തദ്ദേശ തെരഞ്ഞെടുപ്പ്: 75,644 സ്ഥാനാർഥികൾ, 52.36% വനിതകൾ

election
വെബ് ഡെസ്ക്

Published on Dec 01, 2025, 10:35 PM | 2 min read

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരിക്കുന്നത് 75,644 സ്ഥാനാർഥികൾ. 39,609 സ്ത്രീകളും, 36,034 പുരുഷൻമാരും, ഒരു ട്രാൻസ്ജെൻഡറുമാണ് മത്സര രം​ഗത്തുള്ളത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് വാർഡിലാണ് ട്രാൻസ്ജെൻഡർ മത്സരിക്കുന്നത്. ശരാശരി സ്ത്രീ സ്ഥാനാർഥി പ്രാതിനിധ്യം 52.36% ആണ്. കൊല്ലം (55.26%), ആലപ്പുഴ (54.62%), പത്തനംതിട്ട (53.82%), കോട്ടയം (53.47%), തൃശൂർ (53.28%), എറണാകുളം (53.12%), വയനാട് (52.59%), തിരുവനന്തപുരം (52.58%), കോഴിക്കോട് (52.56%) എന്നീ ജില്ലകളാണ് വനിതാ സ്ഥാനാർഥി പ്രാതിനിധ്യത്തിൽ മുന്നിൽ.


ഗ്രാമപഞ്ചായത്ത് തലത്തിൽ 29,262 സ്ത്രീ സ്ഥാനാർഥികളും 26,168 പുരുഷ സ്ഥാനാർഥികളും ഉണ്ട്. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 3,583 സ്ത്രീകളും 3,525 പുരുഷൻമാരും മത്സരിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്ക് 672 പുരുഷൻമാരും 602 സ്ത്രീകളുമാണ് സ്ഥാനാർഥികളായുള്ളത്. മുനിസിപ്പാലിറ്റികളിൽ 5,221 വനിതകളും 4,810 പുരുഷന്മാരും, കോർപ്പറേഷനുകളിൽ 941 സ്ത്രീകളും 859 പുരുഷന്മാരുമാണ് സ്ഥാനാർഥികളായി മത്സരരംഗത്തുള്ളത്. വനിതാ സ്ഥാനാർഥികളുടെ പ്രാതിനിധ്യം വിവിധ തലങ്ങളിൽ - ഗ്രാമപഞ്ചായത്ത് - 52.79%, ബ്ലോക്ക് പഞ്ചായത്ത് - 50.40%, ജില്ലാപഞ്ചായത്ത് - 47.21%, മുനിസിപ്പാലിറ്റി - 52.05 %, കോർപ്പറേഷൻ - 52.27% .


2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 74,899 സ്ഥാനാർഥികളായിരുന്നു മത്സരിച്ചത്. 38,593 പുരുഷൻമാരും, 36,305 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമാണ് അന്ന് മത്സരിച്ചത്. ഇത്തവണ 745 സ്ഥാനാർഥികളുടെ വർദ്ധനയുണ്ട്. സ്ഥാനാർഥികളിൽ സ്ത്രീകളുടെ പ്രാതിനിധ്യവും വർധിച്ചു. 2020-ലെ കണക്കുകൾ പ്രകാരം സ്ത്രീ സ്ഥാനാർഥികളുടെ പ്രാതിനിധ്യം 48.45 ശതമാനമായിരുന്നു. 2025-ൽ അത് 52 ശതമാനത്തിനു മുകളിലായി. ജില്ലാ പഞ്ചായത്ത് തലത്തിൽ പുരുഷ സ്ഥാനാർഥികളാണ് രണ്ട് തവണയും മുന്നിൽ. 2020-ൽ പുരുഷന്മാർ 594 ആയപ്പോൾ 2025-ൽ ഇത് 672 ആയി ഉയർന്നു. സ്ത്രീകൾ 2020-ലെ 685ൽ നിന്ന് 2025ൽ 602 ആയി കുറഞ്ഞു.


രണ്ട് തവണയും ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള ജില്ല മലപ്പുറമാണ്. 2020ൽ 8,387 സ്ഥാനാർഥികളും 2025-ൽ 8,381 സ്ഥാനാർഥികളുമാണ് ഇവിടെയുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളും രണ്ട് തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളുടെ എണ്ണത്തിൽ മുന്നിലാണ്. അതേസമയം, ഏറ്റവും കുറവ് സ്ഥാനാർഥികളുള്ള ജില്ല രണ്ടു തവണയും വയനാടാണ്. 2020ൽ 1,857 പേർ, 2025ൽ 1,968 പേരുമാണിവിടെ മത്സരത്തിനുള്ളത്.


കൂടുതൽ സ്ഥാനാർഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ


തിരുവനന്തപുരം കോർപറേഷനിലെ പേട്ട വാർഡിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്. 11 പേർ. അതേസമയം, സംസ്ഥാനത്ത്‌ 16 വാർഡുകളിൽ എതിരില്ലാതെ വിജയിച്ചു. ഇതിൽ 15 ഇടത്തും എൽഡിഎഫ്‌ ആണ്‌ വിജയിച്ചത്‌. ഒരിടത്ത്‌ യുഡിഎഫും.


തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ 10 ഉം കഴക്കൂട്ടം, ബീമാപള്ളി, കണ്ണമൂല, കൊച്ചി കോർപറേഷനിലെ തൃക്കണാർവട്ടം വാർഡുകളിൽ 9 ഉം സ്ഥാനാർഥികൾ വീതമുണ്ട്. കൂടുതൽ സ്ഥാനാർഥികളുള്ള പഞ്ചായത്ത് വാർഡ് കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് പഞ്ചായത്തിലെ കോളേജ് വാർഡാണ്, 9 സ്ഥാനാർഥികൾ.


പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് കണ്ണൂർ ജില്ലയിലെ കുന്നോത്തുപറമ്പിലാണ്, 102 പേർ. കുറവ് സ്ഥാനാർഥികളുള്ളത് കണ്ണൂർ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിലും. 25 പേർ. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത് കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്കിലാണ്.- 76 പേർ. ജില്ലാപഞ്ചായത്തുകളിൽ കൂടുതൽ സ്ഥാനാർഥികളുള്ളത് 126 പേർ മത്സരിക്കുന്ന മലപ്പുറം ജില്ലാപഞ്ചായത്തിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലാപഞ്ചായത്തിലും. -54 പേർ.


21 വയസ് പ്രായമുള്ള സ്ഥാനാർഥികൾ 149 പേർ


25 വയസിൽ താഴെ പ്രായമുള്ള 1183 സ്ഥാനാർഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനഹിതം തേടുന്നത്. ഇതിൽ 917 സ്ത്രീകളും 266 പുരുഷൻമാരുമാണുള്ളത്. സംസ്ഥാനത്തെ ത്രിതലപഞ്ചായത്തുകളിലും, നഗരസഭ -കോർപ്പറേഷനുകളിലും ആകെ സ്ഥാനാർഥികളുടെ എണ്ണം 75,644 ആണ്. ഇതിന്റെ 1.56 % മാത്രമാണ് 25 വയസിൽ താഴെയുള്ള സ്ഥാനാർഥികളുടെ എണ്ണം. ഇതിൽ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതാ പ്രായമായ 21 വയസ് മാത്രമുള്ള 149 സ്ഥാനാർത്ഥികളും ഇത്തവണ മത്സരിക്കുന്നു. 130 സ്ത്രീകളും 19 പുരുഷൻമാരുമാണ് ഈ വിഭാഗത്തിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home