ad
Deshabhimani

അന്തർസംസ്ഥാന യോഗം

ഈ മണ്ഡലകാലവും സുരക്ഷിതമാക്കും

SABARI
വെബ് ഡെസ്ക്

Published on Nov 12, 2025, 01:08 AM | 1 min read

കുമളി

ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമയാത്രയും സുരക്ഷാ, ആരോഗ്യ സംവിധാനങ്ങളും ഉറപ്പാക്കാൻ കേരള, തമിഴ്‍നാട് സര്‍ക്കാരുകള്‍. ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥര്‍ തേക്കടി ആനവച്ചാല്‍ ബാംബു ഗ്രോവില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തീരുമാനം. ഇടുക്കി, തേനി കലക്‍ടര്‍മാരായ ഡോ. ദിനേശൻ ചെറുവാട്ട്, രഞ്ജിത് സിങ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് മണ്ഡലകാലത്ത് കുമളി വഴി കടന്നുപോകുന്നത്. ഗതാഗത നിയന്ത്രണം, സുരക്ഷ, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയവയില്‍ ഇരു ജില്ലാ ഭരണകൂടവും കൂട്ടായ തീരുമാനമെടുത്തെന്ന് കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു. ​

ആവശ്യമെങ്കില്‍ 
വണ്‍ വേ ട്രാഫിക്

മകരവിളക്ക് സമയത്ത് ക്രമാതീതമായ തിരക്കുണ്ടായാൽ വൺവേ ട്രാഫിക്ക് ഏർപ്പെടുത്തും. പരമ്പരാഗത കാനന പാതയിലുൾപ്പടെ പ്രധാന ഇടത്താവളങ്ങളിൽ 24മണിക്കൂറും വൈദ്യസഹായമുണ്ടാകും. ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കും. റോഡ് സുരക്ഷയ്‍ക്കും തീർഥാടകർക്ക് വൈദ്യസഹായത്തിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് തേനി കലക്ടര്‍ രജ്ഞിത്ത് സിങ്ങും പറഞ്ഞു. 
 റോഡ് സുരക്ഷ, മാലിന്യനിക്ഷേപം എന്നിവയില്‍ ജനങ്ങളെ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരിക്കും. പ്ലാസ്റ്റിക് കുപ്പികൾ പരമാവധി ഒഴിവാക്കും. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കും. പുല്ലുമേട് ഒഴികെയുള്ള ഇടത്താവളങ്ങളിൽ 24മണിക്കൂറും വൈദ്യ സഹായമുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പുനല്‍കി. പുല്ലുമേട്ടിൽ പകൽ സേവനമുണ്ടാകും. വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് എന്നിവിടങ്ങളിൽ 24മണിക്കൂറും ആംബുലൻസ് ഏര്‍പ്പെടുത്തും. കല്ലിടാംകുന്നിൽ ഓക്സിജൻ പാർലർ സൗകര്യത്തോടെയാകും വൈദ്യസഹായം. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുമുണ്ടാകും. വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു, ഇടുക്കി സബ് കലക്ടർ അനൂപ് ഗാർഗ്, തേനി എഡിഎസ്‍പി പി കലൈക്കതിരവൻ, എഡിഎം ഷൈജു പി ജേക്കബ്‌, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പി യു സാജു തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home