വണ്ടന്‍മേട് വീണ്ടും വണ്ടറാകും

കേരള കോണ്‍ഗ്രസ് എമ്മിലെ ഷൈനി ജോസഫ്

സ്വന്തം ലേഖകൻ
Published on Dec 01, 2025, 12:15 AM | 1 min read
കട്ടപ്പന
ജില്ലാ പഞ്ചായത്ത് വണ്ടന്‍മേട് ഡിവിഷനില്‍ നടപ്പാക്കിയ കോടികളുടെ വികസനം ഉയര്‍ത്തിക്കാട്ടിയാണ് വിജയം തുടരാന്‍ എല്‍ഡിഎഫ് കളത്തിലിറങ്ങുന്നത്. മുന്‍ അധ്യാപികയായ കേരള കോണ്‍ഗ്രസ് എമ്മിലെ ഷൈനി ജോസഫ്(ഷൈനി ടീച്ചര്‍) ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ആന്‍സി ജെയിംസും അമ്പിളി രാജന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. 2010ല്‍ അണക്കര ഡിവിഷനില്‍നിന്ന് വിജയിച്ച് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗമായ ഷൈനി ജോസഫ് നാട്ടിലെ സുപരിചിതമുഖമാണ്. 1983ല്‍ അധ്യാപന ജീവിതമാരംഭിച്ച ഷൈനി, അണക്കര, ആറാംമൈല്‍, അമരാവതി, അട്ടപ്പള്ളം എന്നിവിടങ്ങളിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര കത്തോലിക്ക അസോസിയേഷന്‍ തിരുവല്ല അതിരൂപതയുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുമളി, തേക്കടി, കടശിക്കടവ്, ചക്കുപള്ളം, ആനവിലാസം ബ്ലോക്ക് ഡിവിഷനുകളും വണ്ടന്‍മേട്, കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലായി 41 വാര്‍ഡുകളും ഉള്‍പ്പെടുന്ന വണ്ടന്‍മേട് ഡിവിഷനിലെ വോട്ടര്‍മാര്‍ 55,000ലേറെയാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതി വണ്ടന്‍മേട് ഡിവിഷനില്‍ നടപ്പാക്കിയ ഒട്ടേറെ വികസന പദ്ധതികള്‍ എല്‍ഡിഎഫിന് മുതല്‍ക്കൂട്ടാകുമെന്നുറപ്പ്.
കുടിവെള്ള പദ്ധതികള്‍ക്കായി ഒരുകോടി രൂപയാണ് വിവിധ മേഖലകളിലായി ചെലവഴിച്ചത്. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന് അഞ്ച് കോടി രൂപ നല്‍കി. വിവിധ സ്‌കൂളുകള്‍ക്ക് ശൗചാലയവും ഓഡിറ്റോറിയവും നിര്‍മിക്കാന്‍ ആകെ രണ്ട് കോടി രൂപ ചെലവഴിച്ചു. സാംസ്‌കാരിക നിലയങ്ങള്‍ക്ക് രണ്ട് കോടി രൂപ, ഡയാലിസിസ് രോഗികള്‍ക്ക് പ്രതിമാസം 4000 രൂപ വീതം സഹായം, പഞ്ചായത്തുകള്‍ വഴി മുചക്ര വാഹനങ്ങളുടെ വിതരണം, സ്‌കൂളുകള്‍ക്ക് മേല്‍ക്കൂര നിര്‍മാണത്തിന് 50 ലക്ഷം, ചക്കുപള്ളത്ത് ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടിന് 10 ലക്ഷം, ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് തുടങ്ങി ഒട്ടേറെ പദ്ധതികള്‍. 60 വയസ് കഴിഞ്ഞവര്‍ക്കായി നടപ്പാക്കിയ വയോനിധി പദ്ധതിയിലൂടെ ആയുര്‍വേദ ആശുപത്രികള്‍ വഴി സൗജന്യമായി മരുന്നുകള്‍ നല്‍കി. മാതൃവന്ദനം പദ്ധതിയിലൂടെ ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും സൗജന്യമായി മരുന്നുകളും പോഷകാഹാരവും ലഭ്യമാക്കി. ഡിവിഷനിലെ എല്ലാവാര്‍ഡുകളിലും പദ്ധതികളുടെ പ്രയോജനം എത്തിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് നേട്ടമാകും.









0 comments