നവകേരള സദസ്
91 കോടിയുടെ വികസന പദ്ധതി

തൃശൂർ
ജില്ലയിൽ നവകേരള സദസ്സിൽ സമർപ്പിച്ച പദ്ധതികളിൽ 91 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം. തദ്ദേശ സ്വയംഭരണം, ഗതാഗതം, ആരോഗ്യം, പൊതുമരാമത്ത്, വനം-വന്യജീവി, സാംസ്കാരികം, റവന്യൂ തുടങ്ങിയ വകുപ്പുകൾക്ക് കീഴിൽ വരുന്ന നിരവധി പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ചേലക്കര നിയോജകമണ്ഡലത്തിൽ തോന്നൂർക്കര–തോട്ടയ്ക്കാട് റോഡ് പുനരുദ്ധാരണത്തിന് 3.50 കോടി രൂപയും, ദേശമംഗലം–തൃക്കേക്കുളം നവീകരണത്തിന് 3.50 കോടിയും അനുവദിച്ചു. കുന്നംകുളം മണ്ഡലത്തിൽ കടങ്ങോട്–വെള്ളറക്കാട്–പള്ളിമേപ്പുറം–തിപ്പിലശേരി റോഡ് ആധുനികവൽക്കരണത്തിന് 4.50 കോടിയും വേലൂർ–എരുമപ്പെട്ടി–-പഴവൂർ റോഡ് ആധുനികവൽക്കരണത്തിന് 2.50 കോടിയും ലഭിക്കും. ഗുരുവായൂരിൽ ചാവക്കാട് മുൻസിപ്പൽ ടൗൺ ഹാൾ നിർമാണത്തിന് ഏഴ് കോടി വകയിരുത്തി. മണലൂർ മണ്ഡലത്തിൽ മുല്ലശേരിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് നാല് കോടിയും എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് മുകളിൽ രണ്ട് നിലകളുടെ നിർമാണത്തിന് മൂന്ന് കോടിയും അനുവദിച്ചു. വടക്കാഞ്ചേരിയിൽ കൾച്ചറൽ കൺവെൻഷൻ സെന്റർ നിർമാണത്തിന് ഏഴ് കോടി രൂപ ലഭിക്കും. ഒല്ലൂരിൽ പുത്തൂരിലെ തോണിപ്പാറ–കുരിശുമൂല റോഡ് അഭിവൃദ്ധിപ്പെടുത്തലിന് ഏഴ് കോടി അനുവദിച്ചു. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡ് വികസനത്തിന് ഏഴ് കോടിയാണ് വകയിരുത്തിയത്. നാട്ടികയിൽ അന്തിക്കാട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ കെട്ടിട നിർമാണത്തിന് അഞ്ച് കോടിയും ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം നിർമാണത്തിന് രണ്ട് കോടിയും ലഭിക്കും. കയ്പമംഗലത്ത് ശ്രീനാരായണപുരം റവന്യൂ ടവർ നിർമാണത്തിന് മൂന്ന് കോടിയും പെരിഞ്ഞനം മൂന്നുപീടികയിൽ മാർക്കറ്റ് കെട്ടിടത്തിന് നാല് കോടിയും അനുവദിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ കെഎസ്ആർടിസി ഓപ്പറേറ്റിങ് യൂണിറ്റിൽ പുതിയ ബസ് ബേയും ഓഡിറ്റോറിയവും നിർമിക്കുന്നതിന് മൂന്ന് കോടിയും ഇരിങ്ങാലക്കുടയിൽ സാംസ്കാരിക സമുച്ചയത്തിന് നാല് കോടിയും ലഭിക്കും. പുതുക്കാട് ഓവുങ്ങൽ-–കൊരച്ചാൽ–ചെമ്പൂച്ചിറ–നൂലുവള്ളി റോഡ് ബിഎം ആൻഡ് ബിസി നവീകരണത്തിന് ആറ് കോടിയും ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്ക് ഒരു കോടിയും അനുവദിച്ചു. ചാലക്കുടിയിൽ കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിന് നാല് കോടിയും കോടശേരി നായരങ്ങാടി ജങ്ഷൻ മുതൽ പരിയാരം പഞ്ചായത്തിലെ ആനമല പിഡബ്ല്യുഡി റോഡ് വരെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്നതിന് മൂന്ന് കോടിയും ലഭിക്കും. കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ പുതിയ അഞ്ചുനില കെട്ടിടത്തിൽ ചികിത്സാ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് 2.30 കോടിയും, മാമ്പ്ര കൂട്ടാലപ്പാടം, മാമ്പ്ര തീരദേശ പൊതുമരാമത്ത് റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനരുദ്ധാരണത്തിന് 4.70 കോടിയും അനുവദിച്ചു.









0 comments