നെൽകൃഷി സമൃദ്ധി വീണ്ടെടുക്കണം
കൊയ്‌ത്തുപാട്ടിന്റെ താളംപിഴച്ച് മഞ്ഞക്കുഴി പാടശേഖരം

മഞ്ഞക്കുഴി പാടശേഖരം

സ്വന്തം ലേഖകൻ
Published on May 15, 2026, 12:15 AM | 1 min read
രാജകുമാരി
നെൽകതിരുകൾ തലോടിയ കാറ്റും കൊയ്ത്തുപാട്ടുകളുടെ ഉത്സവവുമായിരുന്ന രാജകുമാരിയിലെ മഞ്ഞക്കുഴി പാടശേഖരം ഓർമയാകുന്നു. ആ പാടങ്ങളിലെ പലഭാഗങ്ങളും കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ടും കിടക്കുകയാണിന്ന്. ഹൈറേഞ്ചിലെ പ്രധാന നെൽകൃഷി കേന്ദ്രങ്ങളിലൊന്നായിരുന്ന മഞ്ഞക്കുഴി പാടശേഖരത്തിൽ ഇപ്പോൾ കൃഷി നാമമാത്രമായി ചുരുങ്ങി. ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തിന് പിന്നാലെ ഏറ്റവും കൂടുതൽ നെൽകൃഷി നടന്ന പ്രദേശമായിരുന്നു മഞ്ഞക്കുഴി. പതിറ്റാണ്ടുകൾക്ക് മുന്പ് ഇവിടെ നൂറിലധികം പാടങ്ങളിൽ വ്യാപകമായി കൃഷി നടത്തിയിരുന്നു. മഴക്കാലം ആരംഭിക്കുമ്പോൾ തന്നെ വയലുകൾ ഒരുക്കി കർഷകർ കൃഷിയിറക്കും. കൊയ്ത്തുകാലത്ത് പാടങ്ങളൊട്ടാകെ സ്വർണനിറം ചാർത്തിയ കതിരുകൾ കാഴ്ചവിരുന്നായിരുന്നു. പാലക്കാടൻ മട്ട, ഐആർ 8 തുടങ്ങിയ ഇനങ്ങളിൽപ്പെട്ട നെല്ലുകളാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്. നാട്ടിലെ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗവും ഈ പാടശേഖരമായിരുന്നു. കാർഷിക സംസ്കാരത്തിന്റെ ഭാഗമായും സാമൂഹിക ഐക്യത്തിന്റെ പ്രതീകമായും മഞ്ഞക്കുഴി പാടങ്ങൾ പതിറ്റാണ്ടുകൾ നിലകൊണ്ടു. എന്നാൽ കാലക്രമേണ സ്ഥിതി മാറി. കാട്ടുപന്നികളുടെ രൂക്ഷമായ ആക്രമണവും കൃഷിനാശവും കർഷകരെ വലിയ പ്രതിസന്ധിയിലാക്കി. കൃഷിയിറക്കിയാൽ പോലും വിളവ് ലഭിക്കുമോയെന്ന ആശങ്ക വർധിച്ചതോടെ പലരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. ഒപ്പം കൂടുതൽ വരുമാനം ലഭിക്കുന്ന ഏലം കൃഷിയിലേക്കും മറ്റ് തോട്ടവിളകളിലേക്കും മാറിയതും നെൽകൃഷിയുടെ ഇടിവിന് കാരണമായി. ഒരിക്കൽ നൂറിലധികം കർഷകർ ഇവിടെ സജീവമായിരുന്നു. വളരെ കുറച്ച് പേരാണിപ്പോൾ നെൽകൃഷി തുടരുന്നത്. ഇലവുങ്കൽ ബെന്നി, ഒരിക്കൽ സാബു, ഓലിക്കൽ ബെന്നി, വാഴക്കാല പോൾ, വാഴക്കാല എൽദോസ്, പുത്തയത്ത് ഷിബു, പുത്തയത്ത് എൽദോസ് തുടങ്ങിയ ചുരുക്കം ചില കർഷകരാണ് ഇപ്പോഴും പാടശേഖരത്തിന്റെ പാരമ്പര്യം കൈവിടാതെ മുന്നോട്ടുകൊണ്ടുപോകുന്നത്. ജോലിക്കാർക്കും കർഷകർക്കും തിരക്കേറിയ ദിവസങ്ങളായിരുന്നു മുന്പെങ്കിൽ ഇന്ന് വല്ലപ്പോഴുമായി കൃഷി. സംരക്ഷിക്കാൻ ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെങ്കിൽ നെൽകൃഷി പൂർണമായും ഇല്ലാതാകുമെന്ന ആശങ്കയിലാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രാദേശിക ഭക്ഷ്യസുരക്ഷയ്ക്കും ജലസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നെൽപ്പാടങ്ങൾ നിർണായകമാണെന്ന് കർഷകരും കാർഷിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സർക്കാർ തലത്തിൽ പ്രത്യേക പദ്ധതികളും കാട്ടുമൃഗ ശല്യത്തിന് സ്ഥിരപരിഹാരവും ഉണ്ടായാൽ മഞ്ഞക്കുഴി പാടശേഖരം വീണ്ടും പഴയ പ്രതാപത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.









0 comments