ad
Deshabhimani

ഓടിയകലുന്നു കാളവണ്ടികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2025, 12:15 AM | 1 min read

കുമളി

കാളയുടെ നടപ്പുതാളത്തില്‍ തന്നെയൊരു സഞ്ചാരം. വേഗം കൂടിയാലും കുറഞ്ഞാലും താളം തെറ്റില്ല. യാത്ര ചെയ്‍തിട്ടുള്ളവര്‍ക്ക് കാളവണ്ടിയെന്ന് കേട്ടാല്‍ ആദ്യം ഓര്‍മവരുന്നത് ഈ താളമാകും. കാളവണ്ടികള്‍ നിരനിരയായി പോകുന്നത് കാണാൻ അതിലും ഭംഗി. ഈ ഭംഗിയും താളവും കുമളിയുടെ വീഥികളിലേക്കിനിയില്ല. ഒന്നര നൂറ്റാണ്ട് മുമ്പ് കമ്പത്തുനിന്ന് കുമളിയിലേക്ക് ആരംഭിച്ച കാളവണ്ടിയാത്ര നിലച്ച അവസ്ഥയിലാണ്. ശബരിമല തീർഥാടകരുടെ പരമ്പരാഗത ഇടത്താവളമായിരുന്നു കുമളി. അക്കാലത്ത് യാത്രയ്‍ക്ക് കുതിരവണ്ടികളെയും കാളവണ്ടികളെയുമാണ് ആശ്രയിച്ചിരുന്നത്. മോട്ടോർ വാഹനങ്ങൾ കളം പിടിച്ചപ്പോഴും കുമളിയിലേക്കുള്ള കാളവണ്ടികൾക്ക് കുറവില്ലായിരുന്നു. ഗ്രാമീണ കാർഷിക സംസ്കൃതിയുടെ പിന്തുടർച്ചയെന്ന പോലെ ഈ യാത്രകള്‍ വാര്‍ത്തകളിലും ഇടംപിടിച്ചു. സ്വന്തമായി വണ്ടിയും കാളയുമുള്ളവർക്ക്‌ സമൂഹത്തിൽ വലിയ പരിഗണനയുമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും ഇപ്പോഴും കാളവണ്ടികൾക്ക് സ്ഥാനമുണ്ട്. കമ്പം, തേനി, ഗൂഡല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പലചരക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കുമളിയിൽ എത്തിക്കാൻ നേരത്തെ വ്യാപാരികൾ പ്രധാനമായും ആശ്രയിച്ചിരുന്നത് കാളവണ്ടികളെയാണ്. തമിഴ്നാട്ടിലെ കടകളിൽനിന്ന്‌ വാങ്ങുന്ന സാധനങ്ങൾ കാളവണ്ടിക്കാർ നേരിട്ടെത്തി വണ്ടിയിൽ കയറ്റി കുമളിയിലെ സ്ഥാപനങ്ങളിൽ ഇറക്കിക്കൊടുക്കും. മോട്ടോർ വാഹനങ്ങളിൽ കൊണ്ടുവരുന്നതിനേക്കാൾ ചെലവും കുറവായിരുന്നു.

സമീപ പ്രദേശങ്ങളിൽനിന്നും സാധനങ്ങൾ കയറ്റിയാണ് കാളവണ്ടികള്‍ തിരികെ പോയിരുന്നത്. കുമളിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റുപ്രദേശങ്ങളിൽനിന്ന്‌ വരുന്നവർക്കും കൗതുക കാഴ്‌ചയായിരുന്നു കാളവണ്ടികൾ. കോവിഡിന് മുമ്പുവരെ ദിവസവും കാളവണ്ടികൾ കമ്പം ഗൂഡല്ലൂർ പ്രദേശങ്ങളിൽനിന്ന്‌ കുമളിയിലേക്ക് ചരക്കുമായെത്തിയിരുന്നു. ഇപ്പോൾ കുമളിയിലേക്കുള്ള കാളവണ്ടികൾ നിലച്ച അവസ്ഥയിലാണ്. മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണത്തിന് ആവശ്യമായ സാധനസാമഗ്രികൾ എത്തിച്ചതും പ്രധാനമായും കാളവണ്ടി, പോത്തുവണ്ടി എന്നിവയിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home