കിഫ്ബി മസാല ബോണ്ട്: ഇ ഡിയുടെ ആരോപണങ്ങൾ വ്യാജം, നോട്ടീസിന് കൃത്യമായ മറുപടി നൽകും

തിരുവനന്തപുരം: മസാല ബോണ്ടിനെതിരായ ഇഡി നോട്ടീസിൽ ഉന്നയിക്കുന്ന വാദങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് കിഫ്‌ബി സിഇഒ ഡോ. കെ എം അബ്രഹാം. കിഫ്‌ബിക്കെതിരായി 2021 മാർച്ച് മൂന്നുമുതൽ ഇഡി നിരന്തരം നോട്ടീസും അന്വേഷണവും നടത്തുന്നുണ്ട്. മസാല ബോണ്ടിനെ ഇഡി രാഷ്‌ട്രീയമായി ദുരുപയോഗിക്കുകയാണെന്ന് സംശയിക്കേണ്ടതുണ്ട്. ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ കുറിപ്പിൽ വ്യക്തമാക്കി.
2021മുതൽ നിരന്തരം സമൻസുകൾ അയച്ച് ഇഡി ബുദ്ധിമുട്ടിക്കുകയാണ്. ഉദ്യോഗസ്ഥരെ നിരന്തരം വിളിപ്പിക്കുക, ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചാലും വീണ്ടും വീണ്ടും അതുതന്നെ ആവശ്യപ്പെടുക എന്നിവയാണ് കിഫ്‌ബിയോടുള്ള ഇഡിയുടെ രീതി. നോട്ടീസുകളും സമൻസുകളും അയച്ചതെല്ലാം തെരഞ്ഞെടുപ്പു കാലത്താണ്. സർക്കാരിനെതിരായ പ്രചാരണം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ നോട്ടീസുകളുടെ വിവരം മാധ്യമങ്ങൾക്കും നൽകുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് മുൻ ധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്. നിയമവും കേരളത്തിന്റെ വികസന താൽപര്യവും ഭരണഘടനയുമാണ് കിഫ്ബിയുടെ പ്രവർത്തനങ്ങളെ നയിക്കുന്നത്. ആധുനികവും സമ്പന്നവുമായ നവകേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിൽ കിഫ്‌ബി തുടരുമെന്നും കെ എം അബ്രഹാം പറഞ്ഞു.








0 comments