രാഗം തിയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു

സംഭവം നടന്ന വെളപ്പായയിലെ സുനിലിന്റെ വീട്ടിൽ പൊലീസും വിരലയാളവിദഗ്ധരും പരിശോധന നടത്തുന്നു
വെളപ്പായ
തൃശൂർ രാഗം തിയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു. സുനിലിനും ഡ്രൈവർ അജീഷിനുമാണ് വ്യാഴാഴ്ച രാത്രി പത്തോടെ വെട്ടേറ്റത്. വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. കാറിൽ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെ അജീഷിനാണ് ആദ്യം വെട്ടേറ്റത്. തുടർന്ന് സുനിലിനേയും ആക്രമിച്ചു. സുനിൽ വരുന്നത് കാത്തിരുന്ന് മൂന്നു പേരാണ് വെട്ടിയത്. കാറിന്റെ പിൻസീറ്റിൽ ഇരുന്ന സുനിലിനെ ചില്ല് തകർത്താണ് വെട്ടിയത്. സുനിലിന്റെ കാലിലാണ് പരിക്ക്. അജീഷിന് കൈയിലാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരേയും ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. സുനിൽ പത്തുവർഷത്തോളമായി രാഗം തിയറ്റർ വാടകയ്‌ക്കെടുത്ത് നടത്തുകയാണ്. തിയറ്റർ നടത്തിപ്പിനു പുറമെ മറ്റു ബിസിനസും സുനിൽ നടത്തുന്നുണ്ട്. ബിസിനസ് സംബന്ധമായി ആരോ ക്വട്ടേഷൻ നൽകിയതാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സുനിലിന്റെ വീടിനു എതിർവശത്തുള്ള പാലത്തിനടിയിൽനിന്നാണ് യുവാക്കൾ വന്നത്. സുനിലിന്റെ വരവ് കാത്ത് വീടിനു മുമ്പിൽ അക്രമികൾ തമ്പടിച്ചിരുന്നു. പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി . തൃശൂർ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.







0 comments