ഒരാഴ്‌ച കാഴ്‌ചയുടെ കലവറയിലെത്തിയത് 1.5 ലക്ഷം പേർ
എന്തൊരു ചേലാണ്

മീശപ്പുലിമലയിൽനിന്നുള്ള ദൃശ്യം
കെ ടി രാജീവ്
Published on Dec 29, 2025, 12:45 AM | 3 min read
ഇടുക്കി
കാഴ്‌ചകളുടെ കലവറയും പറുദീസയുമായ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ഒരാഴ്‌ച മാത്രം ഒന്നരലക്ഷം വിനോദസഞ്ചാരികളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തിയത്. 20 മുതൽ 27 വരെ സന്ദർശകരുടെ എണ്ണമാണ്. ഡിടിപിസി കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, രാമക്കൽമേട്, അരുവിക്കുഴി, എസ് എൻ പുരം, വാഗമൺ മെഡോസ്, വാഗമൺ അഡ്വഞ്ചർ പാർക്ക്, പാഞ്ചാലി മേട്, ഹിൽവ്യൂ പാർക്ക്, ബോട്ടാണിക്കൽ ഗാർഡൻ, ആമപ്പാറ എന്നിവിടങ്ങളിൽ നല്ല തിരക്കായിരുന്നു. കൂടാതെ തേക്കടി, വിവിധ ജലസംഭരണി മേഖല, കുട്ടിക്കാനം, പീരുമേട് തുടങ്ങി വലുതും ചെറുതുമായ കേന്ദ്രങ്ങളിലും വിദേശികളും സ്വദേശികളുമായി ധാരാളം പേരെത്തി. ക്രിസ്‌മസ് തിരക്ക് കഴിഞ്ഞെങ്കിലും പുതുവത്സരാഘോഷത്തിനായി സഞ്ചാരികൾ എത്തിതുടങ്ങി. പലയിടങ്ങളിലും നല്ല വാഹനതിരക്കും അനുഭവപ്പെട്ടു. പ്രധാനമായും മൂന്നാറിൽ ക്രിസ്‌മസ് തലേന്ന് നല്ല തിരക്കായിരുന്നു. പ്രകൃതി ഭാവങ്ങളും ഋതു പകർച്ചകളും കണ്ടും ആസ്വദിച്ചും മടങ്ങുന്നവരാണ് ഏറെയും. ഒരാഴ്‌ചമുന്പുവരെ കൊടും തണുപ്പായിരുന്നു. പൂജ്യം ഡിഗ്രിവരെ താപനിലയെത്തി. മാത്രമല്ല, കോടമഞ്ഞും കുളിർകാറ്റും നവ്യാനുഭൂതി നൽകുന്നു. തേയിലക്കാടുകൾക്കും ഹരിത മലനിരകൾക്കു മീതെ വലംവയ്‌ക്കുന്ന കോടമഞ്ഞ് കാണാനും ഇവയ്‌ക്കടുത്തുനിന്ന് ഫോട്ടോ എടുക്കാനും സഞ്ചാരികളുടെ മത്സരം കാണാം.
കൂടുതൽ പ്രീയം വാഗമൺ, എത്തിയത് 77,039 പേർ
മൂന്നാർപോലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി വാഗമണും മാറുന്നു. ഡിസംബർ 20 മുതൽ 27 വരെയുള്ള കണക്ക് പ്രകാരം വാഗമൺ മെഡോസിൽ 42,046 പേരും വാഗമൺ അഡ്വഞ്ചർ പാർക്കിൽ 34,993 സഞ്ചാരികളും എത്തി. ക്രിസ്‌മസിന് ശേഷമാണ് കൂടുതൽ പേരെത്തിയത്. കൂടാതെ വാഗമൺ മൊട്ടക്കുന്നുകൾ, പൈൻകാടുകൾ, പുൽമേടുകൾ എന്നിവ കാണാനും വിദ്യാർഥികൾ ഉൾപ്പെടെ ധാരാളംപേരെത്തി. വാഗമൺ യാത്രക്കിടെ മറ്റ് നിരവധി കേന്ദ്രങ്ങളും കാണാമെന്ന പ്രത്യേകതകൂടിയുണ്ട്. ലോറേഞ്ചിൽനിന്നുവരുന്പോൾ കാരിക്കോട് വ്യൂപോയിന്റ്, ശേഷം തങ്ങൾപാറ, മാർമല ജലപാതം, പട്ടുമല, മരുകൻമല, കുരിശുമല എന്നിവ കൂടാതെ മുണ്ടക്കയം കുട്ടിക്കാനം പ്രദേശങ്ങളുടെ വിദൂര കാഴ്‌ചയും ചേതോഹരം.
മൂന്നാർ ബൊട്ടാണിക്കൽ പൂന്തോട്ടവും മാട്ടുപ്പെട്ടിയും
സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ് മൂന്നാർ. മൂന്നാർ ബൊട്ടാണിക്കൽ പൂന്തോട്ടവും മാട്ടുപ്പെട്ടിയും കാണാൻ ഒരാഴ്‌ചയിലെത്തിയത് 25000 സഞ്ചാരികൾ. സ്‌കോട്ട്‌ലൻഡിനെയും വടക്കൻ ഇംഗ്ലണ്ടിനെയും അനുസ്‌മരിപ്പിക്കുന്ന കാലാവസ്ഥയും സവിശേഷ ഭൂപ്രകൃതിയുമാണ് വിദേശികൾ ഉൾപ്പെടെയുള്ളവരെ മൂന്നാറിലേക്ക് ആകർഷിച്ചത്. അനന്തമായ ദൂരത്തോളം പച്ചപുതച്ചുകിടക്കുന്ന തേയിലതോട്ടങ്ങൾ, അവയ്‌ക്കിടയിലൂടെ വളഞ്ഞുനീളുന്ന വൃത്തിയും വെടിപ്പുമുള്ള വിശാല റോഡുകൾ, ടീ മ്യൂസിയം തുടങ്ങിയവയൊക്കെ ആസ്വാദ്യകരം.
മൂന്നാർ മേഖലയിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മാട്ടുപ്പട്ടി, കുണ്ടള എന്നിവ. ജലാശയങ്ങളിലെ ബോട്ടിങ്ങാണ് പ്രധാനം. കുണ്ടളയിൽനിന്ന് 11 കിലോ മീറ്റർ ദൂരമാണു ടോപ്‌സ്‌റ്റേഷനിലേക്ക്. 100 മീറ്റർ അകലെയാണു വ്യൂ പോയിന്റ്. കൂടാതെ മറയൂർ റൂട്ടിലും കാഴ്‌ചാവിരുന്നാണ്. 97 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇരവികുളത്തെ ഇക്കോ പോയിന്റ്, വരയാടുകളുടെ രാജമല ചന്ദനക്കാട്, ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ വന്യജീവി കേന്ദ്രം എന്നിവ കാണാനും ധാരാളം പേരെത്തുന്നുണ്ട്.
മെട്ടുകയറി ടൂറിസ്‌റ്റുകൾ, എത്തിയത് 21,000
മൂന്നാറിനും തേക്കടിക്കും മധ്യേയുള്ള പ്രധാന ടൂറിസ്‌റ്റ കേന്ദ്രമായ രാമക്കൽമെട്ടിൽ ക്രിസ്‌മസ് അവധിക്കെത്തിയത് 21,000 ലേറെ സഞ്ചാരികൾ. രണ്ട് കേന്ദ്രങ്ങളിലെത്തുന്നവരും പ്രകൃതിയുടെ വരദാനമായ രാമക്കൽമേടും ആമപ്പാറയും കണ്ടാണ് മടങ്ങുന്നത്. അതിർത്തിയിൽ സമുദ്രനിരപ്പിൽനിന്ന് 1100 മീറ്റർ ഉയരത്തിലാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ രാമക്കൽമെട്ട് മലനിരകളുള്ളത്. ഓഫ്‌റോഡ് യാത്രയും സാഹസികതയും ഇഷ്‌ടപ്പെടുന്നവർക്കുള്ള ഇടമാണ് ആമപ്പാറ. രാമക്കൽമേന് വളരെയടുത്തുള്ളത്. ദൂരക്കാഴ്‌ചയിൽ ആമയോട് സാമ്യമുള്ള പാറയാണ് ഇവിടത്തെ കാഴ്‌ച. കൂടാതെ ഇതിനു സമീപമുള്ള ബോഡിമെട്ട്, രാജപ്പാറമെട്ട്, ചെല്ലാർകോവിൽമെട്ട്, ചതുരംഗപ്പാറമെട്ട് തുടങ്ങിവയും സഞ്ചാരികൾക്ക് പ്രിയതരം. രാമക്കൽമെട്ടിലും ചതുരംഗപ്പാറയിലും കൂറ്റൻ കാറ്റാടിയന്ത്രങ്ങൾ തിരിയുന്ന കാഴ്ചയുമുണ്ട്.
പാഞ്ചാലി മേടും ഹിൽവ്യൂ പാർക്കും
ഇൗ അവധിയിൽ പാഞ്ചാലി മേട്ടിൽ 10,817പേരും ഹിൽവ്യൂ പാർക്കിൽ 6852 സഞ്ചാരികളും എത്തി. എങ്ങോട്ടുതിരിഞ്ഞാലും കാഴ്‌ചകളുടെ ഹരിതഭംഗി തുളുമ്പുന്ന ഉഗ്രൻ ഫ്രെയ്‌മുകളാണിവിടെയുള്ളത്. യാത്രയിൽ തേക്കടിയും കണ്ടുമടങ്ങാം. വ്യത്യസ്‌ത സസ്യ–ജന്തുജാലങ്ങളുടെ സമൃദ്ധമായ ശേഖരമാണ് തേക്കടി ഉൾപ്പെടുന്ന പെരിയാർ സങ്കേതത്തിലുള്ളത്. സഞ്ചാരികൾക്ക് നിരവധി ഇക്കോ ടൂറിസം പ്രോഗ്രാമുകളും പെരിയാർ ടൈഗർ റിസർവ് വാഗ്‌ദാനം ചെയ്യുന്നു. പച്ചക്കറി ഗ്രാമമായ വട്ടവട പ്രകൃതിഭംഗികൊണ്ടും തനത് കാർഷിക- ജൈവവൈവിധ്യംകൊണ്ടും വേറിട്ടുനിൽക്കുന്നു. കോവിലൂരിലാണു വട്ടവടയുടെ തുടക്കം. തട്ടുതട്ടായ കൃഷിഭൂമിയിൽ ഉരുളക്കിഴങ്ങ്, ബീൻസ്, വെളുത്തുള്ളി തുടങ്ങി നിരവധി പച്ചക്കറികളും സ്‌ട്രോബറി മുതലായ പഴങ്ങളും സമൃദ്ധം. കേരളത്തിന്റെ പച്ചക്കറി ഗ്രാമമാണ് വട്ടവട.
കോവിഡിനുശേഷം ഏറ്റവുമധികം ഉണർവ്
മൂന്നാർ
ക്രിസ്‌മസ് പുതുവത്സര അവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മൂന്നാറിലെ എല്ലാ വിനോദ കേന്ദ്രങ്ങളും തിരക്കിലാണ്. ടൂറിസം മേഖലയ്ക്ക് ആകെ ഉത്തേജനം പകരുന്ന സീസണായി ഇത്തവണ മാറി. കോവിഡിനു ശേഷം ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തിയ ഘട്ടമായിരുന്നു. വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയിൽ ഒരാഴ്ചയ്ക്കിടെ പതിനായിരങ്ങളാണ് സന്ദർശനം നടത്തിയത്. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക്, കെഎഫ് ഡിസി പൂന്തോട്ടം, ഫോട്ടോ പോയിന്റ് എന്നിവടങ്ങളിൽ തിരക്കിന് ഒട്ടും കുറവുണ്ടായില്ല. മാട്ടുപ്പെട്ടി അണക്കെട്ടിൽ പല തരത്തിൽ ബോട്ടുകൾ ഉള്ളപ്പോഴും പെഡൽ ബോട്ടുകൾ ഉപയോഗിക്കാൻ നിരവധി പേർ സമയം കണ്ടെത്തി. സ്കൂൾ തുറക്കുന്നതു വരെ മൂന്നാറിൽ സഞ്ചാരികളുടെ തിരക്കുണ്ടാകും.










0 comments