ക്ഷേത്രങ്ങളിൽ ബലിതർപ്പണം

ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രത്തിൽ നടന്ന ബലി തർപ്പണ ചടങ്ങ് (പ്രദീപ് പുതുശേരി പകർത്തിയ ആകാശദൃശ്യം)
തൃപ്രയാർ
തീരദേശത്തെ ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടന്നു. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം കടവിൽ പിതൃതർപ്പണം നടന്നു. ലോഹിതാക്ഷ ശർമ്മ മുഖ്യകാർമികനായി. തൃത്തല്ലൂർ ശിവ ക്ഷേത്രത്തിൽ 5,000ലേറെ പേർ ബലി തർപ്പണം നടത്തി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തൃത്തല്ലൂർ ശിവ ക്ഷേത്രത്തിൽ തൃത്തല്ലൂര്‍ രമേശന്‍ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ ബലിതർപ്പണവും മേൽശാന്തി വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ തിലഹോമവും നടന്നു. വിശ്വാസികൾക്ക് പ്രഭാത ഭക്ഷണവും ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു. തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദിക സംഘം ആല, കോതപറമ്പ് പനങ്ങാട്ട് പ്രബീഷ് ശാന്തി, എസ്എൻ പുരം കാതികുളത്ത് കണ്ണൻ ശാന്തി മേത്തല എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. കയ്പമംഗലം കൂരിക്കുഴി ദേശം ഭഗവതി മഹാദേവ ക്ഷേത്രം നേതൃത്വത്തിൽ കമ്പനിക്കടവ് കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് സംഘടിപ്പിച്ചു. ലിജീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. കയ്പമംഗലം വഞ്ചിപ്പുര അയിരൂർ ചാപ്പക്കടവ് ഗുളികൻ മുത്തപ്പൻ ഭഗവതി ക്ഷേത്രം നേതൃത്വത്തിൽ നടത്തിയ ബലിതർപ്പണ ചടങ്ങുകൾക്ക് മേൽശാന്തി ലിജേഷ് മുഖ്യ കാർമികത്വം വഹിച്ചു. കയ്പമംഗലം ദേവമംഗലം ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി സനു മുഖ്യകാർമികത്വം വഹിച്ചു. നാട്ടിക - വലപ്പാട് കൊടിയമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ പുലർച്ചെ നാലുമുതൽ ബലിതർപ്പണം ആരംഭിച്ചു. താണിയത്ത് സുതൻ ശാന്തിയുടെ മുഖ്യകാർമികനായി. ചേർപ്പ് ആറാട്ടുപുഴ മന്ദാരം കടവിൽ കർക്കടകവാവ് ബലി തർപ്പണത്തിന് ആയിരങ്ങളെത്തി. ബുധൻ അർധരാത്രി മുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിച്ചു. സുരേഷ് ശാന്തി മാപ്രാണം, സന്തോഷ് ഇളയത് കുറ്റൂർ എന്നിവർ കാർമികത്വം വഹിച്ചു. ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിൽ മണി ശാന്തി മുഖ്യ കാർമികനായി. കാട്ടുങ്ങച്ചിറ കക്കാട്, കണ്ഠേശ്വരം, മൂർക്കനാട് ശിവക്ഷേത്രങ്ങൾ, എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രം, കോതറ കടവ്, ഹരിപുരം കടവ്, എടക്കുളം എലമ്പലക്കാട് ക്ഷേത്രം, ആയിരം കോൾ ക്ഷേത്രങ്ങളിലും ബലിതർപ്പണം നടന്നു. ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ ബലിതർപ്പണത്തിൽ ആയിരങ്ങളെത്തി. കൂടപ്പുഴ ശിവ-വിഷ്ണു ക്ഷേത്ര സമിതി നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ആറാട്ടുകടവില്‍ ചാലക്കുടിപുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലുകളിലായിരുന്നു ബലിതര്‍പ്പണം. ചാലക്കുടി അഗ്നിശമനസേന വിഭാഗത്തിന്റെ സ്‌കൂബ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കൊടകര പന്തല്ലൂർ ചെങ്ങാന്തുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവ് ബലി തർപ്പണവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തി. തന്ത്രി അഴകത്ത് മനക്കൽ മാധവൻ നമ്പൂതിരി, മേൽശാന്തി അരിതോട്ടത്ത് മനക്കൽ രാമൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികരായി. വ്യാഴം പുലർച്ചെ 4 മുതൽ 9 വരെ നൂറു കണക്കിന് വിശ്വാസികൾ ബലിതർപ്പണം നടത്തി. മറ്റത്തൂർ ചെമ്പുച്ചിറ ശിവക്ഷേത്രത്തിൽ പിതൃബലി തർപ്പണ ചടങ്ങുകൾ പുലർച്ചെ 3ന് ആരംഭിച്ച് രാവിലെ 9 ഓടെ സമാപിച്ചു. നൂറു കണക്കിന് വിശ്വാസികൾ പിതൃബലി തർപ്പണം നടത്തി. മേൽശാന്തി പി വി മനോജ്, കീഴ്‌ശാന്തി എം ആർ ബൈജു എന്നിവർ മുഖ്യ കാർമികരായി. തിരുവില്വാമല പാമ്പാടി ഐവര്‍മഠത്തില്‍ കർക്കടക വാവ് ബലിതർപ്പണത്തിന് ആയിരങ്ങളെത്തി. ശ്രീകൃഷ്ണക്ഷേത്രം കടവിലും കോരപ്പത്ത് കടവിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. പുലർച്ചെ നാലിന് ബലിതർപ്പണത്തിന് തുടക്കമായി. ഉച്ചവരെ ബലിതർപ്പണത്തിന് നല്ല തിരക്ക് അനുഭവപ്പെട്ടു. തൃശൂർ, പാലക്കാട് ജില്ലകൾക്ക് പുറമേ സമീപ ജില്ലകളിൽ നിന്നും വിശ്വാസികൾ ബലിതർപ്പണത്തിനായി എത്തിയിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഉണ്ടായിരുന്നു. രമേഷ് കോരപ്പത്ത്, ബ്രാഹ്മണ സഭ എന്നിവരും ബലിതർപ്പണത്തിന് പ്രത്യേകം സൗകര്യങ്ങൾ ഏര്‍പ്പെടുത്തി. പഴയന്നൂര്‍ പൊലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ് എന്നിവരുടെ സേവനം മുഴുവന്‍ സമയവും ഉണ്ടായി. ചീരക്കുഴി ഗായത്രിപ്പുഴയില്‍ വടക്കേത്തറ ശ്രീനാരായണ ഗുരു ക്ഷേത്രം ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി. ചെറുതുരുത്തി ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രത്തിൽ പി ആർ മണികണ്ഠൻ, എം കെ അജിത് കുമാർ എന്നിവർ ബലിതർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി കൊരട്ടിക്കര മന രാമൻ നമ്പൂതിരി നേതൃത്വം നൽകി. ക്ഷേത്ര സമിതി നേതൃത്വത്തിൽ വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ഷവർബാത്ത് സൗകര്യവും മെഡിക്കൽ സംവിധാനങ്ങളും പ്രഭാത ഭക്ഷണവും ഒരുക്കി. നിരവധി പൊലീസുകാരും 50 ഓളം വളന്റിയർമാരും ചേർന്നാണ് തിരക്ക് നിയന്ത്രിച്ചത്.









0 comments