മയക്കുമരുന്ന് കേസ് പ്രതി കരുതൽ തടങ്കലിൽ

ഷിജോ
തൃശൂര്‍
മയക്കുമരുന്ന് കേസ് പ്രതിയെ കരുതൽ തടങ്കലിലാക്കി തൃശൂർ റൂറൽ പൊലീസ്. മാന്ദാമംഗലം മരോട്ടിച്ചാൽ സ്വദേശി തെക്കേയിൽ വീട്ടിൽ ഷിജോ (കിങ്ങിണി ഷിജോ, 31)യാണ് തടങ്കലിലാക്കിയത്. 2016 മുതൽ 2025 വരെ എട്ടുമയക്കുമരുന്ന് ലഹരിക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഒരുവര്‍ഷം വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കുന്നതിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഷിജോയെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ഷിജോയ്ക്കെതിരെ കൊടകര, മാള, പുതുക്കാട്, ഒല്ലൂർ, നെടുപുഴ, തൃശൂർ ഈസ്റ്റ്, പനമരം എന്നീ പൊലീസ് സ്റ്റേഷനുകളിലും കുന്നത്ത് നാട് എക്സൈസ് സർക്കിൾ ഓഫീസിലും കഞ്ചാവ് കടത്തിയതിന് എട്ട് ക്രിമിനൽക്കേസുകളുണ്ട്. 2017 ലെ നെടുപുഴ പൊലീസ് സ്റ്റേഷനിലെ കേസിൽ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിക്കുകയും ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയാകുകയും ചെയ്തു. 2025 ൽ പുതുക്കാട് പാലിയേക്കര ഓവർബ്രിഡ്ജിന് താഴെ ലോറിയിൽ 125 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ്.








0 comments