ഇപ്പോൾ തമിഴ്‌നാട് കോതയാർ വനമേഖലയിൽ
അരിക്കൊമ്പനെ തേക്കടിയിൽ തുറന്നുവിട്ടിട്ട് മൂന്നുവർഷം

മയക്കുവെടിവച്ച് പിടിച്ച അരിക്കൊമ്പനെ വനം വകുപ്പിന്റെ പ്രത്യേക വാഹനത്തിൽ കൊണ്ടുപോകുന്നു (ഫയൽചിത്രം)
കെ എ അബ്‌ദുൾ റസാഖ്
Published on May 01, 2026, 12:30 AM | 2 min read
കുമളി
ചിന്നക്കനാലിലും സമീപപ്രദേശങ്ങളിലുമായി നിരവധി പേരെ കൊന്ന് ഭീതി പടർത്തിയ അരിക്കൊമ്പനെ തേക്കടി വനമേഖലയിൽ തുറന്നു വിട്ടിട്ട് മൂന്നുവർഷം. 2023 ഏപ്രിൽ 30ന് പുലർച്ചെ 5.15നാണ് പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്. കാടിന്റെ സാധാരണ അന്തരീക്ഷം ഉറപ്പാക്കിയാണ് വനംവകുപ്പ് കൊമ്പന് സുരക്ഷിത കേന്ദ്രമൊരുക്കിയത്. എന്നാൽ തേക്കടിയിൽ ആവശ്യത്തിന് വെള്ളവും തീറ്റയും ഉണ്ടായിട്ടും അരിക്കൊമ്പൻ മറ്റ് വഴി തേടി തമിഴ്നാട്ടിലേക്ക് കടന്നു. ഒരുപക്ഷെ തിരികെ ചിന്നക്കനാലിൽ എത്തുന്നതിനുവേണ്ടിയാകാം. പ്രത്യേക ദൗത്യസംഘം പിടികൂടിയ അരിക്കൊമ്പനെ 30ന് പുലര്‍ച്ചെ 5.15ഓടെയാണ് സീനിര്‍ ഓടയ്‍ക്ക് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിൽ തുറന്നുവിട്ടത്. ഏപ്രിൽ 29ന് രാത്രി 10.30ഓടെയായിരുന്നു കുമളിയിലെത്തിച്ചത്. ഇവിടെനിന്നും 18 കിലോ മീറ്റർ ദൂരെയാണ് തുറന്നു വിട്ട സ്ഥലം. കുമളി –മൂന്നാർ പാതവഴി രാത്രി 10 ഓടെ കൊട്ടാരക്കര-– ദിണ്ടിഗൽ ദേശീയപാതയിൽ പ്രവേശിച്ചു. തുടർന്ന് തേക്കടി കവലയിൽനിന്നും അമ്പാടി ജങ്ഷനിലൂടെ മംഗളാദേവി റോഡിലേക്ക് അരിക്കൊമ്പനുമായി ലോറിയെത്തി. ഇവിടെനിന്നും മംഗളാദേവിയിലേക്കുള്ള മെറ്റൽ റോഡിൽ ഒമ്പത് കിലോ മീറ്റർ സഞ്ചരിച്ച് കരടി കവലയിൽനിന്നും വലതുവശത്തായുള്ള റോഡിലൂടെ സീനിയർ ഓട റോഡിലേക്ക് കടന്നു. ഇവിടേക്കുള്ള ജീപ്പ് റോഡ് ലോറിക്ക് കടന്നുപോകാനായി അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കിയിരുന്നു. മൺറോഡ് ആയതിനാൽ മഴമൂലം ചെളി രൂപപ്പെട്ടു. യാത്ര ദുഷ്‍കരമായിരുന്നു. ചെളികാരണം പലയിടങ്ങളിലും വാഹനം വഴുതിമാറി. ഇത് ആനയെ തുറന്നുവിടാൻ വൈകാനും കാരണമായി. പെരിയാർ തടാകത്തിന്റെ തീരപ്രദേശം ആയതിനാൽ ഭക്ഷണത്തിനൊ വെള്ളത്തിനോ അരിക്കൊമ്പന് ബുദ്ധിമുട്ടേണ്ടിയില്ല. ഇവിടെനിന്നും തമിഴ്നാട് അതിർത്തി വനമേഖലയായ മഹാരാജമേട്, ചുരുളി, ഇരവങ്കലാർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഏതാനും കിലോ മീറ്ററിൽ മാത്രമാണ് ദൂരം. നിശ്ചിത സ്ഥലത്തെത്തിയശേഷം ആനയുടെ കാലുകളിൽ ബന്ധിച്ചിരുന്ന കയറുകളം മരക്കഷണങ്ങളും നീക്കി. തുടർന്ന് ആന്റി ഡോസ് നല്‍കി ആകാശത്തേക്ക് വെടിവച്ചു. മയക്കംവിട്ട് 10 മിനിറ്റിനുള്ളിൽ അരിക്കൊമ്പന്‍ കാട്ടിലേക്ക് ഓടി. അരിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും റേഡിയോ കോളറില്‍നിന്ന് ലഭിച്ച സിഗ്നല്‍ പ്രകാരം തുറന്നുവിട്ട സ്ഥലത്ത്നിന്നും 1.5 കിലോ മീറ്റർ ഉള്‍വനത്തിലേക്ക് കൊമ്പന്‍ കയറിപ്പോയെന്നും പെരിയാര്‍ ടൈഗർ റിസർവ് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. അരിക്കൊമ്പനെ ലോറിയില്‍നിന്നിറക്കിയപ്പോള്‍ കുങ്കിയാനകളില്ലായിരുന്നു. പോകുംവഴിയില്‍ തന്നെ ആനയുടെ മയക്കം വിട്ടുതുടങ്ങിയിരുന്നു. ജിപിഎസ് കോളറിൽനിന്നും ലഭിക്കുന്ന സിഗ്നലുകളിലൂടെ പെരിയാർ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടറുടെയും വെറ്റിനറി ഡോക്ടറുടെയും നേതൃത്വത്തിൽ ആനയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസം കേരള തമിഴ്നാട് വന മേഖലകളിൽ അലഞ്ഞുതിരിഞ്ഞു നടന്ന് അവസാനം ദേശീയപാത വഴി കമ്പത്തേയ്‌ക്ക് കടന്ന് ഒരാളെ കൊല്ലുകയും ചെയ്തു. തുടർന്ന് നീണ്ട ദിവസത്തെ ദൗത്യത്തിനുശേഷം തമിഴ്നാട് വനംവകുപ്പ് പിടികൂടിയ ആനയെ അപ്പർ കോതയാർ വനമേഖലയിൽ ഇറക്കിവിടുകയും ചെയ്തു.
അപ്പർകോതയാറിൽ ആരോഗ്യവാൻ
തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേത മേഖലയാണ് അപ്പർ കോതയാർ . തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന വനം. അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പധികൃതർ വ്യക്തമാക്കി. കുട്ടിയാർ ഡാമിലെ റിസർവോയറിൽ നിന്ന് വെള്ളം കുടിക്കും. റേഷൻ അരി വേണ്ട. ഇപ്പോൾ പുല്ലും ഇലകളുമാണ് പ്രധാന ആഹാരം. മറ്റ് ആനക്കൂട്ടത്തിനൊപ്പം പൊരുത്തപ്പെട്ടു. 24 മണിക്കൂർ നിരീക്ഷണം. 10 ഭാഗങ്ങളിൽ ജിപിഎസ് കോളർ ഉണ്ട്. ദിവസം രണ്ട് തവണ സിഗ്നൽ കിട്ടുന്നുണ്ട്.










0 comments