അല്ലലില്ലാതെ ഓണം
34,292 കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ്

കട്ടപ്പന കുരിശുമല നഗറിലെ സീത മുരുകൻ ഓണക്കിറ്റുമായി

സ്വന്തം ലേഖകൻ
Published on Aug 31, 2025, 12:15 AM | 1 min read
ഇടുക്കി
അല്ലലില്ലാതെ ഓണമുണ്ണാൻ സര്‍ക്കാര്‍ നല്‍കുന്ന സ്‌നേഹസമ്മാനം സ്വീകരിച്ച് റേഷൻകട വിടുമ്പോള്‍ സാധാരണക്കാർക്ക് തെല്ലൊന്നുമല്ല ആശ്വാസം. വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടലിന് ജനങ്ങൾ നൽകുന്നത് നൂറുമാർക്കാണ്. ജില്ലയിൽ വെള്ളിയാഴ്‌ച മുതൽ പൊതുവിതരണ കേന്ദ്രങ്ങൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങി. 34,292 കുടുംബങ്ങൾക്കാണ് സൗജന്യ കിറ്റ് ലഭിക്കുക. സദ്യക്കുള്ള എല്ലാ സാമഗ്രികളും കിറ്റിലുണ്ട്. പച്ചക്കറികൾ സപ്ലൈകോ, കൺസ്യൂമർ ഫെഡ്, കുടുംബശ്രീ മുതലായവ ഓണച്ചന്തകൾ വഴിയും വിലക്കുറവിൽ വാങ്ങാം. ഓണം കുശാലാകുമെന്നതിന് ഇനിയെന്ത് ഉറപ്പുവേണം.
14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് മഞ്ഞക്കാർഡ് ഉടമകൾക്ക് നൽകുന്നത്. പഞ്ചസാര– ഒരുകിലോ, വെളിച്ചെണ്ണ അരലിറ്റർ, തുവരപ്പരിപ്പ്, ചെറുപയർ, വൻപയർ എന്നിവ 250ഗ്രാം, കശുവണ്ടി 50ഗ്രാം, മിൽമ നെയ്യ് 50 മില്ലി, ശബരി ഗോൾഡ് തേയില 250ഗ്രാം, പായസം മിക്‌സ് 200ഗ്രാം, ശബരി മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ 100ഗ്രാം, ഉപ്പ് ഒരുകിലോ എന്നിവയാണ് കിറ്റിലുള്ളത്. ഇവയ്‌ക്കൊപ്പം തുണിസഞ്ചിയും ലഭിക്കും.
സപ്ലൈകോ, കൺസ്യൂമർഫെഡ് ഓണച്ചന്തകൾ പഞ്ഞമില്ലാതെ ഓണം സമ്മാനിക്കാൻ സപ്ലൈകോ, കൺസ്യൂമർഫെഡ് വിലക്കുറവിന്റെ മഹാമേളകളുമായി 26മുതൽ ഒപ്പമുണ്ട്. സപ്ലൈകോയുടെ ജില്ലാ ഫെയർ തൊടുപുഴയിലും പ്രത്യേക ഫെയർ കട്ടപ്പനയിലും നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഓണച്ചന്തകളും പ്രവർത്തിക്കുന്നു. സഞ്ചരിക്കുന്ന ഓണച്ചന്തയും റൂട്ടുകളിൽ ‘ലാഭ സർവീസ്’ നടത്തുന്നു. പൊതുവിപണിയിൽ 1562 രൂപയിലധികം വിലയുള്ള 13 ഇന സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ 1074 രൂപയ്‌ക്ക് സപ്ലൈകോ നൽകുന്നത്. എട്ട് ത്രിവേണി സ്റ്റോറുകളിലും 76 സഹകരണ സംഘങ്ങളിലുമാണ് കൺസ്യൂമർഫെഡ് ചന്തകൾ. കട്ടപ്പന സഹകരണ ബാങ്കിലാണ് ജില്ലാമേള നടക്കുന്നത്. പൊതുവിപണിയിൽ 1529 രൂപ വിലയുള്ള 13 ഇനങ്ങളാണ് 1043 രൂപയ്‌ക്ക് കൺസ്യൂമർഫെഡിൽനിന്ന് ലഭിക്കുന്നത്.








0 comments