സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ
ദുരന്തഭൂമിയായി തൃശൂർ – കുറ്റിപ്പുറം പാത

വ്യാഴാഴ്ച രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബസ്സപകടം നടന്ന സ്ഥലം എ സി മൊയ്തീൻ എംഎൽഎ സന്ദർശിക്കുന്നു
കുന്നംകുളം
കോഴിക്കോട് – തൃശൂർ റൂട്ടിലെ സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ അമിതവേഗം മരണക്കെണിയാകുന്നു. ഇവരുടെ അമിതവേഗതയിൽ വ്യാഴാഴ്ച പൊലിഞ്ഞത് രണ്ടു ജീവനുകൾ. സ്വകാര്യ ബസ് നാല് വാഹനങ്ങളിലിടിച്ചാണ് രണ്ടുപേർ മരിച്ചത്. ആഴ്ചകൾക്ക് മുന്പ് പാറേമ്പാടത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഇതേ റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് 120 കിലോമീറ്ററിലേറെ വേഗതയിലോടി കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട് അപകടം സൃഷ്ടിച്ചത്. ചെറിയ വാഹനങ്ങളെ ഗൗനിക്കാതെയാണ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഇതുവഴി സർവീസ് നടത്തുന്നത്. കുറ്റിപ്പുറം–തൃശൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ അതിഭീകരമായ മത്സരയോട്ടമാണ് നടക്കുന്നത്. മറ്റു ബസുകൾ സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന സമയം വിളിച്ചറിയിക്കാൻ ആളുകളെ ചുമതലപ്പെടുത്തുന്ന രീതിയുണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബസുകൾ സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്നതെങ്കിൽ ഇൗ ബസുകളെ മറികടക്കാൻ അമിത വേഗതയിൽ ഓടുന്നത് പതിവാണ്. വേഗപ്പൂട്ട് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ബസുകൾ നിരത്തിലിറങ്ങുന്നത്. എല്ലാ നിയന്ത്രണങ്ങളും അവഗണിച്ച് ബസ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഡ്രൈവർമാർക്ക് 3000 രൂപ വരെ ദിവസ വേതനമായി നൽകുന്നുണ്ട്. ഇതും മത്സരയോട്ടത്തിന് കാരണമാകുന്നു. മത്സരയോട്ടം നിയന്ത്രിക്കാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എ സി മൊയ്തീൻ എംഎൽഎ ആവശ്യപ്പെട്ടു. മരിച്ചവർക്കും പരിക്കേറ്റവർക്കും ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് കത്തും എംഎൽഎ നൽകി. ഇടയ്ക്കിടയ്ക്ക് വലിയ അപകടങ്ങൾക്ക് സ്വകാര്യ ബസുകൾ കാരണമായിട്ടും ഇവയുടെ അമിതവേഗം നിയന്ത്രിക്കാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കഴിയാത്തതിൽ ജനങ്ങളും വലിയ അമർഷത്തിലാണ്.










0 comments