യുദ്ധം, ചൂട്
സഞ്ചാരികളുടെ വരവിൽ കുറവ്

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലെത്തിയ സഞ്ചാരികൾ

സ്വന്തം ലേഖകൻ
Published on Apr 26, 2026, 12:30 AM | 1 min read
ഇടുക്കി
പശ്ചിമേഷ്യൻ യുദ്ധവും ഹൈറേഞ്ചിലെ ചൂട് വർധനയും കാരണം വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്. 2025, 2026 ജനുവരി മുതൽ ഏപ്രിൽ 24വരെയുള്ള താരതമ്യ കണക്കിൽ 1.25ലക്ഷത്തിലധികം സഞ്ചാരികളുടെ കുറവാണുള്ളത്. ഡിടിപിസിയുടെ 10 കേന്ദ്രങ്ങളിൽ 2025ൽ ജനുവരി മുതൽ നാലുമാസം 11,96,612 പേരെത്തിയെങ്കില്‍ ഇത്തവണത്തെ കണക്ക് 10,67,596 മാത്രമാണ്. 1,29,016 പേരുടെ കുറവ്. ഈ വർഷം ജനുവരിയിലാണ് നല്ലനിലയിൽ സഞ്ചാരികൾ (4,29,608) എത്തിയത്. ഫെബ്രുവരി 2,18,147, മാർച്ച് 1,45,219 എന്നിങ്ങനെയാണ് സന്ദര്‍ശകരുടെ എണ്ണം. 2025ലിത് യഥാക്രമം 2,46,933, -1,65,436 എന്നിങ്ങനെയായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ഇത്തവണ വിദേശ രാജ്യങ്ങളിൽനിന്ന് പ്രത്യേകിച്ച് ഗൾഫ് മേഖലകളിൽനിന്നും ബുക്കിങ് കുറവായിരുന്നു. പശ്ചിമേഷ്യൻ യുദ്ധം വിനോദസഞ്ചാര മേഖലയെ ബാധിച്ചിട്ടുണ്ടെന്നാണ് ഹോട്ടൽ, ഹോംസ്‌റ്റേ ഉടമകൾ പറയുന്നത്. നാട്ടിൻപുറത്തെ അപേക്ഷിച്ച് ഹൈറേഞ്ചിൽ ചൂട് കുറവാണെങ്കിലും മുൻ വർഷത്തേക്കാൾ അധികരിച്ചിട്ടുണ്ട്. ഇത് തദ്ദേശീയ സഞ്ചാരികളുടെ വരവ് കുറച്ചിട്ടുണ്ട്. എന്നാലും മറ്റ് ജില്ലകളിൽ 38മുതൽ 40 ഡിഗ്രിവരെ താപനിലയുള്ളപ്പോൾ ഹൈറേഞ്ചിൽ 33മുതൽ 35.5വരെയാണ്. മുൻ കാലങ്ങളിൽ ശരാശരി 27മുതൽ 32 ഡിഗ്രിവരെയായിരുന്നു. എന്നാലും അവധിക്കാലത്ത് തണുപ്പുതേടി കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത് മൂന്നാർ, വാഗമൺ, തേക്കടി എന്നിവിടങ്ങളാണ്.
തെരഞ്ഞെടുപ്പും കുറയാൻ കാരണമായി
ഇത്തവണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ നടന്ന മാർച്ചിൽ സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ മാർച്ചിൽ 1,65,436 സഞ്ചാരികൾ വന്നിരുന്നു .ഇത്തവണ 1,45,219 പേരാണെത്തിയത്. 20,217 പേരുടെ കുറവ്. ഏപ്രിൽ രണ്ടാം വാരത്തോടെ സഞ്ചാരികളുടെ ഒഴുക്കുണ്ട്. മാട്ടുപ്പെട്ടി, രാമക്കൽമേട്, അരുവിക്കുഴി, ശ്രീ നാരായണപുരം, വാഗമൺ മൊട്ടക്കുന്ന്, അഡ്വഞ്ചർ പാർക്ക്, പാഞ്ചാലിമേട്, ഹിൽവ്യൂ പാർക്ക്, ആമപ്പാറ, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയവയാണ് ഡിടിപിസി കേന്ദ്രങ്ങളായുള്ളത്. വാഗമണ്ണും മൂന്നാറും തന്നെയാണ് ഇഷ്‍ടകേന്ദ്രങ്ങള്‍.










0 comments