അടിയന്തരമായി വെട്ടിമാറ്റണം
മുരിക്കുംതൊട്ടിയിൽ പാതയോരത്ത് ഭീഷണിയായി മരങ്ങൾ

മുരിക്കുംതൊട്ടിക്കും പൂപ്പാറയ്ക്കുമിടയിൽ റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ
രാജാക്കാട്
രാജാക്കാട്– പൂപ്പാറ റോഡിൽ മുരിക്കുംതൊട്ടിക്ക് സമീപം പാതയോരത്ത് അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കണമെന്ന ആവശ്യം ഉയരുന്നു. നിരവധി മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞും വൈദ്യുതി ലൈനിന് സമീപമായും അപകടകരമായ നിലയിലുള്ളത്. വളവുള്ള ഭാഗത്തായതിനാൽ മരങ്ങൾ കൂടുതൽ അപകടഭീഷണി ഉയർത്തുന്നു. ഏത് സമയത്തും റോഡിലേക്ക് പതിക്കാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. ചരക്കുവണ്ടി ഉൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. എൻജിനിയറിങ് കോളേജ്, ഗവൺമെന്റ് യുപി സ്കൂൾ, ഇന്റർനാഷണൽ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. വൈദ്യുതി ലൈനിനോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ കെഎസ്ഇബി അധികൃതർ കൂട്ടാക്കുന്നില്ല. മഴയും ശക്തമായ കാറ്റുമുണ്ടാകുന്ന സാഹചര്യത്തിൽ വലിയ അപകടം സംഭവിക്കും മുമ്പ് ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് മരങ്ങൾ മുറിച്ചുനീക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.










0 comments