ad
Deshabhimani

നടുറോഡിലെ ‘വിസ്മയ കിണർ’ പുനർനിർമിക്കുന്നു

moolamattam
വെബ് ഡെസ്ക്

Published on Jul 28, 2026, 12:30 AM | 1 min read

മൂലമറ്റം
തൊടുപുഴ– പുളിയന്മല സംസ്ഥാനപാതയിൽ മൂലമറ്റത്തിന് സമീപം കുരുതിക്കളത്ത് റോഡിന് നടുവിലുള്ള അപൂർവ കിണറിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആംബുലൻസ് ഇടിച്ചാണ് കിണറിന്റെ മുകൾഭാഗത്തെ ചുറ്റുമതിലും സംരക്ഷണ സംവിധാനങ്ങളും തകർന്നത്. സംസ്ഥാനത്തുതന്നെ റോഡിനു നടുവിലുള്ള ഏക കിണർ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞിട്ടുള്ള കിണറാണിത്. ആംബുലന്‍സ് ഇടിച്ച് കിണറിന്റെ ഒരു തൂണ്‍ പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നിരുന്നു. ചുറ്റുമതിലിനും കേടുപാടുകളുണ്ട്.
പുളിക്കൽ ചാക്കോയും സഹോദരൻ ഫിലിപ്പോസും ചേർന്ന് അവരുടെ പുരയിടത്തിൽ നിർമിച്ചതാണ് ഈ കിണർ. ശേഷമാണ് സംസ്ഥാന പാതയ്‍ക്കായി റോഡ് വീതികൂട്ടേണ്ടി വന്നത്. സ്ഥലമേറ്റെടുക്കാൻ അധികൃതരെത്തിയപ്പോള്‍ ഇരുവരും വികസനത്തിന് എതിരുനിന്നില്ല. സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായപ്പോള്‍ മുന്നോട്ടുവച്ച ഏക നിബന്ധന കുടുംബത്തിന്റെയും നാട്ടുകാരുടെയും കുടിവെള്ള സ്രോതസ്സായ കിണർ നിലനിർത്തണമെന്നാണ്. ഇത് കണക്കിലെടുത്ത അധികൃതർ കിണർ നിലനിർത്തിക്കൊണ്ട് റോഡിന്റെ അലൈൻമെന്റ് മാറ്റാൻ തയ്യാറായി. റോഡ് വികസനം പൂർത്തിയായപ്പോൾ കിണർ കൃത്യമായി റോഡിന്റെ നടുവിലായി. യാത്രക്കാർക്ക് അപകടമുണ്ടാകാത്ത വിധം കിണറിന് ചുറ്റുമതിൽ നിർമിച്ച്‌ റിഫ്ലക്ടറുകളും സ്ഥാപിച്ചു. കാലക്രമേണ യാത്രക്കാര്‍ക്ക് കൗതുകയിടമായി സ്ഥലം മാറി. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും വാർത്തകളിലൂടെയും ഒരു ലാൻഡ്മാര്‍ക്കുമായി. തകർന്ന ഭാഗങ്ങൾ പുനർനിര്‍മിക്കുന്നതോടെ കുരുതിക്കളത്തെ ഈ അപൂർവ കാഴ്‍ചയും ചരിത്ര സ്‍മാരകവും പഴയ പ്രതാപത്തോടെ സഞ്ചാരികൾക്ക് മുന്നിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home