ചെറുതോണി ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നിർമാണം അന്തിമഘട്ടത്തിൽ

ചെറുതോണി
ഇടുക്കി പൊലീസ് സ്‌റ്റേഷനുസമീപം പുതുതായി നിര്‍മിച്ച ചെറുതോണി ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഫെബ്രുവരിയിൽ തുറന്നു കൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ബസ് സ്റ്റാൻഡ് കെട്ടിടവും കാത്തിരിപ്പ് കേന്ദ്രം, ശൗചലയം എന്നിവ ഇതിനോടകം പൂര്‍ത്തിയായി. 20 മീറ്റര്‍ മാത്രം ദൂരത്തുള്ള നിര്‍മാണമാണ് മഴ മൂലംശേഷിച്ചിരുന്നത്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ ബസ് സ്റ്റാൻഡ് പ്രവര്‍ത്തനം സജ്ജമാക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു. ബസ് സ്റ്റാൻഡിനൊപ്പം ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്‌സ് ടെൻഡർ ചെയ്ത് നല്‍കിയിരുന്നു. എന്നാൽ, ബസ് സ്റ്റാൻഡിലേക്കുള്ള വഴിയും പുറത്തേക്കുള്ള വഴിയും രണ്ട് ഭാഗത്തായിരിക്കണമെന്ന് റീജണല്‍ ട്രാന്‍സ്‌പോർട്ട് ഓഫീസര്‍ അറിയിച്ചതോടെ അടിയന്തരമായി ഒരു വഴികൂടി നിർമിക്കേണ്ട സാഹചര്യം ഉണ്ടായതാണ് ഉദ്ഘാടനം വൈകിയത്. പിന്നീട് എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ഒരു കലുങ്ക് കൂടി നിര്‍മിക്കുകയും ബസ് സ്റ്റാൻഡിന് പിന്‍ഭാഗം മുതല്‍ റോഡില്‍ നിന്നുള്ള പ്രവേശനകവാടം വരെ ഇറിഗേഷന്‍ വകുപ്പ് മുഖേന സംരക്ഷണ ഭിത്തിയുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. ഇതോടൊപ്പം കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് എംഎല്‍എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് നടത്തി ബസ്‌വേയും പാര്‍ക്കിങ് എരിയയും സജ്ജമാക്കി. നിർദിഷ്ട ബസ് സ്റ്റാൻഡില്‍നിന്ന് പുറത്തേക്കുള്ള റോഡില്‍ കലിങ്കിനോട് ചേർന്നുള്ള ഭാഗം കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞുപോയതിനാല്‍ ഇവിടെ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് താമസംനേരിട്ടിരുന്നു. മഴ കുറഞ്ഞതോടെ ഈ ഭാഗം ദ്രുതഗതിയിൽ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.
കെഎസ്‌ആർടിസി ഡിപ്പോ
പുതിയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് കെഎസ്ആര്‍ടിസി ഡിപ്പോ കൂടി ആരംഭിക്കും. പൊലീസ് സ്‌റ്റേഷനും ബസ് സ്റ്റാൻഡിനും ഇടയിലുള്ള ഭാഗത്തായി ഫോര്‍വേ ഗ്യാരേജ് നിര്‍മിക്കുന്നതിനായി 42 സെന്റ് സ്ഥലം കെഎസ്ആര്‍ടിസി ഏറ്റെടത്തിട്ടുണ്ട്. ടൗൺ ഹാളിന് സമീപവും വാഴത്തോപ്പ് പഞ്ചായത്തിന്റെ മാര്‍ക്കറ്റിന്റെ സമീപത്തുമായി ആകെ രണ്ട് ഏക്കര്‍ സ്ഥലമാണ് കെഎസ്ആര്‍ടിസിക്ക് അനുവദിച്ചത്. ഗ്യാരേജ് നിര്‍മാണത്തിനായി രണ്ട് കോടി രൂപ അനുവദിക്കുകയും പൊതുമരാമത്ത് വകുപ്പ് മുഖേന ടെൻഡർ ചെയ്തിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായ ബസ് സ്റ്റാൻഡിൽനിന്ന് രണ്ട് പാതകൾ ക്രമീകരിക്കാന്‍ നേരിട്ട കാലതാമസം കാലാവസ്ഥ അനുകൂലമായതോടെ പരിഹരിക്കാനായി. 3.40 കോടി രൂപ ചെലവില്‍ ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടം മുതല്‍ കെഎസ്ആര്‍ടിസി ഗ്യാരേജിന് പിന്‍ഭാഗത്തുകൂടി കടന്നുപോയി, പൊലീസ് സ്‌റ്റേഷന് മുന്‍ഭാഗം വരെയുള്ള ഭാഗത്താണ് സംരക്ഷണ ഭിത്തി നിര്‍മാണം പൂര്‍ത്തിയായിവരുന്നത്. ഇതു കൂടി പൂർത്തിയാക്കുന്നതോടെ ബസ് സ്ഥാൻഡ് ജനങ്ങൾക്കായി തുറന്നു കൊടുക്കും.









0 comments