പരിസ്ഥിതിലോല കരട് വിജ്ഞാപനം
കാന്തലൂരിൽ കർഷകസംഘം പ്രതിഷേധിച്ചു

ഇടുക്കിയിലെ വിവിധ പ്രദേശങ്ങളെ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കാന്തല്ലൂർ കോവിൽക്കടവിൽ കർഷകസംഘം നടത്തിയ പ്രകടനം
മറയൂർ
സംസ്ഥാന സർക്കാർ ഭരണം മാറിയതിനെ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അഞ്ചുനാട് ഉൾപ്പെടെ ഇടുക്കിയിലെ വിവിധ പ്രദേശങ്ങളെ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചതിൽ കർഷകസംഘം പ്രതിഷേധിച്ചു. വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് 60ദിവസത്തിനുള്ളിൽ ഇ- മെയിലിലൂടെ അഭിപ്രായം അറിയിക്കാമെന്നാണ് അറിയിപ്പ്. ദേവികുളം താലൂക്കിലെ മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ വില്ലേജുകളിലെ ജനവാസത്തെയും നിർമാണ പ്രവർത്തനങ്ങളെയും ബാധിക്കുന്ന തരത്തിലാണ് കരട് വിജ്ഞാപനം. 70.5 ചതുരശ്ര കിലോമീറ്ററാണ് ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ ആയി വിജ്ഞാപനംചെയ്‍തിരിക്കുന്നത്. മറയൂർ, -കാന്തല്ലൂർ പഞ്ചായത്തുകൾ പൂർണമായും ദേശീയ ഉദ്യാനങ്ങളാലും വന്യജീവി സങ്കേതവും റിസർവ് വനത്താലും ചുറ്റപ്പെട്ടതാണ്. മൂന്നാർ ടൗണും വട്ടവടയും ഇതിന്റെ ഭാഗമാകും. പാർലമെന്റ് അംഗമോ സംസ്ഥാന സർക്കാരോ വനം മന്ത്രിയോ, ജില്ലയിലെ നിയമസഭാ അംഗങ്ങളോ ഈ വിവരം പൊതുജനങ്ങളെ അറിയിക്കാനോ പ്രതിഷേധിക്കാനോ തയ്യാറായിട്ടില്ല. ഇത് ദുരൂഹമാണ്. മുമ്പ് ഇഎഫ്എൽ അനുകൂല നിലപാട് സ്വീകരിച്ചവരാണിപ്പോൾ ഭരണനേതൃത്വത്തിലുള്ളത്. സർക്കാരും പഞ്ചായത്തുകളും സംഘടനകളും ഒന്നിച്ച് കോടതിയിൽ നിയമപോരാട്ടത്തിന് തയ്യാറാകണമെന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. [email protected]എന്ന ഇ-മെയിൽ വിലാസത്തിലാണ് 60 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ അറിയിക്കേണ്ടത്. കൃഷി, വ്യവസായം, ടൂറിസം എന്നിവയെയെല്ലാം ബാധിക്കുന്ന വിജ്ഞാപനം അടിയന്തരമായി പിൻവലിക്കണം. കേന്ദ്ര സർക്കാരിനോട് വിധേയപ്പെട്ട് മലയോര ജനങ്ങളെ വഞ്ചിക്കുന്നതിന് കൂട്ടുനിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിൽ കേരള കർഷകസംഘം ജനകീയ പ്രതിരോധം ഉയർത്തും. കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. കർഷകസംഘം മറയൂർ ഏരിയ സെക്രട്ടറി എസ് നാഗയ്യ, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവൻരാജ്, സിപിഐ എം ഏരിയ സെക്രട്ടറി എ എസ് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.











0 comments