ad
Deshabhimani

ഭക്ഷ്യകമീഷൻ ചെയര്‍പേഴ്‌സണ്‍ ഇടമലക്കുടി സന്ദര്‍ശിച്ചു

റേഷന്‍ വിതരണത്തിൽ ക്രമക്കേട്

ration

ഇടമലക്കുടിയിലെ പ്രദേശവാസികളോട് സംസാരിക്കുന്ന സംസ്ഥാന ഭക്ഷ്യ കമീഷന്‍ ചെയര്‍മാന്‍ ജിനു സക്കറിയ ഉമ്മന്‍

വെബ് ഡെസ്ക്

Published on Apr 20, 2026, 12:15 AM | 2 min read

ഇടുക്കി
സംസ്ഥാന ഭക്ഷ്യ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ഇടമലക്കുടി സന്ദര്‍ശിച്ചു. റേഷന്‍ വിതരണത്തിലെ  ക്രമക്കേട് സംസ്ഥാന ഭക്ഷ്യ കമീഷൻ ചെയര്‍പേഴ്‌സണ്‍ ജിനു സക്കറിയ ഉമ്മന്‍ കണ്ടെത്തി. റേഷൻ വിതരണത്തെക്കുറിച്ചുള്ള പരാതികളെ തുടർന്നാണ്‌ സംസ്ഥാന ഭക്ഷ്യകമീഷൻ റേഷന്‍കടകളില്‍ അടിയന്തര പരിശോധനയും കുടികളില്‍ സന്ദര്‍ശനവും നടത്തിയത്. ഗിരിജന്‍ സഹകരണ സംഘം സെക്രട്ടറി ലൈസന്‍സിയായിട്ടുള്ള സൊസൈറ്റിക്കുടി, വെള്ളവരക്കുടി എന്നീ റേഷന്‍ കടയ്ക്കതിരെ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായാണ്‌ പരാതി. പൊതുവിതരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 65 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിന്റെ കുറവ് കണ്ടത്തി.
​റേഷൻ കടകളിൽ രേഖകളില്ല
ഇടമലക്കുടിയില്‍ റേഷന്‍ വിതരണം നടത്തുന്നത് ഗിരിജന്‍ സര്‍വീസ് സൊസൈറ്റി (നം.112),സെക്രട്ടറി അഖില്‍ ജോസ് ലൈസന്‍സിയായ സൊസൈറ്റിക്കുടി(എഫ്പിഎസ്125),വെള്ളവരകുടി(എഫ്പിഎസ് 148) എന്നീ റേഷന്‍ കടകളില്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തി. സൊസൈറ്റിക്കുടിയിൽ റേഷന്‍ കടയില്‍ കമീഷൻ നടത്തിയ പരിശോധനയില്‍ ഭക്ഷ്യധാന്യം കടയില്‍ എത്തിയതിന്റെയോ,വിതരണം നടത്തിയതിന്റെയോ രേഖകളില്ലായിരുന്നു.
​സൊസൈറ്റികുടി, ഇഡലിപാറകുടി, കവക്കാട്ടുകുടി, മീന്‍ കുത്തിക്കുടി, ഇരുപ്പ്കല്ല് കുടി, വെള്ളവരകുടി, എന്നീ ഉന്നതികളിലെ വിവിധ ഗുണഭോക്താക്കള്‍ ജനപ്രതിനിധികള്‍, ഊരുമൂപ്പന്‍മാര്‍ എന്നിവരോടെല്ലാം കമീഷൻ ആശയവിനിമയം നടത്തി. ഫെബ്രുവരി മുതല്‍ റേഷന്‍ വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഉള്‍പ്രദേശങ്ങളില്‍നിന്നും മൂന്നുനാലു കിലോ മീറ്റര്‍ കാല്‍നടയായി വരുമ്പോള്‍ പലപ്പോഴും, റേഷന്‍ കടയില്‍ ഭക്ഷ്യധാന്യം സ്റ്റോക്ക് ഇല്ല. ടോക്കണ്‍ നല്‍കി മടക്കി അയക്കുകയാണ്‌ പതിവ്‌. പിന്നീട് അതുമായി വരുമ്പോള്‍ അതിന്റ കാലാവധി കഴിഞ്ഞു എന്ന കാരണത്താല്‍ ഭക്ഷ്യ ധാന്യം നല്‍കാറില്ലെന്നും ഗുണഭോക്താക്കള്‍ കമീഷൻ മുമ്പാകെ പരാതിപ്പെട്ടു. ഇത്തരത്തില്‍ ടോക്കണ്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് കമീഷൻ അറിയിച്ചു.
​റേഷൻ ഡിപ്പോ ശോച്യാവസ്ഥയിൽ
വെള്ളാരക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ ഡിപ്പോ(എഫ്പിഎസ് 148) പരിശോധിച്ച് പ്രവര്‍ത്തനം വിലയിരുത്തി. വളരെ ശോച്യമായ കെട്ടിടത്തിലാണ് റേഷന്‍കട പ്രവര്‍ത്തിക്കുന്നത്. റേഷന്‍ വിതരണത്തില്‍ ഗുരുതര കൃത്യവിലോപം കാട്ടിയ ഗിരിജന്‍ സൊസൈറ്റിയുടെ  സെക്രട്ടറി അഖില്‍ ജോസിനെതിരെ നടപടി സ്വീകരിക്കുന്നതിൽ ജില്ലാ സപ്ലൈ ഓഫീസര്‍, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍, ഫര്‍ക്ക റേഷനിങ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായും കണ്ടെത്തി.

​ഭക്ഷ്യഭദ്രതാ അലവന്‍സ് 
ലഭ്യമാക്കാൻ അദാലത്ത്‌
ഇടമലക്കുടിയിലെ റേഷന്‍ വിതരണം നടത്തുന്നതില്‍ വീഴ്ചവരുത്തിയ ഇടുക്കി ജില്ലയിലെ പൊതുവിതരണ വകുപ്പിലെ 2026 ഫെബ്രുവരി മുതല്‍ ചുമതലയുണ്ടായിരുന്ന ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ ആർ സഞ്ചയ്‌നാഥ്, റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍മാരായ ജയകുമാര്‍, ജെമി ജോസ് എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഭക്ഷ്യധാന്യം ലഭിക്കാതെപോയ ഗുണഭോക്താക്കൾക്കായി ഇടമലക്കുടി പഞ്ചായത്തുമായി ചേര്‍ന്ന്‌ അദാലത്ത്‌ നടത്തും. ഇതനുസരിച്ച്‌ ഭക്ഷ്യ ഭദ്രതാ അലവന്‍സ് ലഭ്യമാക്കാൻ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി. ഇടമലക്കുടിയിലെ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട ഏർപ്പെടുത്താനും കമീഷൻ നിര്‍ദ്ദേശിച്ചു. ​ദേവികുളം തഹസില്‍ദാര്‍ ജെ  ജയകൃഷ്ണന്‍, മൂന്നാര്‍ എസ്‌ഐ ജിപ്‌സണ്‍ മാത്യു, ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസര്‍ റോയ് തോമസ്, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ സഞ്ജീവ്‌നാഥ്, മൂന്നാര്‍ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ ഗിരീഷ് തുടങ്ങിയവർ കമീഷനെ അനുഗമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home