ad
Deshabhimani

സുവര്‍ണ ജൂബിലി തിളക്കത്തില്‍

ഇടുക്കി പദ്ധതി ഊർജചരിത്രത്തിലെ സുവർണ അധ്യായം

pv

പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഉദ്‌ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടി, എം എം മണി എംഎൽഎ എന്നിവർ സമീപം

avatar
നന്ദു വിശ്വംഭരന്‍

Published on Mar 13, 2026, 12:15 AM | 1 min read

ഇടുക്കി

കേരളത്തിന്റെ വികസനക്കുതിപ്പിന് വെളിച്ചമേകുകയും സംസ്ഥാനത്തിന്റെ ഊർജ സുരക്ഷയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്ന ഇടുക്കി ജലവൈദ്യുത പദ്ധതി സുവര്‍ണ ജൂബിലി നിറവില്‍. കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്ന ഇ‍ൗ ബ്രഹത്‌ പദ്ധതി സംസ്ഥാനത്തിന്റെ വൈദ്യുതി സ്വയം പര്യാപ്‍തതയ്‍ക്ക് അടിത്തറപാകാനായി. 1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചിരുന്നത്. ഏഷ്യയിലെ തന്നെ പ്രശസ്തമായ ആർച്ച് ഡാമുകളിൽ ഒന്നായ ഇടുക്കി ഡാമും ചെറുതോണി, കുളമാവ് അണക്കെട്ടുകളും ചേർന്നതാണ് പദ്ധതി. 60 ചതുരശ്ര കിലോമീറ്റര്‍ വിസ്‍തൃതിയുള്ള ജലസംഭരണിയാണ് രൂപീകരിച്ചത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. 168.91 മീറ്റര്‍ ഉയരമുള്ള ഇടുക്കി ആര്‍ച്ച് ഡാം രാജ്യത്തെ ആദ്യ ആര്‍ച്ച് ഡാമാണ്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളിലൂടെ 780 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തിന് പുറമേ മധ്യകേരളത്തിലെ വലിയൊരു പ്രദേശത്തെ ജലസേചനവും കുടിവെള്ള ആവശ്യവും നിറവേറ്റുന്നത് ഇടുക്കി പദ്ധതിയാണ്. ഭൂമിക്ക് അടിയിലൂടെ സ്ഥാപിച്ച ടണല്‍, പെന്‍സ്റ്റോക്ക് എന്നിവയിലൂടെയാണ് ഇടുക്കി വൈദ്യുത നിലയത്തിലേക്ക് ജലസംഭരണിയില്‍നിന്ന് വെള്ളം എത്തിക്കുന്നത്. മൂലമറ്റത്ത് സ്ഥാപിച്ചിരിക്കുന്ന ഭൂഗര്‍ഭ വൈദ്യുത നിലയത്തിലേക്കുള്ള പ്രവേശനം 2000 അടിനീളമുള്ള ടണലിലൂടെയാണ്. ഉല്‍പാദനശേഷമുള്ള വെള്ളം തൊടുപുഴയാറിലേക്ക് ഒഴുക്കുന്നു. മലങ്കര ചെറുകിട വൈദ്യുത പദ്ധതിയിലെ ഉല്‍പാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കുന്നുണ്ട്. ആദിവാസി മൂപ്പനായിരുന്ന കൊലുമ്പനാണ് പെരിയാറിന് കുറുകേ ഡാം നിര്‍മിക്കാൻ കുറവൻ, കുറത്തി മലകള്‍ ചൂണ്ടിക്കാണിച്ചത്. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോലുമ്പന്റെ കുടുംബത്തെയും പദ്ധതിയുടെ നിര്‍മാണത്തില്‍ പങ്കാളികളായവരെയും ആദരിച്ചു. മന്ത്രി കെ കൃഷ്‍ണൻകുട്ടി ഗോല്‍ഡൻ ജൂബിലി സുവനീര്‍ പ്രകാശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home