മയക്കുമരുന്ന് കുറ്റവാളികളുടെ വസ്തുവകകൾ കണ്ടുകെട്ടാന്‍ ഉത്തരവ്

പുതുക്കാട്
ജില്ലയിൽ ആദ്യമായി മയക്കുമരുന്ന് കുറ്റവാളികളിൽ നിന്ന് വാഹനങ്ങളും ബാങ്ക് അക്കൗണ്ടുകളും സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായതായി ജില്ലാ റൂറൽ പൊലീസ് അറിയിച്ചു. മയക്കുമരുന്നുകളുടെയും സൈക്കോട്രോപ്പിക് പദാർഥങ്ങളുടെയും വിൽപ്പനയിലൂടെ അനധികൃതമായി സ്വാന്തമാക്കിയ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. മെയ് മൂന്നിന് കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ 180 ഗ്രാം എംഡിഎംഎ പിടിച്ച കേസിലെ പ്രതി ഡാർക്ക് മെർച്ചന്റ് എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട നടവരമ്പ് കല്ലംകുന്ന് സ്വദേശി ദീപക് (30), മെയ് 23ന് പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 125 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളായ എറണാംകുളം ആലുവ ആലെങ്ങാട് പള്ളത്ത് വീട്ടിൽ താരിസ് (36), എറണാകുളം കോട്ടപ്പുറം ചീനിവിള വീട്ടിൽ ആഷ്-ലിൻ (25) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ദീപക്കിന് ചാലക്കുടിയിലെ ബാങ്ക് അക്കൗണ്ടിലുള്ള 1,10,650 രൂപ, താരിസിന്റെ 23,25,000 രൂപ വില വരുന്ന ടാറ്റാ ലോറി, 58,000 രൂപ വില വരുന്ന ഹ്യുണ്ടായി വെർണ കാർ എന്നിവയും ആഷ്‌ലിന്റെ 5,500- രൂപ വില വരുന്ന യമഹ റേ സ്കൂട്ടറുമാണ് കണ്ടുകെട്ടുന്നത്. ചെന്നൈയിലെ കോംപിറ്റന്റ് അതോറിറ്റിയാണ് വാഹനങ്ങളും ബാങ്ക് അക്കൗണ്ടും കണ്ട് കെട്ടാൻ ഉത്തരവിട്ടത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് കോംപിറ്റന്റ് അതോറിറ്റിയുടെ ഉത്തരവ്. ഡിസിബി ഡിവൈഎസ്പി എം ഉല്ലാസ് കുമാർ, പുതുക്കാട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ ആദംഖാൻ, കൊടകര എസ്എച്ച്ഒ പി കെ ദാസ് എന്നിവരും അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നു.








0 comments