ബഹിരാകാശനിലയം വിരൽത്തുമ്പിൽ
തരുൺ ഇന്ന് ശുഭാംശുവുമായി സംവദിക്കും

തരുൺ മഹേഷ് സ്‌കൂളിലെ ലിറ്റിൽകൈറ്റ്‌സ് ലാബിൽ
തൃശൂർ
ബഹിരാകാശ നിലയം എങ്ങനെയായിരിക്കും...ബഹിരാകാശത്തേക്ക് പോകാനുള്ള പ്രചോദനം എന്താണ്...ഒരുപിടി ചോദ്യങ്ങൾ പതഞ്ഞുയരുന്നുണ്ട് തരുണിന്റെ മനസ്സിൽ. ബഹിരാകാശ നിലയത്തിലുള്ള ശുഭാംശു ശുക്ലയുമായുള്ള ഓൺലൈൻ സംഭാഷണത്തിന് അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലും ആവേശത്തിലുമാണ് മണ്ണംപേട്ട മാത ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസുകാരൻ തരുൺ മഹേഷ്. വ്യാഴാഴ്‌ച തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലാണ് വിദ്യാർഥികൾ ശുഭാംശു ശുക്ലയുമായി ഓൺലൈനിൽ സംസാരിക്കുക. ലിറ്റിൽ കൈറ്റ്‌സിന്റെ യങ് ഇന്നവേറ്റീവ് പ്രോജക്ടുകളിൽ ശ്രദ്ധേയമായ സംഭാവനകളാണ് തരുണിന്റേത്. സ്‌കൂളിൽ കുട്ടികൾക്കുള്ള ഐഡി കാർഡുകൾ ഡിസൈൻ ചെയ്യുന്നത് ലിറ്റിൽ കൈറ്റ്‌സ് ടീമാണ്. ഈ കാർഡുകളിൽ പുതിയ പരീക്ഷണം നടത്തി വിജയകരമാക്കി തരുൺ. ഐഡി കാർഡുകളിൽ കൊടുത്തിരിക്കുന്ന ക്യു ആർ കോഡ് സ്‌കാൻ ചെയ്‌താൽ അതത് വിദ്യാർഥികളുടെ ഹാജരുൾപ്പെടെയുള്ള സ്‌കൂൾ വിവരങ്ങൾ പരിശോധിക്കാൻ കഴിയും. ഈ പരീക്ഷണ വിജയം പ്രായോഗികതലത്തിൽ യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് മണ്ണംപേട്ട മാതാ ഹൈസ്‌കൂൾ അധികൃതർ. ഐഡി കാർഡുകളിൽ ക്യുആർ കോഡ് സെറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. യുഎസ്‌എസ് പരീക്ഷയിൽ ഗിഫ്‌റ്റഡ് റാങ്ക് നേടിയ വിദ്യാർഥിയാണ്. ശാസ്‌ത്രമേളകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്. അളഗപ്പനഗർ പഞ്ചായത്തിലെ മണ്ണംപേട്ട തെക്കേക്കര സ്വദേശിയാണ് തരുൺ മഹേഷ്. അച്ഛൻ നമ്പിടിയാട്ടിൽ മഹേഷ് ക്രഷർ മാനേജരായിരുന്നു. അമ്മ ഹിമ നന്തിക്കര ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപിക. അനുജൻ തനുഷ് അങ്കണവാടി വിദ്യാർഥി. ജില്ലയിൽനിന്ന് തരുൺ മഹേഷ് ഉൾപ്പെടെ പത്ത് സ്‌കൂൾ വിദ്യാർഥികളാണ് വ്യാഴാഴ്‌ച വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ നടക്കുന്ന ഓൺലൈൻ സംവാദത്തിൽ പങ്കെടുക്കുന്നത്. വാളൂർ എൻ എസ് ഹൈസ്‌കൂളിലെ എസ് ആരഭി, കുറ്റിക്കാട് സെന്റ് സെബാസ്‌റ്റ്യൻസ് സ്‌കൂളിലെ പി വി അമർനാഥ്, തിരുമുടിക്കുന്ന് പിഎസ്‌എച്ച്‌എസിലെ നെൽവിൻ ബിനോയ്, എറിയാട് ജികെവി എച്ച്‌എസ്‌എസിലെ പി എം റസൽ റാഫി, പെരിങ്ങോട്ടുകര എസ്‌സി ജിഎച്ച്‌എസിലെ യു എ ദേവലക്ഷ്‌മി, തൃശൂർ ഗവ. മോഡൽ എച്ച്‌എസ്‌എസിലെ ആർ വിഷ്‌ണു, എരുമപ്പെട്ടി ഗവ. എച്ച്‌എസ്‌എസിലെ ബി ഭഗത്‌ചന്ദ്ര, കുന്നംകുളം ബിസി ജിഎച്ച്‌എസിലെ എ ജെ ശ്രീലയ, എൻ എസ് ആവണി എന്നിവരാണ് ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ. എട്ടുമുതൽ പ്ലസ്‌ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാണിവർ.









0 comments