ad
Deshabhimani

കാട്ടാന പേടിയിൽ മുള്ളരിങ്ങാട്‌–
മലയിഞ്ചി–വേളൂർ നിവാസികൾ

kattaana

കാട്ടാന ആക്രമണത്തെത്തുടർന്ന് മലയിഞ്ചിയിൽ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Dec 13, 2025, 12:15 AM | 2 min read

കരിമണ്ണൂർ

കാട്ടാന പേടിയിലാണ്‌ മുള്ളരിങ്ങാട്‌, ഉടുന്പന്നൂർ പഞ്ചായത്തിലെ വനമേഖലയോട്‌ ചേർന്ന പ്രദേശങ്ങൾ. മുള്ളരിങ്ങാട്‌ വനാതിർത്തിയായ അമയൽത്തൊട്ടിയിൽ കഴിഞ്ഞ ഡിസംബർ 29ന്‌ അമർ ഇബ്രാഹം എന്ന യുവാവ്‌ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌ വൻ പ്രതിഷേധത്തിനിടയാക്കി. കോതമംഗലം എംഎൽഎ ആന്റണി ജോൺ തന്റെ അതിർത്തിയിൽ പൂർണമായും ഫെൻസിങ്‌ നടത്തിയിരുന്നു. പി ജെ ജോസഫ്‌ എംഎൽഎയും ഡീൻ കുര്യാക്കാസ്‌ എംപിയും കാട്ടാന ആക്രമണത്തിൽനിന്ന്‌ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. പകരം മരണത്തെ രാഷ്‌ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയായിരുന്നു. ജനരോഷം ഉയർന്നതോടെയാണ്‌ എംഎൽഎയും എംപിയും ഫെൻസിങ്ങിന്‌ ഫണ്ടനുവദിച്ചത്‌. ഏഴു കിലോമീറ്ററോളം ദൂരത്തിൽ വനാതിർത്തിയിൽ ഫെൻസിങ്‌ നടപടികൾ പൂർത്തീകരിച്ചതായും ഇനിയും എഴുകിലോ മീറ്ററോളം ഫെൻസിങ്‌ നടക്കാനുണ്ടെന്നും മുള്ളരിങ്ങാട്‌ ഫോറസ്‌റ്റ്‌ അധികൃതർ അറിയിച്ചു. മുള്ളരിങ്ങാട്‌ പ്രദേശത്തെ ആളുകൾ തെല്ല്‌ ആശ്വാസത്തിലാണ്‌. അടുത്തനാളിൽ ഉടുന്പന്നൂർ പ്രദേശത്തെ വനാതിർത്തികളിലെ ജനവാസ മേഖലകളിലാണ്‌ കാട്ടാനകൾ നിലയുറപ്പിച്ചിട്ടുള്ളത്‌. വേളൂർ, തെക്കുംകര, വരിക്കമറ്റം, പുലികാവ്‌, തെക്കുംകഴ, എട്ടിലത്തൊട്ടി, പൊങ്ങംതോട്‌, ആൾക്കല്ല്‌ എന്നീ പ്രദേശങ്ങൾ കാട്ടാനകളുടെ ആവാസമേഖലയാവുകയാണ്‌. ഒരു കൊന്പനും മൂന്ന്‌ പിടിയാനകളും ഒരു കുട്ടിയാനയുമാണ്‌ സംഘത്തിലുള്ളത്‌. 1947ൽ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ അന്നത്തെ സർക്കാർ നാൽപ്പതോളം കർഷകരെ നെൽകൃഷിക്കായി വേളൂർ വനത്തിൽ ഭൂമി നൽകി താമസിപ്പിക്കുകയായിരുന്നു. തേക്ക്‌ പ്ലാന്റേഷനായിരുന്ന ഇവിടെ ചതുപ്പുനിലമായതിനാൽ തേക്കുമരങ്ങൾ വളരാതെ വന്നു. ഇതോടെയാണ്‌ നെൽ കൃഷിക്കായി നീക്കിവച്ചത്‌. കാലം കഴിഞ്ഞതോടെ നെല്ലിന്‌ പകരം തെങ്ങ്‌, കമുക്‌, റബർ, വാഴ, കന്നാര തുടങ്ങിയ കൃഷികൾക്ക്‌ പഴയ നെൽപാടങ്ങൾ വഴിമാറി. വളക്കൂറുള്ള മണ്ണായതിനാൽ നല്ല വിളവും കർഷകർക്ക്‌ ലഭിച്ചുവന്നു. കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങിയതോടെ ഭൂരിപക്ഷം കർഷകരും താമസം വനാതിർത്തികളിൽനിന്ന്‌ മാറി. കൃഷി തുടരുകയും ചെയ്‌തു. അടുത്ത നാളിൽ കാട്ടാനകൾ നിർഭയം കൃഷിയിടങ്ങളിൽ ഇറങ്ങി നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത്‌. പാട്ടയ്‌ക്കൽ അശോകൻ ആൾക്കല്ല്‌ പ്രദേശത്ത്‌ 2500 ഏത്തവാഴകളാ
ണ്‌ നട്ട്‌ പരിപാലിക്കുന്നത്‌. അതിൽ 2400ഓളം കുലവാഴകളാണ്‌ കഴിഞ്ഞ ദിവസം ആന നശിപ്പിച്ചത്‌. പൊട്ടനാനി സുധാകരൻ, ചേരിയിൽ സൈമൺ, ചുണ്ടാട്ട്‌ സന്തോഷ്‌, വരിക്കമറ്റത്ത്‌ ബാബു, പൊങ്ങുംതോട്ടിൽ ജോർജ്‌, ജോണി, പുളിവേലിൽ ആദർശ്‌, രവി, കാക്കരയാനിക്കൽ ചന്ദ്രൻ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങിൻ തൈകളും കമുകും വാഴയും കന്നാരയും ആന നശിപ്പിച്ചു. ചന്ദ്രന്റെ പുരയും തകർത്തു. പകൽ സമയങ്ങളിൽ ഉൾവനത്തിലെ നീർചാലുകൾക്ക്‌ സമീപം നിലയുറപ്പിക്കുന്ന ആനകൾ രാത്രിയാകുന്നതോടെ നിർഭയം കൃഷിയിടങ്ങളിലേക്ക്‌ ഇറങ്ങുകയാണ്‌. കോട്ടക്കവലയിലെ വനം ഓഫീസിനടുത്തുവരെ ആനകൾ എത്തിയിരുന്നു. നാട്ടുകാർ വനപാലകരുടെ സഹായത്തോടെ പടക്കം പൊട്ടിച്ചും തീ പന്തങ്ങൾ ഉയർത്തി ഉച്ചവെച്ചുമാണ്‌ ആനകളെ തുരത്തിയിരുന്നത്‌. എന്നാൽ, ഇപ്പോൾ അതൊന്നും ഫലം കാണുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home