ad
Deshabhimani

മൺകട്ട വീടുകൾ ഓർമയാകുന്നു

kumily

കുമളി റോസാപ്പൂക്കണ്ടത്ത് മണ്ണിൽ നിർമിച്ച വീട് പൊളിച്ചപ്പോൾ

avatar
കെ എ അബ്‌ദുൾറസാഖ്‌

Published on Apr 21, 2026, 12:15 AM | 1 min read

കുമളി

മൺകട്ട കൊണ്ടും ചെളികുഴച്ചും ഭിത്തികെട്ടിപ്പൊക്കിയ വീടുകൾ. പനന്പും പായ്‌കൊണ്ടും മറച്ചിരുന്ന വീടുകൾക്ക്‌ പകരം വന്നതായിരുന്നു മൺകട്ട വീടുകൾ. എഴുപതുകൾ മുതൽ രണ്ടര പതിറ്റാണ്ടുവരെ ഹൈറേഞ്ചിൽ ഇത്തരത്തിലായിരുന്നു വീടുകളുടെ നിർമാണം. എന്നാൽ കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ കുമളിയിൽ ഉൾപ്പെടെ മൺവീടുകൾ ഓരോന്നായി അടച്ചുറപ്പുള്ള കോൺക്രീറ്റ്‌ വസതികളായി. കൂടുതൽ കരുത്തും സുരക്ഷിതവുമായ കോൺക്രീറ്റ് നിർമാണങ്ങൾ വ്യാപകമായതോടെയാണ് മൺവീടുകൾ അപ്രത്യക്ഷമായി തുടങ്ങിയത്. ഏഴ്‌ പതിറ്റാണ്ട്‌ പഴക്കമുള്ള പോസ്റ്റൽ ജീവനക്കാരൻ സലീമിന്റെ മൺവീട് റോസാപ്പൂക്കണ്ടത്ത് കഴിഞ്ഞദിവസം പൊളിച്ചുമാറ്റിയിരുന്നു. മുളകീറിയും തടികൾ കൊണ്ടും പാനൽപോലെ നിർമിച്ച്‌ അതിനുള്ളിൽ മണ്ണ് കുഴച്ച് ഉറപ്പിച്ചും ഓലകളും പുല്ലും മറച്ചുമായിരുന്നു പരന്പരാഗത രീതിയിൽ വീടുകൾ നിർമിച്ചിരുന്നത്‌. ചെലവും കുറവായിരുന്നു. എന്നാൽ സർക്കാർ ജനകീയസൂത്രണ പദ്ധതി ആവിഷ്‌കരിച്ചതോടെ അടച്ചുറപ്പുള്ള ഭവനങ്ങൾ നിർമിച്ചു നൽകാൻ തുടങ്ങിയത്‌ വേഗത്തിലായി. ജില്ലയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഒന്നാണ്‌ റോസാപ്പൂക്കണ്ടം. വനത്തോട് ചേർന്ന റോസാപ്പൂക്കണ്ടത്ത് മുമ്പ് 500 ലേറെ മൺ വീടുകൾ ഉണ്ടായിരുന്നു. ഏറെയും മൺ ഇഷ്ടിക കൊണ്ട് ഭിത്തി നിർമിച്ചവ. ഇവിടെ ആദ്യകാലങ്ങളിൽ വന പ്രദേശത്തായിരുന്നു മണ്ണ് ശേഖരിച്ച് അവിടെ തന്നെ ഇഷ്ടിക നിർമിച്ചിരുന്നത്. മണ്ണ് കുഴച്ച് ഇഷ്ടിക നിർമിച്ച് ഉണങ്ങിയ ശേഷം വീട് നിർമിക്കുകയായിരുന്നു പതിവ്‌. മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണശേഷം തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന് ഭൂഗർഭ ടണൽ നിർമിച്ചപ്പോൾ പൊട്ടിച്ചു നീക്കിയിട്ട കല്ലുകളും മെറ്റലുകളും ആണ് റോസാപ്പൂക്കണ്ടം ഭാഗത്ത് ആദ്യകാലങ്ങളിൽ നിർമിച്ച വീടുകൾക്ക് ഭൂരിഭാഗവും ഉപയോഗിച്ചത്. ഇതിൽ 75 വർഷത്തിലേറെ പഴക്കമുള്ള വീട് കഴിഞ്ഞദിവസം പൊളിച്ചു നീക്കി. ഈ വീട് നിർമിക്കുന്നതിനുള്ള മൺകട്ട 50 മീറ്റർ അപ്പുറം വനമേഖലയിൽ ഉണക്കിയ ശേഷമാണ് എത്തിച്ചത്. ഒപ്പം വീടിന് തറ കെട്ടാൻ ഉപയോഗിച്ച കല്ലുകളും വനത്തിൽ നിന്നാണ് കൊണ്ടുവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home