കുഞ്ചിപ്പെട്ടി അരിക്ക് പിന്നാലെ
വരുന്നൂ കട്ടമുടി ബ്രാന്‍ഡഡ് അവല്‍

കട്ടമുടി പാടശേഖരം
ടി കെ സുധേഷ്‍കുമാര്‍
Published on Jan 24, 2026, 12:30 AM | 1 min read
അടിമാലി
കുഞ്ചിപ്പെട്ടി അരിക്ക് പിന്നാലെ ബ്രാൻഡാകാൻ ഒരുങ്ങി കട്ടമുടിയും. നാടിന്റെ പേരില്‍ അവൽ ബ്രാൻഡിറക്കി പൊതുവിപണിയില്‍ തരംഗമാകാൻ തയ്യാറെടുക്കുകയാണ് ദേവികുളം മണ്ഡലത്തിലെ കട്ടമുടി ആദിവാസി ഉന്നതി. ഒരുവർഷം മുമ്പാണ് കുഞ്ചിപ്പെട്ടി ബ്രാൻഡഡ് അരി മന്ത്രി ഒ ആർ കേളു വിപണിയിലിറക്കിയത്. ഇതിന് പിന്നാലെയാണ് സമീപമുള്ള കട്ടമുടി പാടശേഖരത്ത് വിളവെടുപ്പ് പൂർത്തിയാകുന്നതോടെ ബ്രാൻഡഡ് അവൽ വിപണിയിലെത്തിക്കാൻ പാടശേഖര സമിതി തീരുമാനിച്ചിരിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് ഹരിതകേരളം മിഷൻ, കാര്‍ഷിക ക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ തരിശ് കിടന്നിരുന്ന കൃഷിയിടങ്ങൾ പാടശേഖരസമിതികള്‍ നെൽകൃഷിക്ക് അനുയോജ്യമാക്കി. കുഞ്ചിപ്പെട്ടി ഉന്നതിയിൽ തരിശ് കിടന്നിരുന്ന 25 ഏക്കറോളം പാടശേഖരത്താണ് കൃഷി ഇറക്കിയത്. കട്ടമുടിയിൽ 12 ഏക്കറാണ് 22 കർഷകർ കൃഷിയോഗ്യമാക്കിയതും നെൽകൃഷി ചെയ്‍തതും. ഇവര്‍ കൊയ്‍ത്, മെതിച്ചടുക്കുന്ന നെല്ല് ഒരുമിച്ച് പുഴുങ്ങി ഉണക്കി അരിയാക്കുകയാണ്. ഇരുമ്പുപാലത്തെ മില്ലിലെത്തിച്ച് കുത്തി അരിയാക്കി കവറുകളിലാക്കിയാണ് വില്‍പന. ഉന്നതിയില്‍ വച്ച് നെല്ല് കുത്തിയെടുക്കുന്നനിനുള്ള മില്ല് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്. ഇതിന് ശേഷമായിരിക്കും അവല്‍ വിപണിയിലെത്തുക. ആദ്യഘട്ടത്തില്‍ 5000 കിലോ അരി വിപണിയില്‍ എത്തിക്കാനാണ് കര്‍ഷക കൂട്ടായ്‍മ ശ്രമിച്ചത്. കൃഷി കൂടുതല്‍ പാടത്തേക്ക് വ്യാപിപ്പിച്ചതോടെ കൂടൂതല്‍ അരി വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. സംഭരണ ശാലയും മില്ല് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് ആദിവാസി കര്‍ഷകര്‍.









0 comments