മുനിയറ മാജിക് മൗണ്ട് ടൂറിസം പദ്ധതിയ്‌ക്ക് മന്ത്രി ശിലയിട്ടു
കൊന്നത്തടി ഇനി വയോജന– ബാലസൗഹൃദ പഞ്ചായത്ത്

കൊന്നത്തടി പഞ്ചായത്തിന്റെ മുനിയറ മാജിക് മൗണ്ട് ടൂറിസം പദ്ധതി നിർമാണം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Oct 28, 2025, 12:15 AM | 1 min read
കൊന്നത്തടി
കൊന്നത്തടി പഞ്ചായത്തിന്റെ മുനിയറ മാജിക് മൗണ്ട് ടൂറിസം പദ്ധതിയ്‌ക്ക് മന്ത്രി എം ബി രാജേഷ് കല്ലിട്ടു. ഇതോടൊപ്പം വയോജന -ബാലസൗഹൃദ പഞ്ചായത്തായി കൊന്നത്തടിയെ മന്ത്രി പ്രഖ്യാപിച്ചു. കന്പിളികണ്ടം ഓപ്പൺ ജിമ്മും നാടിന് സമർപ്പിച്ചു. 50 സെന്റ് സ്ഥലം പത്തുവർഷക്കാലം പാട്ടത്തിനെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണ് മുനിയറ മാജിക് മൗണ്ട് ടൂറിസം. നാലുകോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓപ്പൺ ജിമ്മിന്റെ പ്രവർത്തനങ്ങൾക്കായി 18 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. കമ്പിളികണ്ടം, പാറത്തോട്, മുനിയറ എന്നീ മൂന്നിടങ്ങളിലാണ് ഓപ്പൺ ജിം സ്ഥാപിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിവിധ മേഖലകളിൽ നടത്തുന്നത്. പഞ്ചായത്തുകളിൽ നൂതനമായ പദ്ധതികൾ നടപ്പാക്കുന്നത് തുടരണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾ നടത്തിയ കൊന്നത്തടി പഞ്ചായത്ത് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു.
പണിക്കൻകുടി സെന്റ് മരിയ വിയാനി ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ടി പി മൽക്ക, സാലി കുര്യാച്ചൻ, സുമംഗല വിജയൻ, അച്ചാമ്മ ജോയി, ബ്ലോക്ക് പഞ്ചായത്ത്അംഗം സനില രാജേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം ശ്രീകുമാർ, ആംഗ്ലിക്കൽ ചർച്ച് ആർച്ച് ബിഷപ്പ് ഡോ. ലേവി ജോസഫ് ഐക്കര, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.










0 comments