വയോധികയെ കെട്ടിയിട്ട് കവർച്ച, ഒരാൾ പിടിയിൽ

പ്രതി സരോജ

സ്വന്തം ലേഖകൻ
Published on Dec 20, 2025, 12:00 AM | 1 min read
രാജകുമാരി
രാജകുമാരി നടുമറ്റത്ത് കഴിഞ്ഞദിവസം വീട്ടിൽ കയറി വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് ബനാൻസിന്റ ഭാര്യ സോണിയ എന്ന് വിളിക്കുന്ന സരോജ(38)യെയാണ് രാജാക്കാട് പൊലീസ് അറസ്‌റ്റ്‌ചെയ്‌തത്. ഇവരുടെ പേരിൽ മറ്റ് കേസുകളും നിലവിലുണ്ട്. കോട്ടയം മണർകാട്ടുള്ള വാടക വീട്ടിൽനിന്ന് വ്യാഴം രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. പ്രതിയുടെ പേരിൽ പാമ്പാടി സ്റ്റേഷനിൽ ഒമ്പത് കേസുകളുണ്ട്. ഇക്കഴിഞ്ഞ 16ന് രാവിലെയാണ് നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ മാതാവ് മറിയക്കുട്ടിയുടെ സ്വർണം കവർച്ച ചെയ്‌തത്. രണ്ട് സ്ത്രീകൾ ഉൾപ്പെടുന്ന മൂന്നംഗ സംഘം അതിക്രമിച്ച് കയറി മറിയക്കുട്ടിയെ തുണികൊണ്ട് മേശയിൽ കെട്ടിയിട്ടു.
വിരലിലുണ്ടായിരുന്ന എട്ട് ഗ്രാം വരുന്ന മൂന്ന് മോതിരങ്ങൾ ഊരിയെടുത്തു. പിന്നീട് അലമാര തുറന്ന് 3000 രൂപയും എടുത്തു. ഇതിനിടെ കെട്ടഴിച്ച് പുറത്തേക്ക് പാഞ്ഞ മറിയക്കുട്ടി ബഹളമുണ്ടാക്കി. സമീപം ജോലിയിലേർപ്പെട്ടിരുന്നവർ എത്തിയപ്പോഴേക്കും മോഷണസംഘം ഓടി രക്ഷപ്പെട്ടു. രാജാക്കാട് പൊലീസിന്റെ അന്വേഷണത്തെതുടർന്നാണ് ഒരാൾ പിടിയിലായത്. വീടിനടുത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ മനസ്സിലാക്കാൻ സാഹായിച്ചത്. താമസിയാതെ മറ്റു പ്രതികൾ വലയിലാകുമെന്നും പൊലീസ് അറിയിച്ചു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










0 comments