ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍

വേലൂർ
രണ്ടുപതിറ്റാണ്ടുമുന്പ് പൊളിച്ചുനീക്കിയ ആനപ്പള്ളമതിൽ പുനർജനിക്കുന്നു. ചരിത്രപ്രസിദ്ധമായ വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയുടെ ചുറ്റുമുണ്ടായിരുന്ന ആനപ്പള്ളമതിലാണ് പുനർനിർമിക്കുന്നത്. സംസ്‌കൃത ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ അർണോസ് പാതിരിയാണ് ആനപ്പള്ള മതിൽ പണികഴിപ്പിച്ചത്. എന്നാൽ പീന്നീടിത് പൊളിച്ചുനീക്കുകയായിരുന്നു. സംരക്ഷിത സ്‌മാരകമായ അർണോസ് ഭവനവും ആനപ്പള്ളമതിലും പുരാവസ്‌തു വകുപ്പാണ് പുർനിർമിക്കുന്നത്. ആഗസ്‌തിലാണ് അർണോസ് ഭവനത്തിന്റെ പുനർനിർമാണമാരംഭിച്ചത്. മതിൽ നിര്‍മാണം ഒക്ടോബറിലും ആരംഭിച്ചു. അർണോസ് പാതിരിയുടെ കാലത്തുണ്ടായിരുന്ന റോമൻ മുദ്ര പതിക്കാനുള്ള പ്രവൃത്തികളാണ് ബാക്കിയുള്ളത്. ഹൈന്ദവ ക്ഷേത്ര നിര്‍മാണ രീതികളെ അവലംബിച്ചാണ് അര്‍ണോസ് ദേവാലയ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇൗ മാതൃകയിലാണ് ആനപ്പള്ള ചുറ്റുമതിലും നിർമിച്ചത്. വേലൂര്‍ ദേവാലയത്തിന്റെ ചുറ്റുമതിലില്‍ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി അര്‍ണോസ് നിര്‍മിച്ച പ്രവേശനഗോപുരങ്ങള്‍ ഇന്നും കാണാം. പടിഞ്ഞാറെ പ്രവേശന ഗോപുരം അര്‍ണോസ് പാതിരി തന്റെ താമസസ്ഥലമായും ഉപയോഗിച്ചിരുന്നു. വേലൂര്‍ ദേവാലയത്തിന്റെ പുരാതനമായ ആനപ്പള്ള മതില്‍ പൊളിച്ചതിന്റെ പേരില്‍ അനേകം പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേരള ഹൈകോടതിയില്‍ നിരവധി കേസുകളും നടന്നു. മതിൽ പൂർവസ്ഥിതിയിൽ പുരാവസ്‌തുവകുപ്പ് പുനർനിർമിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവായിരുന്നു. പുരാവസ്തു ഡയറക്ടര്‍ ഇ ദിനേശന്‍, എന്‍ജിനിയര്‍മാരായ എസ് ഭൂപേഷ്, ടി എസ് ഗീത, ടി ജി കീര്‍ത്തി എന്നിവരാണ് പുനർനിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.









0 comments