വരുന്നൂ കരുതൽ കേന്ദ്രങ്ങൾ

തൃശൂര്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് താല്‍ക്കാലിക പരിചരണം നല്‍കാന്‍ സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ താല്‍ക്കാലിക വിശ്രമകേന്ദ്രങ്ങൾ (റെസ്പെറ്റ് കെയര്‍ ഹോം) സ്ഥാപിക്കും. ബ്ലോക്ക് തലത്തില്‍ താല്‍ക്കാലിക പരിചരണ കേന്ദ്രങ്ങളും (ഷോര്‍ട്ട് സ്റ്റേ ഹോം) ഒരുക്കും. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ആശ്രയത്വം വേണ്ടി വരുന്ന വയോജനങ്ങളെ നിരന്തരം പരിചരിക്കുമ്പോഴുണ്ടാകുന്ന ക്ഷീണവും മടുപ്പും ഇല്ലാതാക്കാന്‍ താല്‍ക്കാലിക പരിചരണ കേന്ദ്രങ്ങള്‍ സഹായകമാകും. പരിചരിക്കുന്നവര്‍ക്ക് താല്‍ക്കാലിക വിശ്രമവും ആശ്വാസവും ആവശ്യമാണെന്ന തിരിച്ചറിവിലാണ് ഈ നീക്കം. ഗുരുതര ആരോഗ്യപ്രശ്നങ്ങളോ ഭിന്നശേഷിയോ ഉള്ള മുതിര്‍ന്നവര്‍ക്കും താല്‍ക്കാലിക പരിചരണ കേന്ദ്രങ്ങളില്‍ പ്രവേശനം ഉറപ്പാക്കും. ശുചിത്വം, സുരക്ഷ, സേവന നിലവാരം, പ്രവേശന രീതികള്‍ എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡം പരിചരണ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ഗ്രാന്‍ഡ് സ്വീകരിക്കുന്ന കേന്ദ്രങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിങ് ഉണ്ടാകും. വയോജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ത്തന്നെ പരിചരണം ലഭിക്കാന്‍ കുടുംബാധിഷ്ഠിത പരിചരണ സംവിധാനം ഏര്‍പ്പെടുത്തും. അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ വയോജനങ്ങളെ കുടുംബത്തില്‍ത്തന്നെ പരിപാലിക്കുന്നതിന് പ്രോത്സാഹിപ്പിക്കാന്‍ ബോധവല്‍ക്കരണം നടത്തും. പ്രത്യേക ഇടപെടല്‍ ആവശ്യമായ വയോജനങ്ങളുടെ സമഗ്രവിവരം തദ്ദേശസ്ഥാപനങ്ങളിലൂടെ ശേഖരിച്ച് കാര്യക്ഷമമായ സേവനങ്ങള്‍ ലഭ്യമാക്കും. അണുബാധ നിയന്ത്രണം, ഗുരുതര രോഗാവസ്ഥ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ വയോജനങ്ങളെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും വിദഗ്ധ പരിശീലനം നല്‍കും. കേരള ആരോഗ്യ സര്‍വകലാശാലയുടെ പിന്തുണയോടെ വയോജനാധിഷ്ഠിത പരിചരണ പാഠ്യപദ്ധതികള്‍ക്ക് ഏകീകൃത വ്യവസ്ഥയുണ്ടാക്കും. ഓരോ വാര്‍ഡിലും കുറഞ്ഞത് രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. പ്രതിഫലമില്ലാതെ മുതര്‍ന്ന പൗരന്മാരെ പരിചരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം, മാനസികാരോഗ്യ പിന്തുണ, ക്ഷേമനിധി ബോര്‍ഡ് അംഗത്വം എന്നിവ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കും. മുതിര്‍ന്ന പൗരന്മാരുടെ കേരള സംസ്ഥാന നയം 2025 കരടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.









0 comments