ad
Deshabhimani

മധ്യവേനലവധി തകർത്തു, പൊളിച്ചു

എത്തിയത് 
10 ലക്ഷം പേർ

tourist
വെബ് ഡെസ്ക്

Published on Jun 02, 2026, 12:15 AM | 1 min read

ഇടുക്കി ​

മഴയുടെ കുളിരില്‍ അലിഞ്ഞ് ഇടുക്കിയില്‍ അവധിക്കാലം ആഘോഷിച്ച് നാട്. സംസ്ഥാനത്തിനകത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും പതിനായിരങ്ങളാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ ജില്ലയുടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. മഴ ലഭിച്ചുതുടങ്ങിയതോടെ മഞ്ഞിറങ്ങിയും ജലപാതങ്ങളില്‍ നീരൊഴുകിയും ജില്ല അതിമനോഹരമായിരുന്നു. വാഗമണ്‍ മൊട്ടക്കുന്ന്, സാഹസിക പാര്‍ക്ക്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡൻ തുടങ്ങിയെല്ലായിടത്തും വലിയ തിരക്കായിരുന്നു. മഞ്ഞിനെ കീറിമുറിച്ച് ഗ്യാപ്‍റോഡിലൂടെയുള്ള യാത്ര അനിര്‍വചനീയം. അവധിക്കാലം തുടങ്ങിയപ്പോള്‍ കടുത്ത വേനല്‍ച്ചൂടായിരുന്നെങ്കില്‍ അവസാനിക്കുമ്പോഴേക്കും മഴയെത്തി. ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 9,98,702 സഞ്ചാരികളാണ് ഡിടിപിസിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. ഏപ്രിലില്‍ 3,50,321 പേരും മെയില്‍ 6,48,381 പേരും. ഇരട്ടിയോളമാണ് ഒരുമാസത്തിനിടയിലെ വര്‍ധന. സര്‍ക്കാര്‍ പൊതുഅവധികള്‍ വന്നതും സഞ്ചാരികളുടെ എണ്ണം വര്‍ധിക്കാൻ കാരണമായി. മൂന്നാറിലും വാഗമണ്ണിലും വാഹനങ്ങള്‍ ഏറെനേരം ഗതാഗത കുരുക്കില്‍പ്പെടുന്നത് പതിവായിരുന്നു. തമിഴ്‍നാട്ടില്‍ സ്‍കൂള്‍ തുറക്കുന്നത് നാലിലേക്ക് മാറ്റിയിട്ടുണ്ട്. വാഗമണ്‍ മൊട്ടക്കുന്നിലാണ് ഇക്കുറി കൂടുതല്‍ സഞ്ചാരികളെത്തിയത്, 2,53,453 പേരാണ് ഏപ്രില്‍ ഒന്നുമുതലെത്തിയത്. ഇതില്‍ 1,66,867 പേരും മെയിലാണെത്തിയത്. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് കൂടുതല്‍ പേരെത്തിയ അടുത്തയിടം, 2,52,499 പേര്‍. വാഗമണ്‍ സാഹസിക പാര്‍ക്കില്‍ 2,37,817 പേരുമെത്തി. അരുവിക്കുഴിയിലാണ് ഏറ്റവും കുറവ്, 4911 പേര്‍ മാത്രം. രാമക്കല്‍മേട്ടില്‍ 71,775 പേരുമെത്തി. എസ്‍എന്‍ പുരം 32,470, മാട്ടുപ്പെട്ടി ൯൩൬൬, പാഞ്ചാലിമേട് 53,029, ഹില്‍വ്യൂ പാര്‍ക്ക് 41,127, ആമപ്പാറ 32,963 എന്നിങ്ങനെയാണ് സഞ്ചാരികളുടെ എണ്ണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home