അണക്കെട്ട് നിർമാണകാലത്തെ തനിമ വീണ്ടെടുത്ത് ഇരുമ്പുബോട്ട്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണ വേളയിൽ ഉപയോഗിച്ച ഇരുമ്പ് ബോട്ട്
കെ എ അബ്ദുൾ റസാഖ്
Published on Jan 21, 2026, 12:16 AM | 1 min read
കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണ വേളയിൽ ഉപയോഗിച്ച ഇരുമ്പ് ബോട്ട് ലോവർ ക്യാമ്പിൽ പെന്നി ക്വിക്ക് സ്മാരക മ്യൂസിയം വളപ്പിൽ. അണക്കെട്ടിന്റെ നിർമാണ സമയത്ത്, മണൽ, ചരൽ മറ്റ് അത്യാവശ്യ നിർമാണ വസ്തുക്കൾ എന്നിവയുൾപ്പെടെ തേക്കടിയിൽനിന്നു കൊണ്ടുപോകാൻ ഇരുമ്പ് ബോട്ട് ഉപയോഗിച്ചിരുന്നു. അണക്കെട്ടിന് സമീപം റിസർവോയറിനടുത്തായി ബോട്ട് വർഷങ്ങളായി സൂക്ഷിക്കുകയായിരുന്നു. രണ്ടുവർഷം മുമ്പാണ് ലോവർ ക്യാമ്പ് പെന്നിക്വിക്ക് മ്യൂസിയത്തിൽ കൊണ്ടുവന്നത്. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ മൂന്ന് കഷണങ്ങളായി മുറിച്ച് ലോവർ ക്യാമ്പിൽ കൊണ്ടുവന്ന് വീണ്ടും കൂട്ടിയോജിപ്പിച്ച് പെയിന്റ് ചെയ്ത് പ്രദർശിപ്പിച്ചു വരുന്നു. തെക്കൻ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. 1887-ൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടതൂർന്ന വനപ്രദേശങ്ങൾ, വന്യമൃഗങ്ങളുടെയും പാമ്പുകളുടെ വിഹാരകേന്ദ്രമായ വനമേഖലയിലാണ് അണക്കെട്ട് നിർമിച്ചത്. 1895 ഒക്ടോബർ 10-ന് അണക്കെട്ടിൽ നിന്നുള്ള വെള്ളം ആദ്യമായി തമിഴ്‌നാട് മേഖലയിലേക്ക് തുറന്നുവിടുകയും ചെയ്തു. തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലായി 2.47 ലക്ഷം ഏക്കർ കൃഷിഭൂമിക്ക് ജലസേചനം നൽകാൻ വെള്ളം ഉപയോഗിക്കുന്നു. പെന്നിക്വിക്കിന്റെ സ്മരണയ്ക്കായി, ലോവർ ക്യാമ്പിൽ 1.25 കോടി രൂപ ചെലവഴിച്ച് നിർമിച്ച സ്മാരകം 2013 ജനുവരി 15ന് ഉദ്ഘാടനം ചെയ്തു. അതിനുശേഷം, എല്ലാ വർഷവും, പെന്നിക്വിക്കിന്റെ ജന്മദിനമായ ജനുവരി 15 സ്മാരകത്തിൽ പൊങ്കൽ ഉത്സവമായി ആഘോഷിക്കുന്നു. 2019ൽ സർക്കാർ ഉത്സവമായി പ്രഖ്യാപിക്കുകയും തുടർച്ചയായി ആഘോഷിക്കും. നിലവിൽ ഓഡിറ്റോറിയത്തിൽ പെന്നി ക്വിക്ക് ഉപയോഗിച്ചിരുന്ന ചാരിയിരിക്കുന്ന കസേര, നിർമാണ പ്രവർത്തനങ്ങളിൽ എടുത്ത ഫോട്ടോകൾ, അണക്കെട്ടിന്റെ മാതൃക എന്നിവയുണ്ട്.










0 comments