പാൽക്കുളംമേട് വിനോദസഞ്ചാര കേന്ദ്രം തുറന്നു

മന്ത്രി റോഷി അഗസ്റ്റിൻ പാൽക്കുളമേട് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തപ്പോൾ
ഇടുക്കി
പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം വികസനത്തിന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി റോഷിഅഗസ്റ്റിൻ. നവീകരിച്ച സഞ്ചാര കേന്ദ്രത്തിൽ പ്രവേശനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാൽക്കുളംമേട് ടൂറിസ്റ്റ് കേന്ദ്രത്തിൽ വനസംരക്ഷണസമിതിയെ നിയോഗിക്കാനും മന്ത്രി നിർദേശം നൽകി. അപൂർവ പ്രകൃതിഭംഗിയും ജന്തുസെെസ്യ വെെവിധ്യവുമുള്ള പാൽക്കുളം മേട് ഒന്നോ രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രക്കിങ് കേന്ദ്രമായിമാറും. ഇവിടുത്തെ ജനങ്ങളും വനംകുപ്പും രണ്ടല്ല. ഈ ട്രക്കിങ് കേന്ദ്രത്തിലേക്കുള്ള യാത്രയും വനസംരക്ഷണ സമിതിയും ഇവിടുത്തെ ജനങ്ങളും ഒന്നാണ് എന്ന നിലയിൽ ആരംഭിച്ച ഈ സംരംഭം നമുക്ക് ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണം. ജില്ലയിലെ ഏറ്റവും നല്ല ട്രക്കിങ് കേന്ദ്രമായി പാൽക്കുളം മേട് മാറുമെന്ന കാര്യത്തിൽ ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു.പ്രദേശവാസികളായ നിരവധിപേർക്ക‍് തൊഴിലും അനുബന്ധ ജീവിതോപാധികളും ഒരുക്കാനും പാൽക്കുളം മേടിന്റെ വികസനത്തിലൂടെ സാധ്യമാകും. ജില്ലയിൽ കാൽവരി മൗണ്ട്, പേഴുങ്കണ്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എല്ലാം നല്ല നിലയിലാണ് വനസംരക്ഷണ സമിതിപ്രവർത്തിച്ച് വരുന്നത്. ഈ സാഹചര്യത്തിൽ, ഇവിടെ വനസംരക്ഷണ സമിതി എത്രയും പെട്ടെന്ന് രൂപീകരിക്കാൻ ആവശ്യമായ നിർദ്ദേശം സിസിഎഫ് ഇപ്പോൾ കൊടുത്തിട്ടുണ്ട്. അത് വളരെ പെട്ടെന്ന് തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 100 പേരെയാണ് പ്രവേശിപ്പിച്ചത്. കൂടെ പോകുന്ന ആളുകൾക്ക് ആവശ്യമായ ഗൈഡ് ലൈൻസിനുള്ള ടീം ഒക്കെ വനം വകുപ്പിൽനിന്നുണ്ടാകും. പരിപാടിയിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷയായി. സിസിഎഫ് ടി കെ വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ രാജേശ്വരി രാജൻ, അന്നമ്മ ബാബു, ജൻസി സ്റ്റീഫൻ, ദീപ ജോസഫ്, ഷാജി വഴക്കാല, ഐസൺ ജിത്ത്, സന്ധ്യ രാജേഷ്, മനോജ് ടി ഡി, അരുൺ സേവിയർ, രാഷ്ട്രീയ നേതാക്കളായ അനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.










0 comments