ad
Deshabhimani

നവ തൊടുപുഴയൊരുക്കാൻ ചാഴികാടൻ

bbm,.

മുട്ടം തോട്ടുംകരയിലെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടനെ കണിക്കൊന്ന നല്‍കി 
സ്വീകരിക്കുന്ന മോനി ദേവസ്യ

avatar
നന്ദു വിശ്വംഭരന്‍

Published on Mar 31, 2026, 10:15 PM | 2 min read

തൊടുപുഴ

മുട്ടം തോട്ടുംകര ജങ്ഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വരുന്നുണ്ടെന്നറിഞ്ഞ് ഓടിയെത്തിയതാണ് മോനി ദേവസ്യ. ജീവിതത്തിലേക്ക് അടച്ചുറപ്പുള്ള വീടിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും വെളിച്ചമേകിയ എല്‍ഡിഎഫ് സര്‍ക്കാരിന് നന്ദി പറയാന്‍. സ്ഥാനാര്‍ഥി സിറിയക് ചാഴികാടൻ സാധാരണക്കാരുമായി സൗഹൃദം പങ്കിടുന്നതിനിടെയാണ് തന്നെ നോക്കിനില്‍ക്കുന്ന മോനിയമ്മയെ ശ്രദ്ധിച്ചത്. അരികിലെത്തിയതും ഒരു മകനോടെന്ന പോലെ മോനിയമ്മ ഹൃദയംതുറന്നു, ഞങ്ങള്‍ക്ക് വീടായി, ഭര്‍ത്താവിനും തനിക്കും പെൻഷനും കിട്ടുന്നുണ്ട്...അതൊരു കരച്ചിലാകാതെ ചാഴികാടൻ അവരെ ചേര്‍ത്തുപിടിച്ചു. ഇനിയും ഇത് തുടരണം, എന്നേപ്പോലെ എത്രയോ പേരുണ്ട്, എല്ലാവര്‍ക്കും സഹായം കിട്ടണ്ടേ, മോനിയമ്മ പറഞ്ഞു. 2025ലാണ് നിലയ്‍ക്കക്കാട്ടില്‍ മോനിയമ്മ(70)യ്‍ക്കും ഭര്‍ത്താവ് ദേവസ്യയ്‍ക്കും ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. അന്തരിച്ച മകന്റെ രണ്ട് കുട്ടികളും ഇവര്‍ക്കൊപ്പമാണ്. മറ്റ് ജോലികള്‍ക്ക് പോകാൻ ഇരുവരുടെയും ആരോഗ്യം അനുവദിക്കുന്നില്ല, എങ്കിലും തൊഴിലുറപ്പിന് പോകുന്നുണ്ട് മോനിയമ്മ. ​മുട്ടം അമ്പാട്ട് ഉന്നതിയിലെ ശ്രീജ ശ്രീജിയും ജി ആനന്ദവല്ലിയും ശാന്തയും അഖിലുമൊക്കെ എത്തിയത് പ്രദേശത്തിന്റെയാകെ മുഖച്ഛായ മാറ്റുന്ന ബൈപാസ് നിര്‍ദേശവുമായാണ്. ഉന്നതിയിലൂടെ മുട്ടം വില്ലേജ് ജങ്ഷനിലേക്കും തൊടുപുഴ മുട്ടം വഴിക്ക് മലങ്കര ഡാമിന്റെ പ്രവേശന കവാടത്തിലേക്കും എത്തുന്ന ബൈപാസ് യാത്രാസൗകര്യവും വിനോദസഞ്ചാര സാധ്യതയും സമ്മാനിക്കുന്നു. മുട്ടം ടൗണിലെ ഗതാഗത പ്രശ്‍നങ്ങള്‍ക്കും അറുതിയാകും. ഉന്നതിയിലൊരു കുളിക്കടവ്, കുട്ടികള്‍ക്കായി റിക്രിയേഷൻ സെന്റര്‍ എന്നീ ആവശ്യങ്ങളും നിവാസികള്‍ പറഞ്ഞു. എംഎല്‍എ തിരിഞ്ഞുനോക്കാത്ത ഉന്നതിയില്‍ ചാഴികാടൻ പുതുപ്രതീക്ഷയാണ്. കരിങ്കുന്നം പഞ്ചായത്ത് ഏഴാംവാര്‍ഡ് ഇല്ലിചാരിയില്‍ ജനം ചാഴികാടനെ കാത്തിരുന്നത് കുടിവെള്ളമില്ലാത്ത ദുരവസ്ഥ വിവരിക്കാനാണ്. നിലവിലെ എംഎല്‍എയ്‍ക്ക് പരാതികളും നിവേദനങ്ങളും നല്‍കി മടുത്ത ജനത. കുടിവെള്ളം പണം നല്‍കി വാങ്ങേണ്ട ഗതികേടിലാണ് ഇവര്‍. ഒരു ടാങ്കില്‍ വെള്ളമെത്തുമ്പോള്‍ 700ലേറെ രൂപയാണ് ഒരു കുടുംബത്തിനാകുക. ഇത് കുറച്ച് ദിവസത്തേക്ക് മാത്രമാണ് തികയുക. കിണറുകള്‍ അപൂര്‍വം, കുഴല്‍ കിണറില്ല.

എംഎല്‍എ തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നല്‍കി മടങ്ങും. ഈ നിലപാടില്‍ ഇല്ലിചാരിയിലെ 150ഓളം കുടുംബങ്ങള്‍ മടുത്തു. ഈ പ്രശ്‍നം പരിഹരിക്കാൻ താന്‍ ജനപ്രതിനിധിയാണോ അല്ലയോ എന്ന് നോക്കേണ്ടെന്നും ഒരുവര്‍ഷത്തിനുള്ളില്‍ ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നുമുള്ള ചാഴികാടന്റെ വാക്കുകള്‍ പ്രതീക്ഷയോടെ ജനം സ്വീകരിച്ചു. ​സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തൊട്ടറിഞ്ഞവരും നിലവിലെ എംഎല്‍എയുടെ അവഗണനയില്‍ മനംമടുത്തവരുമാണ് സിറിയക് ചാഴികാടന്റെ സ്വീകരണ കേന്ദ്രങ്ങളില്‍ നിറയുന്നത്. രാവിലെ പ്ലാന്റേഷനില്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ ഐ ആന്റണിയാണ് പര്യടനം ഉദ്ഘാടനംചെയ്‍തത്. മുട്ടം, കരിങ്കുന്നം, പുറപ്പുഴ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ചു. വൈകിട്ട് കരിങ്കുന്നത്ത് സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home