മഴയ്‍ക്ക് നേരിയ ശമനം
പെയ്‍തും തോര്‍ന്നും

നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് മലങ്കര അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നപ്പോള്‍

സ്വന്തം ലേഖകൻ
Published on Aug 04, 2026, 12:15 AM | 2 min read
ഇടുക്കി
ജില്ലയില്‍ പെയ്‍തും തോര്‍ന്നും മഴ. തിങ്കള്‍ പകല്‍ ലോ റേഞ്ചിലും ഹൈ റേഞ്ചിലും ഉച്ചവരെ ശക്തമായ മഴ പെയ്‍തെങ്കിലും പിന്നീട് ഉണ്ടായില്ല. തൊടുപുഴ മേഖലയില്‍ വൈകിട്ട് അഞ്ചോടെ വീണ്ടും മഴയെത്തി. തിങ്കള്‍ രാവിലെ ആറുവരെയുള്ള 24 മണിക്കൂറില്‍ ശരാശരി 81.86 മില്ലീമീറ്റര്‍ മഴ പെയ്‍തു. പീരുമേട് താലൂക്കിലായിരുന്നു കൂടുതല്‍, 149 മില്ലീമീറ്റര്‍. തൊടുപുഴയില്‍ 123 മില്ലീമീറ്ററും മഴ പെയ്‍തു. ഇടുക്കി 88.80, ദേവികുളം 22, ഉടുമ്പൻചോല 26.5 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ പെയ്‍ത മഴ. തിങ്കളാഴ്‍ച ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടായിരുന്നു. ചൊവ്വാഴ്‍ച മഞ്ഞയും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ പച്ച അലര്‍ട്ടുമാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. മുല്ലപ്പെരിയാറില്‍ 118.35 അടിയാണ് നിലവിലെ ജലനിരപ്പ്. ഞായര്‍ രാവിലെ ഇത് 116.70 അടിയായിരുന്നു. ഇടുക്കി അണക്കെട്ടില്‍ 2343.5 അടിയും വെള്ളമുണ്ട്. തലേന്ന് ഇത് 2339.62 അടിയായിരുന്നു. മലങ്കര, കല്ലാര്‍കുട്ടി, കല്ലാര്‍, പാംബ്ല ഡാമുകളുടെ ഷട്ടര്‍ തുറന്നിട്ടുണ്ട്. അടിമാലി കൊടകല്ല് ആദിവാസി ഉന്നതിയിൽ ഉരുൾപൊട്ടി കൃഷിയിടം ഒലിച്ചുപോയിട്ട് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുയര്‍ന്നു.
മലങ്കര അണക്കെട്ടില്‍ 41.30 മീറ്റര്‍ വെള്ളം
മലങ്കര അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 41.30 മീറ്ററിലെത്തി. നിലവിൽ 145.392 കുമെക്‌സ് തോതിൽ ഡാമിലേക്ക് വെള്ളം ഒഴുകിയെത്തുന്നുണ്ട്. മൂലമറ്റം പവർ ഹൗസിൽനിന്നുള്ള ടൈൽറേസ് വെള്ളവും പ്രതീക്ഷിക്കുന്നു. മൂവാറ്റുപുഴ, തൊടുപുഴ ആറുകളിലെ ജലനിരപ്പ് അപകട നിലയിലാണ്. ഡാമിന്റെയും താഴ്ന്ന പ്രദേശങ്ങളുടെയും സുരക്ഷ മുൻനിർത്തി ഞായര്‍ രാത്രി 11.30 മുതല്‍ അഞ്ച് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. ഇതില്‍ മൂന്നെണ്ണം ക്രമേണ ഒരുമീറ്റര്‍ വരെയുയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്കൊഴുക്കും. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരങ്ങളിൽ ഉള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം.
13 ക്യാമ്പുകള്‍
ജില്ലയില്‍ നിലവില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 200 പേരാണ് ഇവിടങ്ങളിലുള്ളത്. 78 പുരുഷന്മാരും 98 സ്ത്രീകളും 24 കുട്ടികളും. തൊടുപുഴ താലൂക്കില്‍ 6 ക്യാമ്പുകളിലായി 122 പേരുണ്ട്. ഇടുക്കി താലൂക്കില്‍ നാല് ക്യാമ്പുകളിലായി 44 പേരുമുണ്ട്. പീരുമേട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 26 പേരും ഉടുമ്പഞ്ചോല താലൂക്കില്‍ ഒരു ക്യാമ്പില്‍ എട്ടുപേരുമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പ് അവസാനിക്കുന്നതുവരെ അവധി പ്രഖ്യാപിച്ചു.










0 comments