ശബരിമല മണ്ഡലകാലം; ഒരുക്കങ്ങളായി

ഇടുക്കി
ശബരിമല മണ്ഡലകാല ഉത്സവത്തിന് ജില്ലയിൽ മുന്നൊരുക്കങ്ങൾ തുടങ്ങി. യോഗത്തിൽ കലക്ടർ ദിനേശന്‍ ചെറുവാട്ട് അധ്യക്ഷനായി. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വളഞ്ഞങ്ങാനം സന്ദര്‍ശിച്ച് അപകടകാരണം പരിശോധിക്കും. തുടർനടപടികൾക്കായി നാഷണല്‍ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് റോഡ് വിഭാഗം, പൊലീസ്, ആര്‍ടിഒ, ഫയര്‍ ആൻഡ് റെസ്‌ക്യു എന്നീ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍, വാഹനപാര്‍ക്കിങ് എന്നിവ ഒരുക്കുന്നതിന് സ്ഥലസൗകര്യം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആര്‍ടിഒ, തദ്ദേശ ജോയിന്റ് ഡയറക്ടര്‍, പൊലീസ് എന്നീ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ക്ക് ശുദ്ധജല ലഭ്യത, ടോയ്‌ലറ്റ് സംവിധാനങ്ങള്‍, വെയ്സ്റ്റ് ബിന്നുകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്തുകള്‍ ഉറപ്പുവരുത്തണം. വണ്ടിപ്പെരിയാര്‍, കുമളി, ഏലപ്പാറ, പെരുവന്താനം, പീരുമേട്, കരുണാപുരം, കാഞ്ചിയാര്‍ പഞ്ചായത്തുകളില്‍ പാര്‍ക്കിങ് ഗ്രൗണ്ടും തുറക്കും.
തീർഥാടനപാതകൾ സജ്ജമാക്കും
തീര്‍ഥാടനപാതകളിലെ ഓടകള്‍ വൃത്തിയാക്കുകയും മണ്ണ് കോരി നീക്കം ചെയ്യും. റോഡുകളുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. ദേശീയ പാതയിലെ ട്രാഫിക് ലൈനുകള്‍ കൃത്യമായി മാര്‍ക്ക് ചെയ്യാനും പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന് നിര്‍ദേശം നല്‍കി. കുമളി, വണ്ടിപ്പെരിയാര്‍, ഏലപ്പാറ, കട്ടപ്പന എന്നിവിടങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ ട്രാഫിക് പൊലീസിനെ വിന്യസിക്കും. തിരക്ക് കൂടുമ്പോള്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. തീര്‍ഥാടകരുടെ പരിശോധന പൊലീസും വനം വകുപ്പും സംയുക്തമായി നടത്തും. ദീര്‍ഘനേരത്തെ ക്യൂ ഒഴിവാക്കും.
കാനനപാതകളിലെ മരംമുറിക്കും
കാനനപാതയും മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും വനംവകുപ്പിന് നിര്‍ദേശം നല്‍കി. സ്‌പോട്ട് ബുക്കിങ് നടത്തി പാസ് അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കി. കഴുതക്കുഴി മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ സ്ട്രീറ്റ് ലൈറ്റ് സംവിധാനം സ്ഥാപിക്കാനും സത്രത്തില്‍ ടോയ്‌ലറ്റുകള്‍ ലേലം ചെയ്യാനും ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു.
ദേശീയപാതയിൽ ബാരിക്കേഡുകൾ
റോഡുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കാൻ കലക്ടർ ദേശീയപാത അതോരിറ്റിക്ക് നിര്‍ദേശം നല്‍കി. ബാരിക്കേഡ് ഇല്ലാത്ത സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കും. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ റിഫ്‌ലക്ടറുകള്‍, റെഡ് ലൈറ്റുകള്‍, സൈന്‍ ബോര്‍ഡുകള്‍ എന്നിവയും ഒരുക്കണം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പാതകളുടെ നവീകരണ ജോലി അടിയന്തരമായി പൂര്‍ത്തിയാക്കാനും അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്താനും യോഗത്തില്‍ തീരുമാനിച്ചു. മുട്ടം മുതല്‍ കള്ളിപ്പാറ വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് യോഗം നിര്‍ദേശം നല്‍കി. മകരവിളക്കിനോട് അനുബന്ധിച്ച് ഉപ്പുതറ മുതല്‍ കോഴിക്കാനംവരെ 15 പോയിന്റുകളിലും പാഞ്ചാലിമേട്, പരുന്തുംപാറ, മ്ലാപ്പാറ എന്നിവിടങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിയോട് നിര്‍ദേശിച്ചു. എക്‌സൈസ് വകുപ്പ്24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ടീമിനെ ഇടത്താവളങ്ങളിലും കുമളി, കമ്പംമെട്ട് ചെക്ക്‌പോസ്റ്റുകളിലും നിയോഗിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂർ പട്രോളിംഗ് നടത്തും . കുട്ടിക്കാനം കേന്ദ്രീകരിച്ച് സെയ്ഫ് സോണ്‍ പ്രൊജക്ട്, ആക്‌സിഡന്റ് - റിപ്പയര്‍ അസിസ്റ്റന്റസ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. റവന്യു, ജില്ലാ സിവില്‍ സപ്ലൈ, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി ഭക്ഷ്യ സാധനങ്ങളുടെ അളവ് തൂക്കം, ഗുണനിലവാരം, വിലനിയന്ത്രണം എന്നിവ പരിശോധിക്കുന്നതിന് സ്‌ക്വാഡ് രൂപീകരിക്കും. ഭക്ഷ്യ സാധനങ്ങളുടെ വില ഏകീകരിച്ച് വില വിവിര പട്ടിക ആറ് ഭാഷകളില്‍ പ്രസിദ്ധീകരിക്കുംതീര്‍ത്ഥാടനപാതയിലും, ഇടത്താവളങ്ങളിലും, എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കാൻ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
മഞ്ജുമല വില്ലേജില്‍ കണ്‍ട്രോള്‍ റൂം
കുമളിയില്‍ ഫെസിലിറ്റി സെന്റര്‍ ആരംഭിക്കാനും ആവശ്യാനുസരണം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ടോയ്‌ലറ്റ്, വിശ്രമ കേന്ദ്രം, കുടിവെള്ള വിതരണം, പാര്‍ക്കിങ് സൗകര്യം എന്നിവ വണ്ടിപ്പെരിയാര്‍, പീരുമേട്, കുമളി, ഏലപ്പാറ പഞ്ചായത്തുകൾ ഏർപ്പെടുത്തും. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, വിവിധ വകുപ്പ് മേധവികള്‍ എന്നിവർ പങ്കെടുത്തു.










0 comments