ഭൂമി കൈമാറി
മൂലമറ്റത്ത് മിനിയേച്ചര്‍ പവര്‍ഹൗസ് ഉയരും

മൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക നിര്‍മാണത്തിന്റെ ഭൂമി കൈമാറ്റ രേഖ കെഎസ്ഇബി ജനറേഷന്‍ സിവില്‍, ഇലക്ട്രിക്കല് ആൻഡ് റീസ് ഡയറക്ടര്‍ ജി സജീവ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറുന്നു
ഇടുക്കി
മൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക നിർമാണത്തിന് കെഎസ്ബിയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥലം കൈമാറി. കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതി മൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക പ്രവര്‍ത്തനാനുമതി നല്‍കി കൊണ്ട് ഭൂമി കൈമാറ്റം എന്നിവ മന്ത്രി കെ കൃഷ്‌ണൻ കുട്ടി ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌തു. മൂലമറ്റം കെഎസ്ഇബി സര്‍ക്യൂട്ട് ഹൗസില്‍ നടന്ന ചടങ്ങില്‍ മിനിയേച്ചര്‍ പവര്‍ഹൗസിന്റെ ഭൂമി കൈമാറ്റം സംബന്ധിച്ച രേഖ കെഎസ്ഇബി ജനറേഷന്‍ സിവില്‍, ഇലക്ട്രിക്കല് ആൻഡ് റീസ് ഡയറക്ടര്‍ ജി സജീവ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറി. ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതിനിലയമായ മൂലമറ്റം പവര്‍ഹൗസ് കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശനം അനുവദിക്കാന്‍ കഴിയില്ല. ഇതിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇടുക്കി ആര്‍ച്ച് ഡാമിന്റെ സുവര്‍ണ ജൂബിലി വേളയില്‍ ആര്‍ച്ച് ഡാമിനെ ലോകോത്തര വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യം. അണക്കെട്ടിന്റെ പ്രതലം ഒരു സ്‌ക്രീന്‍ ആക്കി മാറ്റി ആരംഭിക്കുന്ന ലേസര്‍ ഷോ രാത്രികാലത്ത് ഇടുക്കിക്ക് സുവര്‍ണ തിളക്കം നല്‍കുമെന്നും ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ഹൈഡല്‍ ടൂറിസം മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതികള്‍ നടപ്പാക്കും. വികസനമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ളതായിരിക്കണമെന്നും ഇൗ ലക്ഷ്യത്തോടെയാണ് ഹൈഡല്‍ ടൂറിസം മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതെന്നും അദേഹം പറഞ്ഞു. വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതി മൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക എന്നീ പദ്ധതികള്‍ പ്രദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തുന്ന വികസന മാതൃകകളാണ്. ടൂറിസംരംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമ്പോള്‍ നാടിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പവര്‍ഹൗസിന്റെ മാതൃക പദ്ധതിയോടൊപ്പം കുടയത്തൂര്‍ അറക്കുളം പഞ്ചായത്തുകളില്‍ നിരവധി ടൂറിസം പദ്ധതികള്‍ നടപ്പാക്കും. നാടുകാണി കേബിള്‍ കാര്‍ പദ്ധതിയുടെ സാധ്യതാ പഠനത്തിന് സര്‍ക്കാര്‍ 29.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൂടാതെ ബജറ്റില്‍ മൂന്ന് കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി റോഷി പറഞ്ഞു. കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, ജില്ലാ പഞ്ചായത്തംഗം സജി പി ജോസ്, അറക്കുളം പഞ്ചാത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവല്‍ സൈമണ്‍, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റിയന്‍, പഞ്ചായത്തംഗങ്ങളായ സുശീല ഗോപി, ബിജു ജോസഫ്, പി ഡി സുമോന്‍, കെ കെ ആശാമോള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.










0 comments