരചന. ഡിവൈഎഫ്ഐ, കർഷകസംഘം തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സിപിഐ എമ്മിന് നിയന്ത്രണമില്ല എന്നാണ് കണ്ടെത്തൽ. ഓരോസംഘടനയും നയിക്കുന്നത് ആ സംഘടനകളുടെ കമ്മിറ്റികളാണ്. അവയെ നിയന്ത്രിക്കേണ്ടത് സിപിഐ എമ്മല്ല. വർഗബഹുജന സംഘടനകളുടെ പ്രവർത്തനം സംബന്ധിച്ച് ക്രിയാത്മകമായ സംഘടനാ രീതികളുണ്ട്. ഡിവൈഎഫ്‌ഐയെ ആക്ഷേപിക്കാൻ കഥമെനയുന്ന ലേഖകൻ, ആ സംഘടന യുവജനങ്ങൾക്കും സമൂഹത്തിനാകെയും ഗുണകരമായ നിരവധി പ്രവർത്തനങ്ങൾ നടത്തിയത് കണ്ടമട്ടില്ല. വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് പാഴ്‌വസ്തുക്കൾ ശേഖരിച്ചും വിവിധ ചലഞ്ചുകൾ നടത്തിയും രണ്ടുകോടി രൂപയാണ് ജില്ലയിൽ നിന്ന് മാത്രം സ്വരൂപിച്ചുനൽകിയത്. വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിൽ യൂത്ത് കോൺഗ്രസിന്റെ സംഭാവനയെന്ത് എന്ന് പറയാൻ മാതൃഭൂമി തയ്യാറുണ്ടോ. വർഷങ്ങളായി തൃശൂർ മെഡിക്കൽ കോളേജിൽ ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ ഒരു ദിവസം പോലും മുടങ്ങാതെ വിതരണം ചെയ്യുന്ന സംഘടനയെയാണ് മാതൃഭൂമി അവഹേളിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണം പൂർത്തിയാക്കാനുള്ള പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് ജില്ലയിലെമ്പാടും നൂറുകണക്കിന് കാർഷിക വിപണന കേന്ദ്രങ്ങൾ കർഷകസംഘം ഒരുക്കിയ കാര്യം ഒരിക്കൽപോലും പത്രത്തിൽ പരാമർശിക്കാൻ മാതൃഭൂമി തയ്യാറായിട്ടില്ല. ജില്ലയിൽ ബിജെപി നേതൃത്വത്തിൽ ആരംഭിച്ച മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്കുകൾ തകർന്നതിന്റെ കണക്കുകൾ കാണാൻ ഒരിക്കലും മാതൃഭൂമി കൂട്ടാക്കിയിട്ടില്ല. 1000 കോടി രൂപയിലേറെയാണ് ഗുരുവായൂരിലെ ഉൾപ്പെടെയുള്ള മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്കുകൾ തട്ടിയെടുത്തത്. കുന്നംകുളത്തും ഇരിങ്ങാലക്കുടയിലും ശാഖയുള്ള മറ്റൊരു മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കും വൻ തട്ടിപ്പാണ് നടത്തിയത്. സിപിഐ എം നേതാക്കളെ അപകീർത്തിപ്പെടുത്താൻ ബിജെപിയുടെയും കോൺഗ്രസിന്റെയും അഴിമതിക്കാരായ നേതാക്കളുടെ പ്രസ്താവനകൾ വൻ പ്രാധാന്യത്തോടെ നൽകുന്ന മാതൃഭൂമി ബിജെപി വനിതാ നേതാവ് കാൽ കോടി രൂപ കൈക്കൂലി ആവശ്യപ്പെടുന്ന വോയ്സ് ക്ലിപ്പ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടപ്പോൾ അറിഞ്ഞതായി നടിച്ചില്ല. ഹവാല കേസും കൊടുങ്ങല്ലൂർ കള്ളനോട്ട് കേസും മൂടിവച്ചതും നാട്ടിൽ പാട്ടാണ്. സിപിഐ എമ്മിനെ സംബന്ധിച്ചാകുമ്പോൾ മാധ്യമധർമമോ ജനാധിപത്യ മര്യാദയോ പാലിക്കേണ്ടതില്ല എന്നാണ് മാതൃഭൂമി നിലപാട്.









0 comments