വെളിച്ചവിപ്ലവത്തിന്റെ സുവർണ്ണത്തിളക്കം
വെളിച്ചവിപ്ലവത്തിന്റെ സുവർണ്ണത്തിളക്കം

ജോബി ജോർജ്
Published on Jan 26, 2026, 12:30 AM | 2 min read
ഇടുക്കി
വെളിച്ചത്തിന്റെ നാടായ ഇടുക്കിയും മൂലമറ്റം പവർഹൗസും പുതിയപന്ഥാവിലേക്ക്. ഇടുക്കി സുവർണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതി നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയാകും. ഇടുക്കി പദ്ധതിയിൽ 2000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പദ്ധതി 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് ഈ ശേഷി കൈവരിക്കുക. വൈദ്യുതി ഉൽപ്പാദനത്തിന് പുറമെ ഏഴ് ദശലക്ഷം ക്യൂബിക് മീറ്റർ ജല ഉൽപ്പാദവും നടക്കും. ഒഴുക്കി കളയുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറയ്‌ക്കാം.
സുവർണജൂബിലി പദ്ധതി
ഇടുക്കി സുവർണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതിസുവർണ ജൂബിലി പദ്ധതിയിൽ കുളമാവ് ഭാഗത്തെ തുരങ്കം വഴി ജലം പവർഹൗസലിലെത്തിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ശ്രമം. പരിസ്ഥിതി ആഘാതം പരമാവധികുറച്ച് തുരങ്കവും നൂതന സാങ്കേതിക വിദ്യയിൽ നിർമിക്കും. 200 മെഗാവാട്ടിന്റെ നാല് ജനറേറ്ററുകളാകും പവർഹൗസിൽ സ്ഥാപിക്കുക. രണ്ട് നിലയങ്ങളിൽകൂടി പീക്ക് സമയങ്ങളിൽ നാലുമണിക്കൂർ അധികം വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും.
ഇടുക്കി അണക്കെട്ടിന്റെ ചരിത്രം
കുറുവൻ – കുറത്തി മലനിരകളുടെ ഇടുക്കിൽനിന്ന് രൂപപ്പെട്ട പേരാണ് ഇടുക്കിയെന്ന ചെറുപട്ടണവും ജില്ലയും. ഇടുക്കി– ചെറുതോണി – കുളമാവ് അണക്കെട്ടുകൾക്കുള്ളിലാണ് ജലാശയം. പെരിയാറിന് കുറുകെ നിർമിച്ച ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമാണ് ഇടുക്കി. 1969- ഏപ്രിൽ 30 ന് അന്നത്തെ മുഖ്യമന്ത്രി ഇഎം എസ് നന്പൂതിരിപ്പാട് ആദ്യബക്കറ്റ് കോൺക്രീറ്റ് ഇട്ട് നടത്തിയ നിർമാണോദ്‌ഘാടനം ചരിത്രത്തിലേക്കായിരുന്നു. 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി പെരിയാറിനു കുറുകെ 555 മീറ്റർ ഉയരത്തിലായിരുന്നു ഇടുക്കി ആർച്ച്‌ഡാം നിർമിച്ചത്. ചെറുതോണിയിൽ കുറവൻ, തേൻമുടി മലനിരകളെ യോജിപ്പിച്ച് ചെറുതോണി അണക്കെട്ടും നിർമിച്ചു. കിളിവള്ളിയാറ്റിൽ കുറുകെ കുളമാവ് അണക്കെട്ടും നിർമിച്ചു. 1922ൽ വേട്ടയ്‌ക്കെത്തിയ മലങ്കര എസ്‌റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യൂ ജെ ജോണിന് വഴികാട്ടിയായ ആദിവാസി മൂപ്പൻ കരുവെള്ളായൻ ചെന്പൻ കൊലുന്പനാണ് ഇടുക്കി അണക്കെട്ടിന്റെ സ്ഥാനം നിർണയിച്ചത്. കാനഡയുടെ സാങ്കേതിക സഹകരണത്തോടെയാണ് ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ നിർമിച്ചത്.
മൂലമറ്റം ഉൗർജക്ഷേത്രം @ 50
സംസ്ഥാനത്തിന്റെ ഊർജക്ഷേത്രമായ മൂലമറ്റം വൈദ്യുതി നിലയത്തിന് ഫെബ്രുവരി 12ന് 50 വയസ് തികയും. പവർഹൗസിനു മുന്നിൽ ആയിരങ്ങളെ സാക്ഷി നിർത്തി.1976 ഫെബ്രുവരി 12ന് രാവിലെ ഒമ്പതിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സമ്മേളനവേദിയിലെ ബട്ടൺ അമർത്തി, വൈദ്യുതി പ്രവഹിച്ചതോടെ ഇടുക്കി ജലവൈദ്യുതപദ്ധതി യാഥാർഥ്യമായി. സംസ്ഥാനത്തിന്റെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്നുവരെ ഉൽപ്പാദിപ്പിക്കുന്നതിവിടെയാണ്. പ്രതിവർഷം 2,398 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട്. വൈദ്യുതിനിലയം നിർമിക്കാൻ കനേഡിയൻ സർക്കാരുമായി 1967ൽ ഇന്ത്യ വായ്‌പാ കരാർ ഒപ്പുവച്ചു. എസ്എൻസി ലാവലിനായിരുന്നു മേൽനോട്ടം. 1973 ഫെബ്രുവരിയിൽ അണക്കെട്ട് നിർമാണം പൂർത്തിയായി. ജലം സംഭരിക്കാൻ തുടങ്ങി. ആദ്യ ട്രയൽറൺ 1975 ഒക്ടോബർ നാലിന് നടന്നു.
റോക് ബോൾട്ട് തുരങ്കം
കുളമാവ് മുതൽ മൂലമറ്റം വരെ ഭൂമിക്കുള്ളിൽ പാറതുരന്നാണ് മൂലമറ്റം പവർഹൗസ്‌നിർമിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരത്തിലേറെ പേർ ജോലിക്കെത്തി. രാജ്യത്താദ്യമായി പാറകൾ അടർന്നുവീഴാതെ റോക് ബോൾട്ട് സംവിധാനംചെയ്‌തത് മാപ്പിള ഖലാസികളാണ്.
വൈദ്യുതിപ്രവാഹം
മൂലമറ്റം പവർഹൗസിൽ നിന്ന് മൈസൂരുവിലേക്ക് വരെ വൈദ്യുതി പ്രവഹിച്ചിരുന്നു. കുളമാവ് അണക്കെട്ടിനു സമീപം സ്ഥാപിച്ചിരിക്കുന്ന മോണിങ് ഗ്ലോറി ഇൻടേക് ടവർ വഴിയാണ് വെള്ളം നിലയത്തിലെത്തുന്നത്. ഇത് പൂർണമായും ജലാശയത്തിനകത്താണ്. ടണൽ വഴി വെള്ളം കൺട്രോൾ ഷാഫ്റ്റിലെത്തി ഇവിടെനിന്ന് സർജ് ഷാഫ്റ്റിലെത്തും. നാടുകാണി മലയുടെ സമീപമുള്ള ബട്ടർഫ്ലൈ വാൽവുകൾ വഴി, ഭൂമിക്കടിയിലുള്ള രണ്ട് പെൻസ്റ്റോക്കുകളിലൂടെ മൂലമറ്റം വൈദ്യുതി നിലയത്തിലെത്തും. സ്‌പെറിക്കൽ വാൽവിൽനിന്ന് എത്തുന്ന വെള്ളം ജനറേറ്ററുകളിലെ ടർബൈനുകൾ കറക്കും. മൂലമറ്റം നിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി, ഓയിൽ നിറച്ച 220 കെവി കേബിൾ വഴിയാണ് സ്വിച്ച് യാർഡിലെത്തുന്നത്. ഇവിടെനിന്ന് ആറ് 220 കെവി ഫീഡർവഴി വൈദ്യുതി എത്തിക്കും. രണ്ട് ഫീഡറുകൾ കളമശേരിക്ക്, രണ്ട് ലൈനുകൾ ലോവർ പെരിയാർ, ന്യൂപള്ളത്തിനും ഉദുമൽപേട്ടയ്‌ക്കും(അന്തർസംസ്ഥാനം) ഓരോ ലൈനുമാണുള്ളത്.










0 comments