ad
Deshabhimani

ജലനിരപ്പ് താഴേക്ക്‌, തേക്കടിയിൽ ബോട്ടിങ്ങിന് നിയന്ത്രണം

തേക്കടി ജലനിരപ്പ് കുറഞ്ഞ നിലയിൽ

തേക്കടി ജലനിരപ്പ് കുറഞ്ഞ നിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Apr 22, 2026, 12:15 AM | 2 min read

കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴേക്ക്. താൽക്കാലിക ബോട്ട് ജെട്ടി നിർമിച്ചില്ലെങ്കിൽ ബോട്ട് യാത്രയെ ഗുരുതരമായി ബാധിക്കും. ചൊവ്വ രാവിലെ ആറിന് ജലനിരപ്പ് 110.25 അടിയാണ്. സുപ്രീംകോടതി നിശ്ചയിച്ച സംഭരണശേഷി 142 അടിയാണ്. 31.75 അടി വെള്ളം കുറവുണ്ട്.
152 അടി സംഭരണ ശേഷിയിൽ നിർമിച്ചിട്ടുള്ള അണക്കെട്ടിൽനിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലിന്റെ അടിത്തട്ടിന്റെ ഉയരം 104 അടിയാണ്. ഇതിനാൽ ഏതുസമയവും അണക്കെട്ടിൽ 104 അടി വെള്ളം ഉണ്ടാകും. അതായത് ജലനിരപ്പ് 104 അടി എത്തിയാൽ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാനാവില്ല.
മുൻകാലങ്ങളിൽ ജലനിരപ്പ് 104 അടിയിൽ എത്തിയ ഘട്ടങ്ങളിലും തടസ്സമില്ലാതെ ബോട്ടിങ് നടത്തിയിരുന്നു. ജലനിരപ്പ് 110 അടി എത്തുന്ന വേളയിൽ മുൻകാലങ്ങളിൽ ഒരു കിലോമീറ്റർ അപ്പുറത്ത് താൽക്കാലിക ജെട്ടി നിർമിച്ച് ബോട്ട് സർവീസ് തടസ്സമില്ലാതെ നടത്തിയിരുന്നു. ഏകദേശം 15 വർഷം മുമ്പായിരുന്നു അവസാനമായി താൽക്കാലിക ജെട്ടി നിർമിച്ചത്. 2017ൽ തേക്കടിയിൽ നിന്നും പാർക്കിങ് ആനവച്ചാലിലേക്ക് മാറ്റുന്നതിനെതിരെ നടന്ന സമരവേളയിൽ ജലനിരപ്പ് കുറഞ്ഞപ്പോൾ താൽക്കാലിക ജെട്ടി നിർമിക്കാൻ വനം അധികൃതർ തയ്യാറായില്ല. താൽക്കാലിക ജെട്ടി നിർമിച്ചാൽ തടസ്സമില്ലാതെ ബോട്ട് സർവീസ് തുടരാനാവും.
തേക്കടിക്ക് യോജ്യം 
ചെറു ബോട്ടുകൾ
​തേക്കടി തടാകത്തിൽ സർവീസ് നടത്തുന്നതിന് ഏറ്റവും അനുയോജ്യവും സുരക്ഷിതവും ചെറു ബോട്ടുകളാണ്. ചെറുബോട്ടുകൾ നിരയായി യാത്ര ചെയ്യുന്നത്‌ മനോഹരമായ ദൃശ്യമാണ്‌.  ജലനിരപ്പ് കുറയുമ്പോഴും സുഗമമായും സുരക്ഷിതമായും ബോട്ട് സർവീസ് നടത്താൻ കഴിയും എന്നതാണ് ചെറു ബോട്ടുകളുടെ പ്രത്യേകത.
ജലനിരപ്പ് കുറയുമ്പോൾ വലിയ ബോട്ടുകൾക്ക് സുരക്ഷിതമായി തടാകത്തിലൂടെ യാത്ര നടത്താൻ തടസ്സമുണ്ട് എന്നതാണ് പ്രധാന കാരണം. മുൻകാലങ്ങളിൽ ചെറിയ ബോട്ടുകളായിരുന്നു ഏറെയും. രണ്ടു പതിറ്റാണ്ട് മുമ്പാണ് ചെറുബോട്ടുകൾ ഉപേക്ഷിച്ച് വലിയ ബോട്ടുകൾക്ക് പ്രാധാന്യം നൽകി തുടങ്ങിയത്.

താൽക്കാലിക ബോട്ട് ജെട്ടി നിർമിക്കണം
​ജലനിരപ്പ് കുറയുമ്പോൾ ഒരു കി. മീറ്റർ അപ്പുറത്ത് തടാകതീരത്ത് മരക്കമ്പുകൾ കൊണ്ട് കെട്ടിയ താൽക്കാലിക ബോട്ട് ജെട്ടി നിരവധി തവണ നിർമിച്ചിരുന്നു.
ജലനിരപ്പ് കുറയുന്നത് മുൻകൂട്ടി മനസിലാക്കി ആഴ്ചകൾക്കു മുമ്പ് തന്നെ  ബോട്ട് ജെട്ടി നിർമിച്ചിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾക്കു മുമ്പ് മുതൽ ടൂറിസം രംഗത്ത് വനംവകുപ്പ് പിടിമുറുക്കിയതോടെ നിയന്ത്രണങ്ങൾ ഓരോന്നായി കൊണ്ടുവന്നു.  ഇതിന്റെ ഭാഗമായാണ് താൽക്കാലിക ബോട്ട് ജെട്ടി നിർമിക്കുന്നതും വനംവകുപ്പ് അവസാനിപ്പിച്ചത്. ഇതുൾപ്പെടെ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ വനംവകുപ്പ് നടപ്പിലാക്കിയ പല പരിഷ്കാര നടപടികളും  തേക്കടിയുടെ വിനോദസഞ്ചാര രംഗത്ത് വലിയ തിരിച്ചടിയായി. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home