ad
Deshabhimani

ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി

ചൂടാണ്, ഏറെ ശ്രദ്ധിക്കാനുണ്ട്

sunburn
വെബ് ഡെസ്ക്

Published on Apr 19, 2026, 12:15 AM | 2 min read

ഇടുക്കി
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതോടെ ചൂടുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിഭാഗം. സൂര്യാഘാതം, സൂര്യാതപം, സൂര്യാതപമേറ്റുള്ള ശരീര ശോഷണം, ചൂടേറ്റുള്ള പേശിവലിവ്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
​പ്രതിരോധിക്കണം 
സൂര്യാഘാതത്തെ
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലായി ശരീരത്തിലെ താപം കളയാൻ തടസ്സം നേരിടുന്ന അവസ്ഥയാണ്‌ സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ചര്‍മം, ശക്തിയായ തലവേദന, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടുപ്പ്, അപസ്‍മാരം ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍.
സൂര്യാതപംകൊണ്ടുള്ള 
പൊള്ളല്‍
​ചൂടുള്ള കാലാവസ്ഥയില്‍ കൂടുതല്‍ സമയം വെയിലത്ത് ചെലവഴിക്കുന്നത് കൊണ്ടാണ് ഇത്തരം പൊള്ളലുകള്‍ ഉണ്ടാകുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലുമാണ് കൂടുതല്‍ സാധ്യത. സൂര്യാതപം മൂലം പൊള്ളലേറ്റെന്ന് സംശയമുള്ളവരെ പെട്ടെന്ന് തണലത്തേയ്‌ക്ക് മാറ്റണം. ധാരാളം വെള്ളം കുടിപ്പിക്കുക, പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം സാവധാനം ഒഴിക്കുകയോ, തണുത്ത വെള്ളത്തില്‍ മുക്കിയ സ്‌പോഞ്ച് കൊണ്ട് മൃദുവായി തുടയ്‍ക്കുകയോ വേണം. സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണിത്. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നാണ് സൂര്യാതപം ഏല്‍ക്കുമ്പോള്‍ ശരീരശോഷണം ഉണ്ടാകുന്നത്. ​ക്ഷീണം, കഠിനമായ വിയര്‍പ്പ്, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍.
  പേശി വലിവ്
​പേശികളുടെ വേദനാജനകമായ അനിയന്ത്രിതമായ സങ്കോചമാണ് പേശിവലിവ്. കൈകാലുകള്‍, സന്ധികള്‍ പൂര്‍ണമായി നിവര്‍ത്തുന്നതിനുള്ള ബുദ്ധിമുട്ട്, തനതായ ശൈലിയില്‍ നില്‍ക്കാനോ നടക്കാനോ പ്രവര്‍ത്തിക്കാനോ ഉള്ള ബുദ്ധിമുട്ട് എന്നിവ ലക്ഷണങ്ങളാണ്.
​ജാഗ്രത പാലിക്കണം
പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പോഷകാഹാരക്കുറവുള്ളവര്‍, പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം, മുതലായവയുള്ളവര്‍ക്ക് ചെറിയ സൂര്യാഘാതം ഏറ്റാല്‍ പോലും ഗുരുതര പ്രശ്‍നങ്ങളുണ്ടാകാം.
വെള്ളം കുടിക്കുക
​ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. വെയിലേറ്റുള്ള ജോലിയാണെങ്കില്‍ ഉച്ചസമയം വിശ്രമ വേളയായി പരിഗണിക്കണം. കാഠിന്യമേറിയ ജോലികള്‍ രാവിലെയോ വൈകിട്ടോ ചെയ്യാന്‍ ശ്രമിക്കുക. കുട്ടികളെ അതികഠിനമായ വെയിലുള്ളപ്പോള്‍ കളിക്കാന്‍ അനുവദിക്കേണ്ട. കാറ്റുകടന്ന് ചൂട് പുറത്ത് പോകത്തക്ക വിധത്തില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതോ വെളുത്തതോ ഇളം നിറത്തിലുള്ളതുമായ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക്ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മദ്യം എന്നിവയുടെ ഉപയോഗം കുറയ്‍ക്കുക, ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. വെയിലത്ത് നടക്കേണ്ട അവസരങ്ങളില്‍ കുട ഉപയോഗിക്കുക. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home