രാജി, വിമതര്‍, തമ്മിലടി, പുറത്താക്കല്‍,
യുഡിഎഫില്‍ സര്‍വം പ്രശ്‍നമയം

ഇടുക്കി
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുതല്‍ തുടങ്ങിയ കല്ലുകടിയും തമ്മില്‍തല്ലും വിട്ടുമാറാതെ കോണ്‍ഗ്രസും യുഡിഎഫും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതലുള്ള പ്രശ്‍നങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസത്തോടടുത്തിട്ടും അറുതിയില്ല. മുന്നണിക്കുള്ളിലെയും കോണ്‍ഗ്രസിനുള്ളിലെയും പ്രശ്‍നങ്ങള്‍ യുഡിഎഫിനെ ചില്ലറയൊന്നുമല്ല അലട്ടുന്നത്. കൂട്ടക്കുഴപ്പമെന്ന സംസ്ഥാനവ്യാപക പ്രതിഭാസത്തിന് ജില്ലയിലും മാറ്റമില്ല. വിമതരുടെ നിര ലഭ്യമായ വിവരമനുസരിച്ച് ജില്ലയില്‍ യുഡിഎഫിനെതിരെ 39 വിമതര്‍ മത്സരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനിലും അഴുത ബ്ലോക്കിലും ഓരോരുത്തരുണ്ട്. തൊടുപുഴ, കട്ടപ്പന നഗരസഭകളിലായി 11 പേരും വിവിധ പഞ്ചായത്തുകളിലായി 26പേരും മത്സരിക്കുന്നു. രാജാക്കാട് പഞ്ചായത്ത് ഒമ്പത്, നെടുങ്കണ്ടം 16 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേരുണ്ട്. തൊടുപുഴ നഗരസഭ 17ാം വാര്‍ഡില്‍ ലീഗിന്റെ വിമതൻ ലീഗ് തന്നെ. വിമതര്‍ പുറത്തേക്ക് വിമത സ്ഥാനാര്‍ഥികളെയും വിമത പ്രവര്‍ത്തനം നടത്തിയവരെയും കോണ്‍ഗ്രസ് പുറത്താക്കി.
മുട്ടം പഞ്ചായത്ത് മൂന്നാംവാർഡിലെ ഷീജ അബ്രഹാം, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റ് ഷൈജ ജോമോൻ, തൊടുപുഴ നഗരസഭ 36ാം വാർഡിലെ ആതിര ജോഷി, ഭര്‍ത്താവ് ജോസലറ്റ് മാത്യു, 10ാം വാർഡിലെ ആനി ജോർജ്, ബഷീര്‍ ഇബ്രാഹിം, ഷംസ് കിളിയനാല്‍, ജോര്‍ജ് താന്നിക്കൻ എന്നിവര്‍ക്കെതിരെയാണ് നടപടി. കട്ടപ്പന നഗരസഭയില്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷമേജ് കെ ജോര്‍ജ്, മണ്ഡലം സെക്രട്ടറിമാരായ റിന്റോ സെബാസ്റ്റ്യന്‍, ജിജി ചേലക്കാട്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബീനാ ജോബി, മായാ ബിജു എന്നിവരെയും പുറത്താക്കി. പ്രതിഷേധവും രാജിയും കോണ്‍ഗ്രസിലും യുഡിഎഫിലും രാജികളുടെ തുടര്‍ച്ചയാണ്. കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ഏകാധിപത്യപരമായി തീരുമാനമെടുക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഷാനു ഷുക്കൂര്‍ രാജിവച്ചു. തൊടുപുഴ നഗരസഭ 28-–ാം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെയും ഏകാധിപത്യപരവും ധിക്കാരപരവുമായ സമീപനത്തിലും പ്രതിഷേധിച്ച് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് രാജുവും രാജിവച്ചിരുന്നു. സീറ്റ് നിഷേധിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് കരിപ്പലങ്ങാട് വാര്‍ഡ് പ്രസിഡന്റ് പുതുപ്പറമ്പില്‍ പി സി ബെന്നി ബിഡിജെഎസില്‍ ചേര്‍ന്നതും വിവാദമായി. കഴിഞ്ഞദിവസം വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ എം എ ബിജു ബിജെപിയില്‍ ചേര്‍ന്നത് കോൺഗ്രസിന് നാണക്കേടും അവമതിപ്പുമായി.










0 comments