പ്രായം 54
വികസന യൗവനമിടുക്കി

കെ ടി രാജീവ്
Published on Jan 26, 2026, 12:15 AM | 3 min read
ഇടുക്കി
ഇടുക്കി മധ്യവയസ് പിന്നിട്ടു. അമ്പത്തിനാല് വയസ്സിന്റെ പൂർണതയിൽ മലയോരജില്ല. പിന്നോക്ക പട്ടികയിൽ അമർന്നിരുന്ന ജില്ല ചുരുങ്ങിയകാലം കൊണ്ട് വികസന ഇടുക്കിയിലേക്ക്. കാലത്തിനൊപ്പം ഇനി നവ ഇടുക്കിയുടെ നാൾവഴികളിലാണ് യാത്ര. സംസ്ഥാനത്തെ വലിയ ജില്ലയായിട്ടായിരുന്നു 1972 ലെ പിറവി. ഇടയ്‌ക്ക് ആ പദവി നഷ്ടപ്പെട്ടെങ്കിലും രണ്ടുവർഷംമുന്പ് വീണ്ടെടുത്തു. എറണാകുളം ജില്ലയിൽപ്പെട്ട കുട്ടമ്പുഴ വില്ലേജിനോട് 1997ൽ ചേർക്കപ്പെട്ട ഇടമലക്കുടിയുടെ 12718.5095 ഹെക്ടർ 2023ൽ തിരികെ വിട്ടുനൽകിയാണ് ഇടുക്കി വലിപ്പത്തിൽ വീണ്ടും ഒന്നാമതെത്തിയത്. ഇതോടെ 448504.64 ഹെക്ടറിൽനിന്ന് ഇടക്കിയുടെ ഭൂ വിസ്തൃതി 461223.1495 ഹെക്ടറായിയി വർധിച്ചു. 4612 ചതുരശ്ര കിലോമീറ്റർ. തെക്ക് പത്തനംതിട്ട, പടിഞ്ഞാറ് എറണാകുളം, കിഴക്ക് -വടക്ക് തമിഴ്നാട് തിരുനെൽവേലി, രാമനാഥപുരം, മധുര, കോയമ്പത്തൂർ ജില്ലകളും അതിരുപങ്കിടുന്നു.
പതിനാറ് വർഷത്തെ കാത്തിരിപ്പ്
ഐക്യകേരളം രൂപംകൊണ്ട് 16 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് 1972 ജനുവരി 26ന് ഇടുക്കി നിയമപരമായി രൂപീകരിച്ചത്. കോട്ടയം, എറണാകുളം ജില്ലകളുടെ ഭാഗമായിരുന്ന ജില്ലയ്‌ക്ക് ഭൂമിശാസ്ത്ര അതിരും ഭരണപരമായ സ്വാതന്ത്ര്യവും നൽകിയായിരുന്നു വിഭജനം. സംസ്ഥാനത്തെ പതിനൊന്നാമത്തെ ജില്ല. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോ–-ഓർഡിനേറ്ററായിരുന്ന ഡി ബാബുപോളിന് കലക്ടറുടെ കൂടെ ചുമതല നൽകിക്കൊണ്ട് ജനുവരി 25ന് ഉത്തരവിറക്കി. പിറ്റേദിവസം പതാക ഉയർത്തി. അഡീഷണൽ എസ്‌പിയായി പ്രവർത്തിച്ചിരുന്ന ഉമ്മനായിരുന്നു ഡിഎസ്‌പിയുടെ ചുമതല. കോട്ടയം ജില്ലയിലെ ദേവികുളം, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളും എറണാകുളത്തെ കല്ലൂർക്കാട്, മഞ്ഞള്ളൂർ വില്ലേജുകൾ ഒഴികെ തൊടുപുഴ താലൂക്കും ഉൾപ്പെടുത്തിയായിരുന്നു രൂപീകരണം. 1972 ജനുവരി 24ലെ സർക്കാർ ഉത്തരവ് നമ്പർ 5413 1/സി 2/2/ ആർഡി പ്രകാരമാണ് 26ന് ജില്ല ജന്മംകൊണ്ടത്. അഞ്ച് നിയോജകമണ്ഡലങ്ങളെ കൂടാതെ പത്തനംതിട്ട, റാന്നി എന്നിവ കൂടി ഉൾപ്പെടുത്തിയായിരുന്നു പാർലമെന്റ് മണ്ഡലം. പിന്നീട് പത്തനംതിട്ടയും റാന്നിയും ഒഴിവാക്കി എറണാകുളത്തെ കോതമംഗലവും മൂവാറ്റുപുഴയും ലോക് സഭ മണ്ഡലത്തിൽ ഉൾപ്പെടുത്തി.
ചർച്ചകൾ, ഇടപെടലുകൾ, സമരങ്ങൾ
ഒടുവിൽ സ്വപ്നസാക്ഷാൽക്കാരത്തിലേക്ക്
മലയോര ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ മുതൽ സമരങ്ങൾവരെയുണ്ടായി. രണ്ടാം ഇ എം എസ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ മലനാട് ജില്ല രൂപീകരിക്കേണ്ട അനിവാര്യത എടുത്തുകാട്ടി. പിന്നീട് സി അച്ചുതമേനോൻ മന്ത്രിസഭയുടെ കാലത്തായിരുന്നു ജില്ലാ രൂപീകരണം. ജില്ലാ ആസ്ഥനം, പേര് എന്നിവയെക്കുറിച്ചും തർക്കങ്ങളും വാഗ്വാദങ്ങളും അരങ്ങ്‌തകർത്തു. മലനാട്, ഉദയഗിരി, അരുണാചലം, സഹ്യാദ്രി തുടങ്ങിയ പേരുകൾ നിർദേശിക്കപ്പെട്ടെങ്കിലും മന്ത്രിയായിരുന്ന ബേബി ജോൺ മുന്നോട്ടുവച്ച ഇടുക്കിതന്നെ സ്വീകരിച്ചു. മൂലമറ്റത്തായിരുന്ന ഡി ബാബുപോളിനെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചത് 25ന്. 24 മണിക്കൂറിനകം ജില്ലയുടെ ഓഫീസ് പ്രവർത്തനം ആരംഭിക്കാനായിരുന്നു നിർദേശം. 1972 ജനുവരി 26ന് വൈകിട്ട് കോട്ടയം ദേവലോകം യൂണിയൻ ക്ലബിനടുത്തുള്ള കെട്ടിടത്തിൽ ജില്ലാ ആസ്ഥാനമായി. ആർഭാടമൊന്നുമില്ലാതെ സംഘടിപ്പിച്ച ചടങ്ങിൽ ബാബുപോൾ ഇടുക്കിയുടെ ആദ്യ കലക്ടറായി ചുമതലയേറ്റു. ഇടുക്കിയിലേക്ക് മാറ്റാൻ വീണ്ടും നിരവധി സമരം വേണ്ടിവന്നു. 1976 ജൂണിൽ പൈനാവിൽ ഇടുക്കി കലക്ടറേറ്റ് പ്രവർത്തിച്ചുതുടങ്ങി. സിവിൽ സ്‌റ്റേഷൻ ഒന്നാംഘട്ടം 1978ൽ തറക്കല്ലിട്ട് 1985 ജനുവരി എട്ടിന് ഉദ്ഘാടനവും ചെയ്‌തു.
പിന്നോക്കം പഴങ്കഥയാകുന്നു
നവ ഇടുക്കിയിലേക്ക്
ഇടുക്കി
ജില്ല രൂപം കൊള്ളുന്പോൾ സംസ്ഥാനത്തെ അവികസിത ജില്ലകളിൽ ഒന്നായി അറിയപ്പെട്ടിരുന്ന ജില്ല. അത് ഏറെകാലം നീണ്ടു. എന്നാൽ ജനപ്രാതിനിധ്യം പ്രതിബദ്ധതയുള്ളവരുടെ കൈകളിലെത്തിയപ്പോൾ മലയോര ജില്ലയുടെ മുഖച്ഛായതന്നെ മാറി. ഇടുക്കിക്ക് വികസന കുതിപ്പിന്റെ കാലമാണിത്. ജില്ല രൂപം കൊണ്ട് നാലര പതിറ്റാണ്ടുകൾക്കുശേഷം എത്രയോ ഇരട്ടി വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ 10 വർഷം ജില്ലയിലുണ്ടായത്. ഗ്രാമ–-നഗര വ്യത്യാസമില്ലാതെ നടക്കുന്നത് വികസന വിപ്ലവം. ജില്ല രൂപം കൊള്ളുമ്പോൾ പ്രധാനമായും ഗതാഗത യോഗ്യമായ റോഡുകൾ നാമമാത്രം. കെ കെ റോഡ്, എറണാകുളം–-ഇടുക്കി, കട്ടപ്പന–- തൊടുപുഴ, മൂന്നാർ–-കുമളി, -അങ്ങനെ പരിമിത ഗതാഗത മാർഗങ്ങൾ. പതിറ്റാണ്ടുകളായി ചുവപ്പുനാടകളിൽ കുടുങ്ങിയ വികസന മുരടിപ്പിനിപ്പോൾ അന്ത്യമായി. നാടിന്റെ എല്ലാ മേഖലയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിശാല മലയോര ഹൈവേകൾ, ദേശീയ പാതകൾ, പിഡബ്ല്യുഡി–കെഎസ്‌ടിപി റോഡുകൾ ഉൾപ്പെടെ മുക്കിലും മൂലയിലും വികസനം എത്തി. ഇടുക്കിയുടെ സവിശേഷതയും സാധ്യതയും ഉൾക്കൊണ്ടുള്ള വികസനം. നാണ്യവിളകളുടെ നാട്, ഊർജ സ്രോതസ്സുകളുടെ കേന്ദ്രം, അന്താരാഷ്‌ട്ര–-ദേശീയ വിനോദസഞ്ചാര കേന്ദ്രങ്ങൾ, അധ്വാനികളായ കർഷകരുടെയും തൊഴിലാളികളുടെയും നാട്, തുടങ്ങി സവിശേഷതകളേറെ. ഓരോ ഇടുക്കിക്കാരനും അഭിമാനിക്കാവുന്ന കോടികളുടെ സർവതല വികസനമാണ് നടന്നതും നടക്കുന്നതും. അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജനകീയ സർക്കാരുകൾ തയാറായി. പട്ടയ, ഭൂ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്ക് ശാശ്വത പരിഹാരമായ നാളുകൾ.
കുതിച്ചുയർന്ന് ആസ്ഥാന വികസനം
ഇടുക്കി
സംസ്ഥാനത്ത് വലുപ്പത്തിൽ ഒന്നാം സ്ഥാനത്തേയ്‌ക്ക് ഉയർന്ന ഇടുക്കിയുടെ ആസ്ഥാന വികസനം സമാനതകളില്ലാത്ത പുരേഗതിയുടെ വഴിയിൽ. 54ാം ജന്മദിനം ആഘോഷിക്കുന്പോൾ, ജില്ലയുടെ ആസ്ഥാന മേഖലക്ക് എൽഡിഎഫ് സർക്കാരിന്റെ സമാനതകളില്ലാത്ത ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് നടപ്പാക്കുന്നത്. ഇടുക്കി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ശ്രദ്ധേയം. പുതിയ മെഡിക്കൽ കോളേജ് കെട്ടിടത്തിലേക്ക് ജനറൽ മെഡിസിൻ ഒപി വിഭാഗം , ഐസിയു ബെഡുകൾ, ആശുപത്രി വിപുലീകരണ പ്രവർത്തനങ്ങൾ എന്നിവ സാധാരണക്കാർക്ക് പ്രയോജനകരം. നഴ്സിങ് കോളേജ് പ്രവർത്തനം ആരംഭിച്ചു. പുതിയ ഡോക്ടർമാരെ നിയമിച്ചു. വനിതാ ശിശുക്ഷേമ ഓഫീസ്, സ്പോർട്സ് കൗൺസിൽ ഓഫീസ്, ജില്ലാ ഫിഷറീസ് ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ത്രിതല പഞ്ചായത്ത് ടിടിപി ഓഫീസ്, പൊതുമരാമത്ത് പാലങ്ങളുടെ പുതിയ ഓഫീസ് തുടങ്ങിയവ ജില്ലാ ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്, വിവിധ ക്ഷേമനിധി ഓഫീസുകൾ, ചെറുതോണിയുടെ എക്കാലത്തേയും ആവശ്യമായ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പുതിയ കെഎസ്ആർടിസി ഡിപ്പോ ഉടൻ യഥാർഥ്യമാകും. ബസ് സ്റ്റാൻഡിന് സമീപത്തായി സിവിൽ സ്റ്റേഷൻകൂടി നിർമിക്കുകയാണ്. അഡ്വ. ജോയ്സ് ജോർജ് എംപിയായിരിക്കെ തുടക്കമിട്ട 5.5 കോടിയുടെ 14 എക്കോലോഗുകൾ പ്രവർത്തനം ആരംഭിച്ചു. അക്കാമ്മ ചെറിയാൻ സാംസ്കാരികകേന്ദ്രം, കിൻഫ്രയുടെ ഫുഡ്പാർക്ക്, 10 കോടിയുടെ മൾട്ടിപ്ലസ് തിയറ്റർ, കുടിയേറ്റ സ്മാരകം എന്നിവ ആസ്ഥാന വികസനത്തിന് മാറ്റുകൂട്ടും. പുതിയ ഓഫീസുകളും സ്ഥാപനങ്ങളും ജില്ലാ ആസ്ഥാന വികസനങ്ങൾക്ക് പുതിയ വാതായനങ്ങൾ തുറക്കുന്നു.










0 comments