ad
Deshabhimani

ഏഷ്യൻ ഗെയിംസ്; 'ഇന്ത്യക്ക് സൂപ്പർ ഡേ', ഏഴാം ദിനം ഏഴ് മെഡൽ

Asian

Photo:X

വെബ് ഡെസ്ക്

Published on Sep 26, 2026, 08:24 PM | 1 min read

നയോഗ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് സൂപ്പർ ഡേ. രണ്ട് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഏഴ് മെഡലാണ് സ്വന്തമാക്കിയത്. ഇതോടെ ആകെ മെഡൽ നേട്ടം 30 ആയി. നാല് സ്വർണം, 12 വെള്ളി, 14 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഇന്നലെ 12-ാം സ്ഥാനത്തായിരുന്ന ഇന്ത്യ മെഡൽ പട്ടികയിൽ 10-ാം സ്ഥാനത്തേക്കും മുന്നേറി.


കബഡിയിൽ പുരുഷ, വനിതാ ടീമുകൾ ഇന്ത്യക്കായി സ്വർണം നേടി. ഇരുടീമുകളും കിരീടം നിലനിർത്തി. വനിതാ ടീം ഫൈനലിൽ ഇറാനെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. അത്‌ലറ്റിക്സിൽ പുരുഷന്മാരുടെ മാരത്തണിൽ സവാൻ ബർവാൾ വെള്ളി നേടി. 2 മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ സവാൻ ദേശീയ റെക്കോഡും കുറിച്ചു.


പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് തൂറും വെള്ളി നേടി. വനിതകളുടെ 400 മീറ്ററിൽ പ്രാചി ചൗധരി വെങ്കലം നേടി. ഫൈനലിൽ മൂന്നാം സ്ഥാനത്താണ് പ്രാചി ഫിനിഷ് ചെയ്തത്. ഷൂട്ടിങ്ങിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ തിലോത്തമ സെൻ, വിദർശ കെ വിനോദ്, ആഷി ചൗക്‌സി എന്നിവരടങ്ങിയ ഇന്ത്യൻ ടീം വെള്ളി നേടി.


സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ജോഷ്ന ചിന്നപ്പ–വേലവൻ സെന്തിൽകുമാർ സഖ്യം വെങ്കലം നേടി. സെമിഫൈനലിൽ ഹോങ്കോങിന്റെ ലീ കാ യി–ടാങ് മിങ് ഹോങ് സഖ്യത്തോട് തോറ്റതോടെയാണ് ഇന്ത്യൻ സഖ്യത്തിന് വെങ്കലം ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home