ഓർമകൾ ഉണ്ടായിരിക്കണം
ഇൗ വഴിയിലൂടെ അവർണന് നടക്കാൻ കഴിഞ്ഞിരുന്നില്ല

ഇരിങ്ങാലക്കുട കുട്ടംകുളവും ക്ഷേത്രത്തിലേക്കുള്ള വഴിയും
ഇരിങ്ങാലക്കുട
കൂടൽമാണിക്യ ക്ഷേത്രത്തിനുമുന്നിലെ കുട്ടംകുളത്തിനപ്പുറത്തേക്ക് അയിത്തജാതിക്കാർക്ക് പ്രവേശനമില്ലായിരുന്നു. ചോരചാലിച്ച പോരാട്ടങ്ങളിലൂടെയാണ് അതിന് വഴിയൊരുങ്ങിയത്. 1945- 46 കാലത്താണ് തിരുകൊച്ചിയിൽ അയിത്താചരണത്തിനെതിരെയും ക്ഷേത്ര പ്രവേശനത്തിനും ഉത്തരവാദഭരണത്തിനും വഴിനടക്കൽ സ്വാതന്ത്ര്യത്തിനുമുള്ള പ്രക്ഷോഭം കരുത്താർജിച്ചത്. 1946 ജൂലൈ ആറിനായിരുന്നു കുട്ടംകുളം സമരം. കമ്യൂണിസ്റ്റ് പാർടിയുടെയും എസ്എൻഡിപിയുടെയും പുലയമഹാസഭയുടെയും നേതൃത്വത്തിലായിരുന്നു സമരം. കൊച്ചി രാജ്യ പ്രജാമണ്ഡലവും സമരത്തിനൊപ്പമായിരുന്നു. 1946 ജൂലൈ ആറിന് അയ്യങ്കാവ് മൈതാനത്ത് (ഇപ്പോഴത്തെ നഗരസഭാ മൈതാനം) ക്ഷേത്രപ്രവേശന സമരം സംഘടിപ്പിച്ചു. പി ഗംഗാധരനായിരുന്നു സമ്മേളനാധ്യക്ഷൻ. പ്രജാമണ്ഡല പ്രതിനിധി പുതൂർ അച്യുതമേനോൻ, കമ്യൂണിസ്റ്റ് പാർടി നേതാവ് പി കെ ചാത്തൻമാസ്റ്റർ എന്നിവരായിരുന്നു പ്രസംഗകർ. അക്കാലത്ത് വഴിനടക്കൽ നിരോധിച്ച് കുട്ടംകുളത്തിനു സമീപം സ്ഥാപിച്ച ബോർഡ് ആരോ ഇളക്കിമാറ്റി. സമ്മേളനത്തിൽ പങ്കെടുത്തവരെല്ലാം കുട്ടംകുളത്തിനപ്പുറത്തേക്ക് മാർച്ച്ചെയ്യുകയാണെന്ന് പി ഗംഗാധരൻ പ്രഖ്യാപിച്ചു. നിയമലംഘനത്തെ അനുകൂലിക്കുന്നില്ലെന്നു പറഞ്ഞ് പുതൂർ അച്യുതമേനോൻ സമരത്തിൽനിന്ന് പിന്മാറി. എന്നാൽ ആയിരത്തോളമാളുകൾ പ്രകടനമായി നീങ്ങിയത് വരേണ്യവർഗത്തെ വിറപ്പിച്ചു. വൈകിട്ട് അഞ്ചരയോടെ പൊലീസ് ഇൻസ്പെക്ടർമാരായ സൈമൺ മാഞ്ഞൂരാന്റെയും ശങ്കുണ്ണിയുടെയും നേതൃത്വത്തിൽ എംഎസ്‌പിക്കാരും ലോക്കൽ പൊലീസുമുൾപ്പെടെ വൻ സന്നാഹം ഭീകര മർദനമാണ് നടത്തിയത്. പലരേയും തലയ്ക്കടിച്ചു വീഴ്ത്തി. കമ്യൂണിസ്റ്റ് പാർടി നേതാവ് കെ വി ഉണ്ണി കൊടികെട്ടിയ വടികൊണ്ട് പൊലീസിനെ തിരിച്ചടിച്ചു. അടിയേറ്റ പൊലീസുകാരന്റെ ചെവിപൊട്ടി രക്തം വാർന്നു. ഇതോടെ മർദനം ഭീകരമായി. പി ഗംഗാധരനേയും കെ വി ഉണ്ണിയേയും തോർത്തുമുണ്ടുകൊണ്ട് പോസ്റ്റിൽ കെട്ടിയിട്ട് തല്ലി. പിറ്റേന്ന് ഇരുവരേയും തൃശൂർ സബ് ജയിലിലേക്ക് മാറ്റി. അടുത്ത ദിവസം എം കെ തയ്യിലിനെ അറസ്റ്റ് ചെയ്തു. മൂന്നുദിവസത്തിനുശേഷം സഹോദരൻ അയ്യപ്പനും കെ ടി അച്യുതൻവക്കീലുമെത്തി ജാമ്യമെടുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോൾ പി കെ ചാത്തൻമാസ്റ്ററേയും അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് കെ വി കെ വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രകടനത്തെയും ഠാണാവിൽ പൊലീസ് തല്ലിച്ചതച്ചു. ഇരിങ്ങാലക്കുടയെ ചോരകൊണ്ടു ചുവപ്പിച്ച കുട്ടംകുളം സമരംനടന്ന് ഏറെക്കഴിയുംമുമ്പേ കൊച്ചിരാജ്യത്ത് ക്ഷേത്രപ്രവേശന വിളംബരവും ഉത്തരവാദ ഭരണ പ്രഖ്യാപനവുമുണ്ടായി.









0 comments